ശുഭ മുദ്ഗല്‍ എയര്‍ ഇന്ത്യക്കെതിരെ; മുന്നറിയിപ്പില്ലാതെ യാത്ര ക്ലാസ് മാറ്റി

എയര്‍ ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യം ഉന്നയിച്ച് ട്വറ്ററിലുടെയായിരുന്നു ശുഭ മുദ്ഗലിന്റെ പ്രതിഷേധം.
ശുഭ മുദ്ഗല്‍ എയര്‍ ഇന്ത്യക്കെതിരെ; മുന്നറിയിപ്പില്ലാതെ യാത്ര ക്ലാസ് മാറ്റി

ന്യൂഡല്‍ഹി: ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ സേവനത്തെ വിമര്‍ശിച്ച് പ്രശസ്ത ഗായിക ശുഭ മുദ്ഗല്‍ രംഗത്ത്. ഒരു അറിയിപ്പും കൂടാതെ ബിസിനസ്സ് ക്ലാസ് ടിക്കറ്റ് ഇക്കോണമി ക്ലാസാക്കി മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ചാണ് ശുഭ മുദ്ഗല്‍ രംഗത്തുവന്നത്. ട്വിറ്ററിലുടെയാണ് ശുഭ മുദ്ഗല്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

മുംബൈയില്‍ നിന്നും ഗോവയിലേക്കുളള വിമാന യാത്രയ്ക്കിടയിലാണ് സംഭവം. എയര്‍ ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യം ഉന്നയിച്ച് ട്വറ്ററിലുടെയായിരുന്നു ശുഭ മുദ്ഗലിന്റെ പ്രതിഷേധം. ഒരു അറിയിപ്പും കൂടാതെ യാത്രാ ക്ലാസ് മാറ്റിയതിന് പുറമേ റീഫണ്ട് തരാന്‍ പോലും കമ്പനി തയ്യാറായില്ലെന്ന് ശുഭ മുദ്ഗല്‍ പ്രതികരിച്ചു. 

സംഭവം വിവാദമായതിന് പിന്നാലെ എയര്‍ ഇന്ത്യ ക്ഷമാപണം നടത്തി. ചില സാങ്കേതിക കാരണങ്ങളാല്‍  അസൗകര്യം നേരിട്ടതില്‍ ക്ഷമിക്കണമെന്ന് എയര്‍ ഇന്ത്യയുടെ മറുപടിയില്‍ പറയുന്നു. റീഫണ്ട് നടപടികള്‍ സ്വീകരിക്കുമെന്നും ട്വിറ്ററിലുടെ ശുഭ മുദ്ഗലിനെ എയര്‍ ഇന്ത്യ അറിയിച്ചു. സാധാരണ നിലയ്ക്ക് ചില സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ യാത്രാ ക്ലാസ് മാറ്റുമ്പോള്‍ തന്നെ യാത്രക്കാര്‍ക്ക്  ടിക്കറ്റ് കൗണ്ടറില്‍ നിന്നും അറിയിപ്പ് ലഭിക്കാറുണ്ട്. ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചു വരുകയാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com