രാഹുല്‍ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാവും: പ്രശംസയുമായി എല്‍കെ അഡ്വാനിയുടെ അനുയായി

രാഹുല്‍ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാവും: പ്രശംസയുമായി എല്‍കെ അഡ്വാനിയുടെ അനുയായി
രാഹുല്‍ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാവും: പ്രശംസയുമായി എല്‍കെ അഡ്വാനിയുടെ അനുയായി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാവുമെന്ന്, ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനിയുടെ അടുത്ത അനുയായിയും എഴുത്തുകാരനുമായ സുധീന്ദ്ര കുല്‍ക്കര്‍ണി. രാഹുലിന്റെ സ്ഥാനാരോഹണത്തോടെ ഇന്ത്യ ആവശ്യപ്പെടുന്ന ഒരു നേതാവ് ജനിച്ചിരിക്കുകയാണെന്ന് കുല്‍ക്കര്‍ണി അഭിപ്രായപ്പെട്ടു.

പുതിയൊരു നേതാവിന്റെ ജനനമാണിതെന്ന് ട്വീറ്ററില്‍ കുല്‍ക്കര്‍ണി പറഞ്ഞു. ഇന്ത്യ ആവശ്യപ്പെടുന്ന നേതാവിന്റെ ജനനമാണിത്. പൂര്‍ണാര്‍ഥത്തില്‍ ഗാന്ധിയനായ, പുതിയൊരു രാഷ്ട്രീയ തത്വശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന നേതാവിന്റെ ജനനം- കുല്‍ക്കര്‍ണി പറഞ്ഞു. സ്‌നേഹത്തിലും സേവനത്തിലും എല്ലാവരെയും ഒപ്പം നിര്‍ത്തുന്നതിലും സംവാദത്തിലും ഉറച്ചുനില്‍ക്കുന്ന ആശായാധിഷ്ഠിത രാഷ്ട്രീയമാണ് രാഹുല്‍ ഗാന്ധിയുടേത്. രാഹുല്‍ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാവുമെന്ന് തനിക്കു ബോധ്യമുണ്ട്. രാഹുല്‍ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാവേണ്ടതുണ്ടെന്നു തന്നെയാണ് താന്‍ കരുതുന്നതെന്നും സുധീന്ദ്ര കുല്‍ക്കര്‍ണി വ്യക്തമാക്കി.

എല്‍കെ അഡ്വാനിയുടെ അടുത്ത അനുയായിയായി അറിയപ്പെടുന്ന സുധീന്ദ്ര കുല്‍ക്കര്‍ണി ഏറെ നാളായി ബിജെപിയുമായി അകന്നുകഴിയുകയാണ്. അഡ്വാനി ബിജെപിയില്‍ ശക്തനായിരുന്ന കാലത്ത് പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചയാളാണ് കുല്‍ക്കര്‍ണി. നേരത്തെ എബി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന സമയത്ത് പിഎംഒയില്‍ ഒഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ആയി പ്രവര്‍ത്തിച്ചിട്ടുള്ള സുധീന്ദ്ര കുല്‍ക്കര്‍ണി അറിയപ്പെടുന്ന കോളമിസ്റ്റുമാണ്.

സ്ഥാനമേറ്റുകൊണ്ടു നടത്തിയ പ്രസംഗത്തിന്റെ പേരില്‍ രാഷ്ട്രീയ ഭേദമന്യേ വിവിധ കോണുകളില്‍നിന്നുള്ളവര്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ചു. ബിജെപിക്കാരെ കോണ്‍ഗ്രസ് സഹോദരന്മാരെപ്പോലെയാണ് കാണുന്നതെന്നും എന്നാല്‍ അതിനര്‍ഥം അവര്‍ പറയുന്നത് അംഗീകരിക്കുന്നു എന്നതല്ലെന്നും രാഹുല്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. ബിജെപി എല്ലാ ശബ്ദങ്ങളെയും ഇല്ലാതാക്കുകയാണ്. കോണ്‍ഗ്രസ് എല്ലാ ശബ്ദങ്ങളെയും അനുവദിക്കുന്ന പാര്‍ട്ടിയാണ്. രാജ്യത്തു രണ്ടു ആശയ ഗതിയാണുള്ളത്. അവനവനു വേണ്ടിയുള്ളതും മറ്റുള്ളവര്‍ക്കു വേണ്ടിയുള്ളതും. ബിജെപി അവനവനു വേണ്ടിയും കോണ്‍ഗ്രസ് ചുറ്റുമുള്ളവര്‍ക്കു വേണ്ടിയുമാണ് നില കൊള്ളുന്നത്. അതാണ് അടിസ്ഥാന വ്യത്യാസമെന്ന് രാഹുല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com