മുത്തലാഖിനെതിരെ പോരാടിയ ഇസ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു

മുത്തലാഖ് വിഷയത്തില്‍ താന്‍ ബിജെപി നിലപാടിനെ പിന്തുണച്ചിരുന്നുവെന്നും പിന്നീട് ബിജെപിയില്‍ ചേരാന്‍ തീരുമാനിക്കുകയാരുന്നുവെന്നും ഇസ്രത് പറഞ്ഞു
മുത്തലാഖിനെതിരെ പോരാടിയ ഇസ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു


കൊല്‍ക്കത്ത: മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ ഇസ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു. ബംഗാളിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ ശനിയാഴ്ചയാണ് ഇസ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നത്. മുത്തലാഖ് വിഷയത്തില്‍ താന്‍ ബിജെപി നിലപാടിനെ പിന്തുണച്ചിരുന്നുവെന്നും പിന്നീട് ബിജെപിയില്‍ ചേരാന്‍ തീരുമാനിക്കുകയാരുന്നുവെന്നും ഇസ്രത് മാധ്യമങ്ങളോട് പറഞ്ഞു. 

ബിജെപി മഹിളാ മോര്‍ച്ചാ സംസ്ഥാന ധ്യക്ഷ ലോക്കെറ്റ് ചാറ്റര്‍ജിയാണ് ഇസ്രത് ജഹാനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. സ്രത്ത് ജഹാന്‍ സാമ്പത്തിക പ്രതിസന്ധികളില്‍ കൂടിയാണ് കടന്നുപോകുന്നതെന്നും ഇവര്‍ക്ക് ജോലി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ലോകെറ്റ് ചാറ്റര്‍ജി പറഞ്ഞു. 

മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ തന്റെ ജീവിതം കൂടുതല്‍ ദുഷ്‌കരമായെന്ന് ഇസ്രത്ത് ജഹാന്‍ പറയുന്നു. താന്‍ കൂടുതല്‍ സാമൂഹ്യ ഒറ്റപ്പെടലിന് വിധേയായി. ചിലര്‍ താന്‍ ഇസ്ലാമിക നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നുവെന്ന് കരുതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി. 

ബംഗാള്‍ സ്വദേശിനിയായ ഇസ്രത്തിനെ ഭര്‍ത്താവ് മുര്‍ത്താസ ദുബായില്‍നിന്ന് ഫോണില്‍വിളിച്ച് മുത്തലാഖ് ചൊല്ലുകയായിരുന്നു. 2014 ഏപ്രിലിലാണ് 15 വര്‍ഷം നീണ്ട ദാമ്പത്യജീവിതം അവസാനിച്ചത്. എന്നാല്‍ ഈ മൊഴിചൊല്ലല്‍ തനിക്ക് സ്വീകാര്യമല്ലെന്നുകാണിച്ച് ഇസ്രത്ത് കോടതിയെ സമീപിച്ചു. ഇസ്രത്ത് ജഹാന്റേതടക്കം മുത്തലാഖിലൂടെ വിവാഹമോചിതരായ അഞ്ച് മുസ്‌ലിം സ്ത്രീകളുടേതുള്‍പ്പെടെ ഏഴ് ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചത്. അതിന് പിന്നാലെതന്നെ കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിരോധന ബില്‍ പാസാക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com