ഗുജറാത്തിലെ "ഭാഭി"യ്ക്കും നീതി ഉറപ്പാക്കണം ; മുത്തലാഖ് ചര്‍ച്ചയില്‍ മോദിയെ കുത്തി അസാദുദ്ദീന്‍ ഒവൈസി

മുത്തലാഖ് ബില്‍ മുസ്ലീങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ്. മുസ്ലീം വനിതകള്‍ക്ക് നേരെയുള്ള അനീതി വര്‍ധിക്കുമെന്നും ഒവൈസി
ഗുജറാത്തിലെ "ഭാഭി"യ്ക്കും നീതി ഉറപ്പാക്കണം ; മുത്തലാഖ് ചര്‍ച്ചയില്‍ മോദിയെ കുത്തി അസാദുദ്ദീന്‍ ഒവൈസി

ന്യൂഡല്‍ഹി : മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വൈവാഹിക ബന്ധത്തെ കുത്തി എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസി. 'മുത്തലാഖ് കുറ്റകരമാണെങ്കില്‍, രാജ്യത്ത് വിവിധ മതങ്ങളിലായി 20 ലക്ഷത്തോളം സ്ത്രീകള്‍ വൈവാഹികബന്ധം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഴിയുന്നുണ്ട്. അവര്‍ക്ക് കൂടി നീതി ഉറപ്പാക്കണം. ഗുജറാത്തിലെ നമ്മുടെ 'ഭാഭി' ഉള്‍പ്പെടെ.' ഒവൈസി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാര്യ യശോദ ബെന്നിനെയാണ് ഒവൈസി ഭാഭി എന്ന് വിശേഷിപ്പിച്ചത്. മോദി ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ സജീവമായതോടെ, നീണ്ട വര്‍ഷങ്ങളായി അദ്ദേഹത്തില്‍ നിന്നും അകന്ന് കഴിയുകയാണ് യശോധ ബെന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിലാണ് യശോദ വീണ്ടും ചര്‍ച്ചാവിഷയമായത്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന യശോദയ്ക്കും പ്രധാനമന്ത്രി നീതി ഉറപ്പാക്കണമെന്നാണ് അസാദുദ്ദീന്‍ ഒവൈസി ആവശ്യപ്പെട്ടത്. മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ വന്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ഒരംഗം മോദിയുടെ വൈവാഹിക ബന്ധവും പരാമര്‍ശിക്കുന്നത്. 

മുത്തലാഖ് ബില്‍ മുസ്ലീങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ്. അടിസ്ഥാന നിയമങ്ങളോടുപോലും ഇത് പൊരുത്തപ്പെടുന്നില്ല. മുസ്ലീം വനിതകള്‍ക്ക് നേരെയുള്ള അനീതി വര്‍ധിക്കാനാകും ബില്‍ ഉപകരിക്കുക. മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ ജയിലില്‍ അടച്ചാല്‍, പിന്നെ അയാള്‍ എങ്ങനെ സ്ത്രീക്ക് ചെലവിന് പണം നല്‍കുമെന്നും ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് കൂടിയായ ഹൈദരാബാദ് എംപി ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com