രാജ്യത്ത് ഇന്ന് ഭീതിയുടെ രാഷ്ട്രീയം ; മോദി ഇന്ത്യയെ ഇരുണ്ട കാലത്തിലേക്ക് നയിക്കുന്നു :  രാഹുല്‍ ഗാന്ധി

കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ വരെ ആളുകളെ കൊല്ലുന്നു. രാജ്യത്തെ എല്ലാ കാര്യങ്ങളും ഒരാള്‍ തീരുമാനിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും രാഹുല്‍ കുറ്റപ്പെടുത്തി
രാജ്യത്ത് ഇന്ന് ഭീതിയുടെ രാഷ്ട്രീയം ; മോദി ഇന്ത്യയെ ഇരുണ്ട കാലത്തിലേക്ക് നയിക്കുന്നു :  രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്തശേഷം നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. രാജ്യത്ത് ഇന്ന് ഭീതിയുടെ രാഷ്ട്രീയമാണ് നിലനില്‍ക്കുന്നത്. രാജ്യത്തെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ വരെ ആളുകളെ കൊല്ലുന്നു. രാജ്യത്തെ എല്ലാ കാര്യങ്ങളും ഒരാള്‍ തീരുമാനിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 

കോണ്‍ഗ്രസ് രാജ്യത്തെ 21 ആം നൂറ്റാണ്ടിലേക്ക് നയിച്ചപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പിന്നോട്ടടിക്കുകയാണ് ചെയ്തത്. രാജ്യം ഇരുണ്ട കാലത്തിലേക്ക് കൂപ്പുകുത്തി. ജനങ്ങളെം ദ്രോഹിക്കാനാണ് ബിജെപി അധികാരത്തെ ഉപയോഗിക്കുന്നത്. വര്‍ഷങ്ങളായുള്ള രാജ്യത്തിന്‍രെ വിദേശ നയം മോദി സര്‍ക്കാര്‍ അട്ടിമറിച്ചു. രാജ്യം വളരണം എന്ന ലക്ഷ്യം സര്‍ക്കാര്‍ മറക്കുകയാണ്. ജനങ്ങളോടുള്ള വിശ്വാസം കൊണ്ടാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. സൗഹൃദത്തിന്റെ ഇന്ത്യയെ കെട്ടിപ്പടുക്കണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു. 

കോണ്‍ഗ്രസ് ആസ്ഥാനത്ത് രാവിലെ 11 മണിക്ക് നടന്ന ചടങ്ങിലായിരുന്നു രാഹുലിന്റെ സ്ഥാനാരോഹണം. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതായുള്ള സാക്ഷ്യപത്രം രാഹുലിന് കൈമാറി. തുടര്‍ന്ന് രാഹുലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തതായി ഔദ്യോഗിക പ്രഖ്യാപനവും നടത്തി. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വദ്ര, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരെല്ലാം സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിച്ചു. 

കോണ്‍ഗ്രസിന്റെ പതിനേഴാമത്തെ പ്രസിഡന്റാണ് നാല്‍പ്പത്തിയേഴുകാരനായ രാഹുല്‍ ഗാന്ധി. സോണിയാഗാന്ധിയില്‍ നിന്നാണ് രാഹുല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദം ഏറ്റെടുത്തത്. 19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ അധികാരമാറ്റം നടക്കുന്നത്. നെഹ്‌റു കുടുംബത്തിലെ അഞ്ചാം തലമുറയിലെ നേതാവാണ് രാഹുല്‍. രാഹുല്‍ കോണ്‍ഗ്രസ് തലപ്പത്തെത്തിയതോടെ, പാര്‍ട്ടി തലമുറ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com