ഇനിയെങ്കിലും വിദ്വേഷരാഷ്ട്രീയം ഉപേക്ഷിക്കൂ ; തെരഞ്ഞെടുപ്പ് ഫലത്തോടെ മോദിയുടെ വിശ്വാസ്യത തകര്‍ന്നെന്നും രാഹുല്‍ ഗാന്ധി

വിദ്വേഷത്തിന്റെയും പണാധിപത്യത്തിന്റെയും രാഷ്ട്രീയം സ്‌നേഹത്തിനു മുന്നില്‍ ഒന്നുമല്ലെന്ന് ഗുജറാത്ത് ഫലം ബിജെപിക്ക് മനസ്സിലാക്കി കൊടുത്തു
ഇനിയെങ്കിലും വിദ്വേഷരാഷ്ട്രീയം ഉപേക്ഷിക്കൂ ; തെരഞ്ഞെടുപ്പ് ഫലത്തോടെ മോദിയുടെ വിശ്വാസ്യത തകര്‍ന്നെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്കു കനത്ത തിരിച്ചടിയാണ് ലഭിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ വിശ്വാസ്യത തകര്‍ന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. മോദിജിയുടെ മാതൃക ഗുജറാത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു. നിങ്ങളുടെ മാര്‍ക്കറ്റിംഗും പ്രചാരണവും വളരെ നല്ലതാണ്. പക്ഷെ അത് ഉള്ള് പൊള്ളയായതാണെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ബിജെപിയുടെ രാഷ്ട്രീയ പ്രചാരണ രീതി ഇനി ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ലെന്ന സൂചന കൂടിയാണ് തെരഞ്ഞെടുപ്പുഫലമെന്നും രാഹുല്‍ പറഞ്ഞു. 

കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്കു കൃത്യമായ മറുപടി നല്‍കാന്‍ പോലും ബിജെപിക്കായില്ല. തെരഞ്ഞെടുപ്പുഫലത്തോടെ മോദിയുടെയും ബിജെപിയുടെയും വിശ്വാസ്യത ചോദ്യചിഹ്നമായി. മോദിയുടെ രോഷപ്രകടനം ഇനി വിലപ്പോകില്ല. സ്‌നേഹം അതിനെ കീഴടക്കുമെന്നാണ് ഗുജറാത്ത് ഫലം തെളിയിക്കുന്നത്. വിദ്വേഷത്തിന്റെയും പണാധിപത്യത്തിന്റെയും രാഷ്ട്രീയം സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിനു മുന്നില്‍ ഒന്നുമല്ലെന്ന് ഗുജറാത്തിലെ ജനങ്ങള്‍ ബിജെപിക്ക് മനസ്സിലാക്കി കൊടുത്തുവെന്നും രാഹുല്‍ പറഞ്ഞു. 

വികസനത്തെക്കുറിച്ച് പറയുന്ന മോദി, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എന്തുകൊണ്ടാണ് ജിഎസ്ടിയും നോട്ട് നിരോധനവും പരാമര്‍ശിക്കാതിരുന്നതെന്ന് രാഹുല്‍ ചോദിച്ചു. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റേത് അഭിമാനാര്‍ഹമായ വിജയമാണ്. പാര്‍ട്ടിയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. ചെറിയ വ്യത്യാസത്തിനാണ് അധികാരം നഷ്ടമായത്. 1995 ല്‍ ബിജെപി ഗുജറാത്തില്‍ ആദ്യ സര്‍ക്കാരുണ്ടാക്കിയശേഷം, ഇതാദ്യമായാണ് ബിജെപിയുടെ ഭൂരിപക്ഷം നൂറിന് താഴേക്ക് പതിക്കുന്നത്. കഴിഞ്ഞ തവണ 115 സീറ്റുകളുണ്ടായിരുന്ന ബിജെപിയുടെ 16 സീറ്റുകളാണ് ഇത്തവണ നഷ്ടമായതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com