യുപിയില്‍ മിണ്ടുന്നേയില്ലാരും, വിഭജനത്തെപ്പറ്റി

സംസ്ഥാന വിഭജനത്തില്‍ പാര്‍ട്ടികള്‍ പിന്നോട്ട്പ്രകടന പത്രികയില്‍ വിഭജനത്തെക്കുറിച്ച് പരമാര്‍ശമില്ല 
28FEB2015PTI21_29-04-2015_20_0_1
28FEB2015PTI21_29-04-2015_20_0_1

അഞ്ചു വര്‍ഷംമുമ്പു വരെ ഉത്തര്‍പ്രദേശിലെ ചൂടേറിയ തെരഞ്ഞെടുപ്പു വിഷയമായിരുന്നു വിഭജനം. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തെ ചെറു സംസ്ഥാനങ്ങളായി വിഭജിക്കുക. 2007ല്‍ ബിഎസ്പിയുടെ ഭരണകാലത്ത് ഈ ആവശ്യം ഉയര്‍ത്തി പ്രമേയം പാസാക്കിയിട്ടുണ്ട്്, സംസ്ഥാന നിയമസഭ. യുപിയെ ഹരിത പ്രദേശ്, പൂര്‍വാഞ്ചല്‍, ബുന്ദേല്‍ഖണ്ഡ്, ഔധ് എന്നിങ്ങനെ വിഭജിക്കാനായിരുന്നു പ്രമേയത്തിലെ ആവശ്യം. സമാജ് വാദി പാര്‍ട്ടി ഒഴികെ സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികളെല്ലാം പ്രമേയത്തെ ഉപാധിയില്ലാതെ പിന്തുണയ്ക്കുകയും ചെയ്തു. അഞ്ചു വര്‍ഷത്തിനിപ്പുറം പക്ഷേ, യുപി പോളിങ് ബൂത്തിലേക്കു നീങ്ങുമ്പോള്‍ എവിടെനിന്നും കേള്‍ക്കുന്നില്ല വിഭജനം എന്ന മുദ്രാവാക്യം.
ബിഎസ്പിയും മായാവതിയും തന്നെയായിരുന്നു യുപി വിഭജന മുദ്രാവാക്യത്തിന്റെ മുഖ്യ വക്താക്കള്‍. ചെറിയ സംസ്ഥാനങ്ങളെ മെച്ചപ്പെട്ട രീതിയില്‍ ഭരിക്കാനാവും എന്നതായിരുന്നു അതിന് അവര്‍ ന്യായമായി പറഞ്ഞത്. മന്ദഗതിയിലായ വികസനവും തകര്‍ന്ന ക്രമസമാധാന നിലയും ചൂണ്ടിക്കാട്ടി എസ്പിയെ എതിരിട്ട ബിഎസ്പിയുടെ, 2012ലെ പ്രധാന പ്രചാരണവിഷയങ്ങളിലൊന്നായിരുന്നു വിഭജനം. ഇക്കുറി പക്ഷേ ഇക്കാര്യം എവിടെയും പരാമര്‍ശിക്കുന്നേയില്ല മായാവതി.
മായാവതി സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ച ബിജെപി എക്കാലത്തും മുന്നോട്ടുവച്ച ആശയങ്ങളിലൊന്നാണ് ചെറിയ സംസ്ഥാനങ്ങള്‍ എന്നത്. എന്‍ഡിഎ ഭരണത്തിലിരിക്കുമ്പോഴാണ് യുപിയെ വിഭജിച്ച് ഉത്തരാഖണ്ഡും ബിഹാറില്‍നിന്് ഝാര്‍ഖണ്ഡും മധ്യപ്രദേശില്‍നിന്ന് ഛത്തിസ്ഗഢും രൂപീകരിച്ചത്. അതുകൊണ്ടുതന്നെ ഇക്കുറി ബിജെപിയുടെ പ്രകടനപത്രികയില്‍ യുപി വിഭജനം ഇടംപിടിക്കുമെന്നായിരുന്നു പൊതുവേ പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ ബുന്ദേല്‍ഖണ്ഡിനും പൂര്‍വാഞ്ചലിനും പ്രത്യേകമായി വികസന ബോര്‍ഡുകള്‍ രൂപീകരിക്കുമെന്ന വാഗ്ദാനത്തില്‍ ബിജെപി വിഭജന വിഷയത്തെ ഒതുക്കി.


