ആസൂത്രണകമ്മീഷന് പകരം മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന നീതി ആയോഗ് പരാജയമോ?

പൊതുജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളെ അപേക്ഷിച്ച് മോശം പ്രകടനമാണ് നീതി ആയോഗ് കാഴ്ചവെച്ചിരിക്കുന്നതെന്ന്് സര്‍ക്കാര്‍ രേഖ
ആസൂത്രണകമ്മീഷന് പകരം മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന നീതി ആയോഗ് പരാജയമോ?

ന്യൂഡല്‍ഹി: ആസൂത്രണകമ്മീഷന് ബദലായി മോദി സര്‍ക്കാര്‍ അവതരിപ്പിച്ച നീതി ആയോഗ് കാര്യക്ഷമമല്ലെന്ന് റിപ്പോര്‍ട്ട്. പൊതുജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളെ അപേക്ഷിച്ച് മോശം പ്രകടനമാണ് നീതി ആയോഗ് കാഴ്ചവെച്ചിരിക്കുന്നതെന്ന്് സര്‍ക്കാര്‍ രേഖ വ്യക്തമാക്കുന്നു.  

2014 മുതല്‍ ഇതുവരെയുളള നീതി ആയോഗിന്റെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതുവരെ ലഭിച്ച പരാതികളില്‍ 54 ശതമാനത്തിന്റെ മാത്രമാണ് തീര്‍പ്പാക്കിയത്. 5883 പരാതികള്‍ ലഭിച്ചതില്‍ 2677 എണ്ണം ഇപ്പോഴും കെട്ടികിടക്കുന്നുവെന്ന് സാരം. ഇതില്‍ തന്നെ 774 പരാതികള്‍ ഒരു വര്‍ഷത്തിന് മുകളിലായതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

കേന്ദ്രസര്‍ക്കാരിന് കീഴിലുളള 52 മന്ത്രാലയങ്ങളെയും സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളെയും അപേക്ഷിച്ച് തീര്‍ത്തും മോശം പ്രകടനമാണ് നീതി ആയോഗ് കാഴ്ചവെച്ചിരിക്കുന്നത്. ഈ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളും ഒന്നാകെ 97 ശതമാനം പരാതികളിലും തീര്‍പ്പുകല്‍പ്പിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ആസൂത്രണരംഗത്തെ ഇന്ത്യയുടെ വിദഗ്ധ സമിതിയായ നീതി ആയോഗിന്റെ മോശം പ്രകടനം.

കല്‍ക്കരി മന്ത്രാലയം 84 ശതമാനം പരാതികളില്‍ തീര്‍പ്പു കല്‍പ്പിച്ചപ്പോള്‍ ബഹിരാകാശ വകുപ്പും ആദിവാസിക്ഷേമ വകുപ്പും  യഥാക്രമം 88 ശതമാനവും 93 ശതമാനവും പരാതികളില്‍ പരിഹാരം കണ്ടു.  ഈ കാര്യത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് വിദേശകാര്യമന്ത്രാലയമാണ്. 99 ശതമാനം പരാതികളാണ് വിദേശകാര്യമന്ത്രാലയം പരിഹരിച്ചത്. കുടിവെളള, ആരോഗ്യപരിപാലന മന്ത്രാലയവും സമാനമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com