പത്ത് എംഎല്‍എമാരുമായി വന്നാല്‍ നല്ല സ്ഥാനം തരാം; നിതിന്‍ പട്ടേലിനെ ക്ഷണിച്ച് ഹാര്‍ദിക്

നിതിന്‍ പട്ടേലിനെ എതിര്‍ ചേരിയിലേക്ക് ക്ഷണിച്ച് പട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍.
പത്ത് എംഎല്‍എമാരുമായി വന്നാല്‍ നല്ല സ്ഥാനം തരാം; നിതിന്‍ പട്ടേലിനെ ക്ഷണിച്ച് ഹാര്‍ദിക്

അഹമ്മദാബാദ്: ഗുജറാത്ത് വകുപ്പ് വിഭജനത്തെച്ചൊല്ലി ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ എതിര്‍ ചേരിയിലേക്ക് ക്ഷണിച്ച് പട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍. പാര്‍ട്ടിയ്ക്ക് വേണ്ടി കഠിനാധ്വാനം നടത്തിയിട്ടും ബിജെപി പരിഗണിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന് തങ്ങള്‍ക്കൊപ്പം ചേരാമെന്ന് ഹാര്‍ദിക് പറഞ്ഞു.

മുതിര്‍ന്ന നേതാവായ നിതിന്‍ പട്ടേലിനെ ബിജെപി ബഹുമാനിക്കുന്നില്ല. അദ്ദേഹത്തിന് എല്ലാവരും പിന്തുണ നല്‍കണം. പത്ത് എംഎല്‍എമാരുമായി കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍ നല്ല സ്ഥാനം നല്‍കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ധനകാര്യവും നഗരവികസനും പെട്രോളിയം വകുപ്പും ലഭിക്കാതെ ചുമതലയേല്‍ക്കൂ എന്നാണ് നിതിന്‍ പട്ടേലിന്റെ നിലപാട്. മന്ത്രിസഭയിലെ രണ്ടാമനായ നിതിന്‍ പട്ടേല്‍ അവഗണന സഹിച്ച് മന്ത്രിസഭയില്‍ തുടരേണ്ടതില്ല എന്നാണ് അടുത്ത അനുയായികളുടെയും നിലപാട്. 

2016ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട നിതിന്‍ പട്ടേല്‍ അവസാന നിമിഷമാണ് പിന്തള്ളപ്പെട്ടത്. എന്നാല്‍ പട്ടേല്‍ സമുദായം എതിരാകുമെന്ന് ഭയന്ന് നിതിനെ ഉപമുഖ്യമന്ത്രിയാക്കുകയായിരുന്നു. ഇത്തവണയും അതേപടി തുടരാനാണ് ബിജെപി തീരുമാനിച്ചത്. എന്നാല്‍ ഉപമുഖ്യമന്ത്രിയായ തനിക്ക് ആഭ്യന്തര മന്ത്രി പദവി വേണമെന്ന് നിതിന്‍ ആവശ്യപ്പെട്ടു. പക്ഷേ വകുപ്പ് വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രി വിജയ് രൂപാണി തയ്യാറായില്ല. ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം,റോഡ് ആന്റ് ബില്‍ഡിങ് വകുപ്പുകള്‍ നല്‍കി നിതിനെ ഒതുക്കുകയായിരുന്നു. തുടര്‍ന്നാണ് നിതിന്‍ കലാപ കൊടി ഉയര്‍ത്തി സ്ഥാനമേല്‍ക്കാതെ മാറി നിന്നത്.

എന്നാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ഭരത് സിന്‍ഹ് സോളങ്കി പറഞ്ഞു. പട്ടേലിന്റെയും കുറച്ച് എംഎംഎമാരുടെയും പിന്തുണയുണ്ടെങ്കില്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സോളങ്കി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com