പാക് പലസ്തീന്‍ പ്രതിനിധി ഹഫീസ് സയിദിനൊപ്പം; കടുത്ത അതൃപ്തിയുമായി ഇന്ത്യ

പാക് പലസ്തീന്‍ പ്രതിനിധി ഹഫീസ് സയിദിനൊപ്പം; കടുത്ത അതൃപ്തിയുമായി ഇന്ത്യ
പാക് പലസ്തീന്‍ പ്രതിനിധി ഹഫീസ് സയിദിനൊപ്പം; കടുത്ത അതൃപ്തിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനൊപ്പം പാകിസ്ഥാനിലെ പലസ്തീന്‍ പ്രതിനിധി വേദി പങ്കിട്ടതിനെച്ചൊല്ലി വിവാദം. പലസ്തീന്‍ പ്രതിനിധിയുടെ നടപടിയിലുള്ള അതൃപ്തി പലസ്തീനെ അറിയിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഐക്യരാഷ്ട്ര സഭയില്‍ പലസ്തീന് അനുകൂലമായി ഇന്ത്യ വോട്ടുചെയ്തതിനു പിന്നാലെയാണ് നയതന്ത്ര പ്രതിനിധിയുടെ നടപടി.

റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ ദിഫാ ഇ പാകിസ്ഥാന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച റാലിയില്‍ വച്ചാണ് ഹാഫീസ് സയീദിനൊപ്പം പാകിസ്ഥാനിലെ പലസ്തീന്‍ പ്രതിനിധി വലീദ് അബു അലി വേദി പങ്കിട്ടത്. നയതന്ത്ര പ്രതിനിധിയുടെ നടപടിയിലുള്ള അതൃപ്തി ഇന്ത്യയിലെ പലസ്തീന്‍ അംബാസഡറെയും പലസ്തീന്‍ അധികൃതരെയും അറിയിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 

പലസ്തീന്‍ പ്രതിനിധിയും ഹാഫിസ് സയിദും വേദി പങ്കിടുന്നതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നാല്‍പ്പതോളം മതതീവ്രസ്വഭാവമുള്ള സംഘടനകളുടെയും കൂട്ടായ്മയാണ് ദിഫാ ഇ പാകിസ്താന്‍. ഹാഫീസ് സയീദാണ് ഈ കൂട്ടായ്മയുടെ തലവന്‍. നേരത്തെ ആഗോളഭീകരവാദിയായി ഐക്യരാഷ്ട്ര സംഘടന ഹാഫിസ് സയീദിനെ പ്രഖ്യാപിച്ചിരുന്നു. 

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കിയ യു എസ് തീരുമാനത്തിനെതിരെ പലസ്തീന് അനുകൂലമായി ഇന്ത്യ യു എന്‍ ജി എയില്‍ വോട്ടു ചെയ്തതിനു പിന്നാലെയുണ്ടായ നടപടി ഭരണവൃത്തങ്ങളില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com