എബിവിപിക്കെതിരെ ക്യാംപെയ്ന്‍; ഗുര്‍മേഹറിന് മറുപടിയുമായി സെവാഗ്‌

എബിവിപിയെ ഭയമില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയ ഗുര്‍മേഹറിന് മറുപടിയുമായി സെവാഗ്
എബിവിപിക്കെതിരെ ക്യാംപെയ്ന്‍; ഗുര്‍മേഹറിന് മറുപടിയുമായി സെവാഗ്‌

ന്യൂഡല്‍ഹി: എബിവിപിയെ ഭയമില്ലെന്ന് പ്രഖ്യാപിച്ച്‌ ഗുര്‍മേഹര്‍ കൗര്‍ എന്ന പെണ്‍കുട്ടി തുടങ്ങിവെച്ച ക്യാംപെയ്‌നെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ വിദ്യാര്‍ഥി സംഘടനകള്‍ നിലപാടെടുക്കുന്നതിന് പന്നാലെ പ്രതികരണവുമായി മറ്റു പ്രമുഖരും രംഗത്ത്. 

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃതു വരിച്ച സൈനീകന്റെ മകളായ ഗുര്‍മേഹറിനെ വിമര്‍ശിച്ചായിരുന്നു കേന്ദ്ര മന്ത്രി കിരണ്‍ റിജിജു രംഗത്തെത്തിയതെങ്കില്‍, ഗുര്‍മേഹറിനെ പരിഹസിക്കുന്ന രീതിയിലുള്ള പ്രതികരണമായിരുന്നു മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്റെ ഭാഗത്തുനിന്നുമുണ്ടായത്. 

എബിവിപിയെ ഭയമില്ലെന്ന പ്ലക്കാര്‍ഡിനു പുറമെ തന്റെ പിതാവിന്റെ ജീവനെടുത്തത് യുദ്ധമാണ്, പാക്കിസ്ഥാനല്ലെന്ന ഫോട്ടോയും ഗുര്‍മേഹര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നു. ഇതിന് മറുപടിയുമായാണ് സെവാഗ് ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്രിപ്പിള്‍ സെഞ്ചുറിയടിച്ചത് താനല്ല, തന്റെ ബാറ്റാണ് എന്നെഴുതിയ പ്ലെക്കാര്‍ഡ് പിടിച്ചുള്ള ഫോട്ടായാണ് ഗുര്‍മേഹറിന് സെവാഗിന്റെ മറുപടി.

സെവാഗിന്റെ ട്വീറ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകയായ ഭര്‍ഖാ ദത്ത് ഉള്‍പ്പെടെയുള്ളവര്‍ സെവാഗിനെതിരെ വിമര്‍ശനവുമായി മുന്നോട്ടുവന്നു.

ഗുര്‍മേഹറിന്റെ പേരോ, ഡല്‍ഹി സര്‍വകലാശാലയില്‍ നടക്കുന്ന പ്രശ്‌നങ്ങളോ ഒന്നും പരാമര്‍ശിക്കാതെയായിരുന്നു സെവാഗിന്റെ ട്വീറ്റ്. എന്നാല്‍ ഗുര്‍മേഹറിന് നേരെ വിമര്‍ശനവുമായാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു രംഗത്തെത്തിയത്. എബിവിപിക്കെതിരെ ഗുര്‍മേഹര്‍ ആരംഭിച്ച സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ രാഷ്ട്രീയപ്രേരിതമാണെന്ന് കേന്ദ്ര മന്ത്രി ട്വിറ്ററിലൂടെ വിമര്‍ശിച്ചു. 

ഗുര്‍മേഹറിന്റെ ചിന്തകളെ ദുഷിപ്പിക്കുന്നത് ആരാണെന്നായിരുന്നു ട്വിറ്ററിലൂടെ കിരണ്‍ റിജിജു ഉന്നയിച്ച ചോദ്യം. തന്റെ പിതാവിന്റെ ജീവനെടുത്തത് യുദ്ധമാണെന്ന ഗുര്‍മേഹറിന്റെ നിലപാടിനേയും കേന്ദ്ര മന്ത്രി വിമര്‍ശിച്ചു. ഇന്ത്യ ഒരു രാജ്യത്തേയും ആക്രമിച്ചിട്ടില്ല. പക്ഷെ ഇന്ത്യയെ ഇങ്ങോട്ട് വന്നു ആക്രമിക്കുകയാണ് ഉണ്ടായിട്ടുള്ളതെന്നും കിരണ്‍ റിജിജു ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com