മായാവതിയുടെ പ്രമേയത്തെ പിന്തുണച്ചെങ്കിലും അതിനെ ശക്തമായി എതിര്‍ത്ത എസ്പിയുടെ കൂട്ടുകെട്ട് ഉള്ളതുകൊണ്ടാവണം, കോണ്‍ഗ്രസ് ഇപ്പോള്‍ വിഭജനവിഷയത്തില്‍ തികഞ്ഞ മൗനത്തിലാണ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് വിഭജിച്ച് ഹരിതപ്രദേശ് രൂപീകരിക്കും എന്നത് ആയിരുന്നു, കഴിഞ്ഞ കുറെക്കാലമായുള്ള തെരഞ്ഞെടുപ്പുകളില്‍ അജിത് സിങ്ങിന്റെ ആര്‍എല്‍ഡിയുടെ മുഖ്യ വാഗ്ദാനം. ഇത്തവണ അജിത് സിങ്ങും തയാറല്ല, വിഭജനത്തെത്തൊട്ടു കളിക്കാന്‍. ആര്‍എല്‍ഡി മാത്രമല്ല, രാജാ ബുന്ദേലയുടെ ബുന്ദേല്‍ഖണ്ഡ് കോണ്‍ഗ്രസ്, കല്യാണ്‍ സിങ് രൂപീകരിച്ച ജന്‍ ക്രാന്തി പാര്‍ട്ടി, അമര്‍ സിങ്ങ് സൃഷ്ടിച്ച രാഷ്ട്രീയ ലോക് മഞ്ച്, അയൂബ് ഖാന്റെ പീസ് പാര്‍ട്ടി തുടങ്ങി കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ വിഭജനത്തിനു വേണ്ടി വാദിച്ചിരുന്നവരെല്ലാം ഇത്തവണ തന്ത്രപരമായ മൗനത്തിലാണ്. 
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിഭജനത്തെ എതിര്‍ത്ത എസ്പിക്കുണ്ടായ വമ്പന്‍ ജയമാണ് പാര്‍ട്ടികളെ ഇത്തരമൊരു പിന്‍മാറ്റത്തിനു പ്രേരിപ്പിച്ചത് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. വിഭജനത്തെ പ്രചാരണത്തില്‍ മുന്‍പന്തിയിലേക്കു കൊണ്ടുവന്ന ബിഎസ്പിക്ക് കഴിഞ്ഞതവണയുണ്ടായത് ഞെട്ടിക്കുന്ന തോല്‍വിയാണ്. 206ല്‍നിന്ന് അവരുടെ അംഗബലം 80ലേക്കു താഴ്ന്നു. മറ്റു ചെറുപാര്‍ട്ടികള്‍ സ്വന്തം സ്വാധീനമേഖലകളില്‍ പോലും പിന്തള്ളപ്പെട്ടു. വിഭജനത്തിന് ജനങ്ങള്‍ എതിരാണ് എന്ന പൊതുധാരണയിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുഫലത്തിലൂടെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ എത്തിയത്. ഇത്തവണ ആരും വിഭജനത്തെക്കുറിച്ച് മിണ്ടാത്തതിനു കാരണവും അതുതന്നെ.
വികസനത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം പിന്നാക്കം നില്‍ക്കുന്ന യുപി മേഖലകള്‍ പോലും എന്തുകൊണ്ട് വിഭജനത്തെ എതിര്‍ക്കുന്നു എന്നത് നേതാക്കള്‍ക്ക് ഇനിയും പിടികിട്ടാത്ത കാര്യമാണ്. രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലൊന്ന് എന്ന ബഹുമതി കൈവിട്ടുകളയാന്‍ യുപിയിലെ ജനങ്ങള്‍ തയാറല്ല എന്നതാവാം അതിനു കാരണമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com