തമിഴ്‌നാട് ജനത പറയുന്നു:കുറച്ചുദിവസംകൂടി കിട്ടിയിരുന്നെങ്കില്‍

jallikattu-main003
jallikattu-main003

തമിഴ്‌നാട് ജനത പറയുന്നു:
കുറച്ചുദിവസംകൂടി കിട്ടിയിരുന്നെങ്കില്‍

തമിഴ്‌നാട് രാഷ്ട്രീയം കുത്തിമറിച്ചിലുകളിലൂടെ നടന്നു നീങ്ങുമ്പോള്‍ തമിഴ് ജനത ശാന്തരായി നില്‍ക്കുകയായിരുന്നു. ചിന്നമ്മ ശശികലയുടെ ജയില്‍ പ്രവേശനസമയത്തെങ്കിലും എന്തെങ്കിലും പ്രതീക്ഷിക്കാവുന്നതായിരുന്നു. പക്ഷെ, തമിഴ് ജനത ശാന്തത കൈവിട്ടില്ല. നേതൃനിരയിലുള്ളവര്‍ക്കല്ലാതെ തമിഴ് ജനതയ്ക്ക് അവരുടെ ജീവിതരീതിയിലൊന്നും വ്യത്യാസമില്ലാതെ തുടര്‍ന്നു.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ താളത്തിനൊത്ത് തുള്ളുന്ന തമിഴ് ജനതയെ കണ്ട് ശീലിച്ചവരെ തമിഴ് ജനത ഇത്തവണ ഞെട്ടിച്ചു. തമിഴ്‌നാട്ടിലെ സാധാരണക്കാരായ ആളുകളോട് സംസാരിച്ചതില്‍നിന്നും മനസ്സിലായത്; ഭരണം ആരു വേണമെങ്കിലും നടത്തിക്കോട്ടെ, ഞങ്ങള്‍ക്ക് ഇങ്ങനെയൊക്കെ മതി എന്നായിരുന്നു.
രാഷ്ട്രീയക്കളികളില്‍ രാഷ്ട്രീയക്കാര്‍ മുഴുവന്‍ നീങ്ങുമ്പോള്‍ ഭരണം അവതാളത്തിലായെന്ന രാഷ്ട്രീയപരാതിയൊന്നും അവര്‍ക്കില്ല. ഭരണപ്രതിസന്ധിയുള്ള ഈ സമയത്ത് ജനങ്ങള്‍ക്ക് ആവശ്യമുള്ളത് എന്തെങ്കിലും നടക്കുന്നുണ്ടെന്നാണ് തിരുനെല്ലി സ്വദേശിയായ പെരുമാളിന്റെ അഭിപ്രായം.
''ആരു ഭരിച്ചാലും ഒരു സര്‍ട്ടിഫിക്കറ്റിന് പോയാല്‍ ഉദ്യോഗസ്ഥര്‍ പണം ചോദിക്കും. പണം കൊടുത്താലും ചിലപ്പോഴൊന്നും നടക്കില്ല. ഇപ്പോ ആ പ്രശ്‌നമില്ല. കാര്യങ്ങളെല്ലാം വളരെ പെട്ടെന്നാണ് നടന്നു കിട്ടുന്നത്.'' പെരുമാളിന്റെ വാക്കുകള്‍.
വല്‍സരവാകം സ്വദേശി സെന്തിലിനും എതിരഭിപ്രായമില്ല. ഈ പ്രതിസന്ധി കുറച്ചുകൂടി നീണ്ടുപോയിരുന്നെങ്കില്‍ എന്നാണ് സെന്തിലിന്റെ ആഗ്രഹം. അങ്ങനെയാണെങ്കില്‍ കുറച്ചുകാര്യങ്ങള്‍കൂടി നടത്തിയെടുക്കാനുണ്ടത്രെ സെന്തിലിന്. പലരും രാഷ്ട്രീയക്കുഴമറിച്ചിലുകളുടെ കാര്യത്തില്‍ ശ്രദ്ധിക്കാറേയില്ലെന്നാണ് പറയുന്നത്. വെല്ലൂര്‍ സ്വദേശി ലക്ഷ്മിയുടെ അഭിപ്രായത്തില്‍: ''നേതാക്കന്മാര്, പിന്നെ അതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ആളുകള്, പിന്നെ പത്രക്കാര്... അവര്‍ക്കൊക്കെ ഒരു രസം. ഞങ്ങള്‍ക്കെന്താ? എല്ലാ ദിവസവും ഒരുപോലെത്തന്നെ.''
