പശ്ചിമബംഗാളിലെ സബാംഗില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വമ്പന്‍ ജയം 

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗീതാ റാണി ഭൂനിയ 64,192 വോട്ടുകള്‍ക്കാണ് വിജയിച്ചത്
പശ്ചിമബംഗാളിലെ സബാംഗില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വമ്പന്‍ ജയം 

കൊല്‍ക്കത്ത : പശ്ചിമബംഗാളിലെ സബാംഗ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വമ്പന്‍ ജയം.  തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗീതാ റാണി ഭൂനിയ 64,192 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥി റിത മണ്ഡലാണ് രണ്ടാമത്. 

തൃണമൂല്‍ സ്ഥാനാര്‍ത്ഥി 1,06,179 വോട്ടുകള്‍ നേടിയപ്പോള്‍, സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 41,987 വോട്ടുകളാണ്. മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയുടെ അന്തര ഭട്ടാചാര്യ 37,476 വോട്ടുകള്‍ നേടി. 18,060 വോട്ടുകള്‍ നേടിയ കോണ്‍ഗ്രസിന്റെ ചിരഞ്ജീബ് ഭൗമിക നാലാമതാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 5000 വോട്ടുമാത്രം നേടിയ ബിജെപി ഇത്തവണ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഇത്തവണ ബിജെപി 37,476 വോട്ടുകളാണ് പെട്ടിയിലാക്കിയത്. 

കോണ്‍ഗ്രസ് നേതാവും സബാംഗ് എംഎല്‍എയുമായിരുന്ന മനസ് ഭൂനിയ ഈ വര്‍ഷം ആദ്യം എംഎല്‍എ സ്ഥാനം രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്നിരുന്നു. ഇതിനെതുടര്‍ന്നാണ് സബാംഗില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മനസ് ഭൂനിയയുടെ ഭാര്യ ഗീതാ റാണിയെയാണ് ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. മനസ് ഭൂനിയ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭാ എംപിയാണ്. മനസ് ഭൂനിയക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 49,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com