മഹാരാഷ്ട്ര: ഭരണപക്ഷം നേര്‍ക്കുനേര്‍, പ്രതിപക്ഷത്തും തമ്മിലടി

ബിജെപിയും ശിവസേനയും നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഗ്രൂപ്പുപോരില്‍ വലഞ്ഞ് കോണ്‍ഗ്രസ് 
മഹാരാഷ്ട്ര: ഭരണപക്ഷം നേര്‍ക്കുനേര്‍, പ്രതിപക്ഷത്തും തമ്മിലടി

രണ്ടു വര്‍ഷത്തിനപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ ആയാണ് മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍ ഒന്നിച്ചു ഭരണം നടത്തിയ ബിജെപിയും ശിവസേനയും തമ്മിലുള്ള പോരാട്ടം എന്ന നിലയിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് ശ്രദ്ധ നേടിയത്. ബിജെപിയും സേനയും തമ്മില്‍ പോരടിക്കുന്നതിനിടെ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നും ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. എന്നാല്‍ ഇത്തരം വിലയിരുത്തലുകളെ അപ്രസക്തമാക്കും വിധമുള്ള തമ്മിലടിയാണ് പ്രതിപക്ഷ പാര്‍ട്ടിയില്‍. കടുത്ത ഗ്രൂപ്പിസവും വിമത ശല്യവും മൂലം പ്രചാരണ രംഗത്തുതന്നെ പിന്നിലായിരുന്നു കോണ്‍ഗ്രസ്.


പിസിസി അധ്യക്ഷന്‍ അശോക് ചവാനു തന്നെ പ്രചാരണത്തിനിടെ പാര്‍ട്ടി ഗ്രൂപ്പു വഴക്കിന്റെ ചൂടറിയേണ്ടി വന്നു. നാഗ്പുരില്‍ പ്രചാരണത്തിനിടെ ഒരുപറ്റം ആളുകള്‍ ചവാനു നേര്‍ക്ക് മഷിയെറിഞ്ഞു. മുഖത്തു മഷിപറ്റിയ ചവാന്‍ ആരോപിച്ചത് ബിജെപിയും ആര്‍എസ്എസുമാണ് ആക്രമണത്തിനു പിന്നിലെന്നാണ്. എന്നാല്‍ പിന്നീടു വന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സതീഷ് ചതുര്‍വേദിയുമായി അടുത്ത ബന്ധമുള്ളവരാണ് ചവാനുനേരെ ആക്രമണം നടത്തിയത് എന്നാണ് സൂചനകള്‍. ചതുര്‍വേദിക്കു സ്വാധീനമുള്ള മേഖലയില്‍ വച്ചായിരുന്നു ചവാന്റെ റാലിയിലേക്കു മഷിയേറു വന്നത്. 
പൂനെയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പോസ്റ്റര്‍ യുദ്ധമാണ് കോണ്‍ഗ്രസിനു തലവേദനയുണ്ടാക്കിയത്. കോമണ്‍വെല്‍ത്ത് അഴിമതിയില്‍ പെട്ട സുരേഷ് കല്‍മാഡിയെ പാര്‍ട്ടി നേതൃത്വത്തിലേക്കു തിരിച്ചുകൊണ്ടുവരണം എന്നാണ് ഒരു വിഭാഗത്തിന്റെ പോസ്റ്ററുകളിലെ മുഖ്യ ആവശ്യം.

ഇതിനു പിന്നാലെ കല്‍മാഡിക്കെതിരെയും പോസ്റ്ററുകള്‍. പാര്‍ട്ടി ടിക്കറ്റുകള്‍ പണം വാങ്ങി വില്‍ക്കുകയായിരുന്നുവെന്ന ആരോപണവും പൂനെയില്‍ ഉയര്‍ന്നിട്ടുണ്ട്. 
ബിജെപിയുമായി ഉടക്കിയ ശിവസേനയുമായി രഹസ്യധാരണയുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്ന മറ്റൊരു വിവാദം. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ ശിവസേന മത്സരിക്കുന്ന ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതായും ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com