തമിഴ്‌നാടിന്റെ അമ്മ ജയലളിതയുടെ വിയോഗത്തോടെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി തമിഴ്‌നാട് മാറിയതാണ്. അമ്മയുടെ വിയോഗത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നവരുടെ കണക്കുകളാണ് പലരും അന്വേഷിച്ചത്. എന്നാല്‍ ഏതാനുംപേരില്‍ മാത്രം അത് ഒതുങ്ങി. ആ സമയത്ത് മറ്റു പല കാരണങ്ങളാലും മരിച്ചവരുടെ പേരുകള്‍വരെ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ കണക്കുകള്‍ രേഖപ്പെടുത്തിയത്. കുടുംബത്തിന് സാമ്പത്തികസഹായം ലഭിക്കുന്നതിനാല്‍ പലരും എതിരു പറയാതിരുന്നതാണെന്നും ചിലര്‍ പറഞ്ഞു.
ജയലളിതയുടെ മരണം സംബന്ധിച്ചുണ്ടായ അഭ്യൂഹങ്ങളായിരുന്നു പിന്നീട് വാര്‍ത്തകളില്‍ തമിഴ്‌നാടിന് സ്ഥാനം കൊടുത്തത്. അതിനുപിന്നാലെ ബ്രേക്കിംഗ് ന്യൂസുകള്‍കൊണ്ട് വാര്‍ത്താ ചാനലുകളുടെ ഒബി വാനുകളെ തമിഴ്‌നാട് പിടിച്ചുവച്ചു. കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തില്‍നിന്നും ഭരണം സ്വന്തം കൈകളിലേക്ക് എത്തിക്കാന്‍ ശശികല എന്ന ചിന്നമ്മ ശ്രമം ആരംഭിച്ചതോടെ മുഴുവന്‍ ശ്രദ്ധയും തമിഴ്‌നാട്ടിലേക്കായി. ചിന്നമ്മ എം.എല്‍.എമാരെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ച് തന്റെ മുഖ്യമന്ത്രിമോഹത്തെ പോറ്റിവളര്‍ത്തി. അപ്പോഴും തമിഴ്‌നാട്ടില്‍നിന്നും കണ്ണെടുക്കാതെ പ്രേക്ഷകര്‍ നിന്നു. പക്ഷെ, ചിന്നമ്മയുടെ സമയം നല്ലതല്ലായിരുന്നില്ല. ചിന്നമ്മ ജയിലിലേക്ക് പോയപ്പോള്‍ പല സ്ഥലങ്ങളിലും അക്രമം നടക്കുമെന്ന് കരുതിയെങ്കിലും തമിഴ്‌നാട്ടില്‍ ഒറ്റപ്പെട്ട സംഭവംപോലും ഉണ്ടായില്ല. രാഷ്ട്രീയക്കാരുടെ ഇടയില്‍ മാത്രം ഒതുങ്ങുകയായിരുന്നു.
തമിഴ് ജനത മാറിക്കൊണ്ടിരിക്കുകയാണ് എന്നതിന്റെ സൂചനകളില്‍ ഇതില്‍ ഒതുങ്ങുന്നില്ല. അടുത്തിടെ വിദേശ കോള കമ്പനികളുടെ ഉല്‍പന്നങ്ങളെ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തെ തമിഴ് ജനത ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ച് നടപ്പാക്കിയത്. തമിഴ്‌നാടിന്റെ സ്വന്തം പാനീയങ്ങള്‍മാത്രം ഉപയോഗിച്ചും വില്‍പന നടത്തിയും തമിഴ് ജനത ആ തീരുമാനത്തെ ഏറ്റുവാങ്ങി. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും തീരുമാനമായിരുന്നില്ല ഇതെന്നും ശ്രദ്ധേയമാണ്. ജെല്ലിക്കെട്ടിനെതിരെ ശബ്ദമുയര്‍ന്നപ്പോള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും ആഹ്വാനപ്രകാരമായിരുന്നില്ല തമിഴ് ജനത പ്രക്ഷോഭം തുടങ്ങിയത്. പിന്നാലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുകയായിരുന്നു. തമിഴ് ജനത മാറുക തന്നെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com