കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി;  മേഘാലയിലും എംഎല്‍എമാര്‍ ബിജെപിയുടെ കൂടാരത്തിലേക്ക്

ത്രിപുരയ്ക്ക് പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയിലും കോണ്‍ഗ്രസിന് തിരിച്ചടി
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി;  മേഘാലയിലും എംഎല്‍എമാര്‍ ബിജെപിയുടെ കൂടാരത്തിലേക്ക്


ന്യൂഡല്‍ഹി:  ത്രിപുരയ്ക്ക് പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയിലും കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാര്‍ അടക്കം എട്ട് എംഎല്‍എമാര്‍ ബിജെപിയുടെ കൂടാരത്തിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇവര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. ബിജെപിയുടെ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേരാനാണ് നിയമസഭാ സാമാജികര്‍ തയ്യാറെടുക്കുന്നത്. ജനുവരി നാലിന് ഷില്ലോങ്ങില്‍ നടക്കുന്ന പൊതുറാലിയില്‍ ഇവര്‍ ഔദ്യോഗികമായി എന്‍പിപിയുടെ ഭാഗമാകും. അടുത്ത ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയില്‍ ഭരണം പിടിക്കാനുളള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് പുതിയ നീക്കം.

മേഘാലയില്‍ മുകുള്‍ സാംഗ്മയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാരാണ് അധികാരത്തില്‍.60 അംഗ നിയമസഭയില്‍ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ അംഗസഖ്യ 24 ആയി ചുരുങ്ങി. എങ്കിലും സ്വതന്ത്രരുടെ പിന്തുണയോടെ അവശേഷിക്കുന്ന മാസങ്ങളിലും കോണ്‍ഗ്രസിന് ഭരണത്തില്‍ തുടരാന്‍ സാധിക്കും. 

അഞ്ചു കോണ്‍ഗ്രസ് എംഎല്‍എമാര്‍ അടക്കം എട്ടുപേര്‍ സ്പീക്കര്‍ക്കാണ് രാജിക്കത്ത് കൈമാറിയത്. ഇതോടെ ഫ്രെബ്രുവരിയില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാകുമെന്നാണ് സൂചന. ബിജെപിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിലുളള എന്‍ഡിഎ സര്‍ക്കാരിന്റെ ഘടകകക്ഷിയാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി. മറ്റൊരു വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ സമാന മുന്നണിയാണ് ഭരണം നടത്തുന്നത്. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം അധികാരം പിടിക്കുക എന്നത് ബിജെപിയുടെ അജന്‍ണ്ടയാണ്. ഇതിന്റെ ഭാഗമായാണ് അരുണാചല്‍ പ്രദേശ് മണിപ്പൂര്‍ അസാം എന്നി സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലേത്തിയത്. ത്രിപൂരയില്‍ ത്രിണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുമുളള ഏഴു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. ഇവര്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നത് നീണ്ട കാലത്തെ പാരമ്പര്യമുളള പാര്‍ട്ടിയെ വലയ്ക്കുന്നു. ഇതിന് പിന്നാലെയാണ് മേഘാലയിലും കോണ്‍ഗ്രസില്‍ നിന്നുമുളള കൊഴിഞ്ഞുപോക്ക്. അടുത്ത മാസം ഷില്ലോങ്ങില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com