നിയമസഭ ഉപതെരഞ്ഞെടുപ്പ് : യുപിയിലും അരുണാചലിലും ബിജെപിക്ക് ജയം 

നിയമസഭ ഉപതെരഞ്ഞെടുപ്പ് : യുപിയിലും അരുണാചലിലും ബിജെപിക്ക് ജയം 

യുപിയിലെ സിക്കന്ദ്രയിലും അരുണാചലിലെ പക്കേ കെസാംഗ്, ലികാബലി സീറ്റുകളിലാണ് ബിജെപി വെന്നിക്കൊടി നാട്ടിയത് 

ലഖ്‌നൗ :  നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന യുപിയിലെയും അരുണാചലിലെയും മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയം. ഉത്തര്‍പ്രദേശിലെ സിക്കന്ദ്രയിലും അരുണാചല്‍ പ്രദേശിലെ പക്കേ കെസാംഗ്, ലികാബലി സീറ്റുകളിലാണ് ബിജെപി വെന്നിക്കൊടി നാട്ടിയത്. സിക്കന്ദ്രയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അജിത് പാല്‍ സിംഗ് 7000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സീമ സചനെ  തോല്‍പ്പിച്ചത്. 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഭാകറും, അഞ്ച് സ്വതന്ത്രരും അടക്കം 12 സ്ഥാനാര്‍ത്ഥികളാണ് സിക്കന്ദ്രയില്‍ ജനവിധി തേടിയത്. അസുഖത്തെത്തുടര്‍ന്ന് ബിജെപി എംഎല്‍എ മതുരപ്രസാദ് പാല്‍ മരിച്ചതിനെതുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മരുതപ്രസാദിന്റെ മകനാണ് വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി അജിത് പാല്‍ സിംഗ്. 

ആരോഗ്യമന്ത്രിയായിരുന്ന ജോംദെ കെനയുടെ മരണത്തെത്തുടര്‍ന്നാണ് അരുണാചലിലെ ലികബാലിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ 2908 വോട്ടുകള്‍ക്കാണ് ബിജെപിയുടെ കാര്‍ഡോ നിഗ്യോര്‍ വിജയിച്ചത്. കോണ്‍ഗ്രസിന്റെ മോദം ഡിനിയും പിപിഎയുടെ ഗുംഖൊ റിബയുമായിരുന്നു നിഗ്യോറിന്റെ എതിരാളികള്‍. 

പക്കേ കേസാംഗില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബിആര്‍ വാഘേയാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുന്‍ ഉപമുഖ്യമന്ത്രി കമേംഗ് ഡോളോയെയാണ് വാഘെ പരാജയപ്പെടുത്തിയത്. 2014 ല്‍ വിജയിച്ച ഡോളോക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന ആറ്റുംവെല്ലി നല്‍കിയ ഹര്‍ജിയില്‍, മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഗുവാഹത്തി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com