കുല്‍ഭൂഷന്റെ കുടുംബത്തെ അപമാനിച്ചത് ഇന്ത്യാ-പാക് ബന്ധം വഷളാക്കുന്നു ; നാളെ സഭയില്‍ വിശദീകരണം നല്‍കുമെന്ന് സുഷമ സ്വരാജ്

കുല്‍ഭൂഷന്റെ കുടുംബാംഗങ്ങളോട് പാകിസ്ഥാന്‍ പെരുമാറിയത് അങ്ങേയറ്റം  അപലപനീയമാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
കുല്‍ഭൂഷന്റെ കുടുംബത്തെ അപമാനിച്ചത് ഇന്ത്യാ-പാക് ബന്ധം വഷളാക്കുന്നു ; നാളെ സഭയില്‍ വിശദീകരണം നല്‍കുമെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി : ചാരവൃത്തി ആരോപിച്ച് പാക് ജയിലില്‍ കിടക്കുന്ന കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ അമ്മയെയും ഭാര്യയെയും അപമാനിച്ച സംഭവം ഇന്ത്യ-പാക് നയതന്ത്ര ബന്ധത്തെ വീണ്ടും വഷളാക്കുന്നു. കൂടിക്കാഴ്ചയ്ക്ക് കയറുന്നതിനു മുന്നേ കുല്‍ഭൂഷണിന്റെ ഭാര്യയുടെ പക്കല്‍ നിന്നും താലിമാല ഉള്‍പ്പടെയുള്ള ആഭരണങ്ങളും ഷൂവും ഊരി വാങ്ങിയത്, അവരെ അപമാനിക്കലാണെന്നാണ് ഇന്ത്യയുടെ നിലപാട്. കൂടാതെ സന്ദര്‍ശനശേഷം തിരികെ ഇറങ്ങിയിട്ടും കുല്‍ഭൂഷന്റെ ഭാര്യ ചേതനക്ക് ഷൂ തിരികെ നല്‍കിയില്ല. പകരം പുതിയ പാദരക്ഷയാണ് പാകിസ്ഥാന്‍ നല്‍കിയത്. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. 

വിഷയം ഇന്ന് പാര്‍ലമെന്റിലും ഉന്നയിക്കപ്പെട്ടു. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അടിയന്തര പ്രമേയ നോട്ടീസിലൂടെയാണ് വിഷയം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കുല്‍ഭൂഷന്റെ കുടുംബാംഗങ്ങളോട് പാകിസ്ഥാന്‍ പെരുമാറിയത് അങ്ങേയറ്റം അപലപനീയമാണ്. കുല്‍ഭൂഷനെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. തുടര്‍ന്ന് സംഭവത്തില്‍ വ്യാഴാഴ്ച സഭയില്‍ വിശദീകരണം നല്‍കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. 

ക്രിസ്മസ് ദിനത്തിലാണ് അമ്മ അവന്തി ജാദവിനും ഭാര്യ ചേതന്‍ കുളിനും ഇസ്ലാമാബാദിലെ വിദേശകാര്യമന്ത്രാലയത്തില്‍ വെച്ച് കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ പാക് ഉദ്യോഗസ്ഥര്‍ അവസരം ഒരുക്കിയത്. ഒരു ചില്ലുമറയ്ക്ക് അപ്പുറവും ഇപ്പുറവുമായി ഇരുന്നായിരുന്നു കൂടിക്കാഴ്ച. കുല്‍ഭൂഷണുമായി മാതൃഭാഷയില്‍ സംസാരിക്കാനും അനുമതി നല്‍കിയില്ല. കുല്‍ഭൂഷണിന്റേതു സമ്മര്‍ദത്തിന്റെ ശരീരഭാഷയായിരുന്നെന്നും പാക്കിസ്ഥാന്റെ നുണപ്രചാരണങ്ങള്‍ ഏറ്റുപറയിക്കുകയായിരുന്നെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com