മാഹി മാത്രമല്ല, ചണ്ഡിഗഢുമുണ്ട് കൂടെ

ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ മദ്യശാലകളും അടച്ചിടേണ്ടി വരും
മാഹി മാത്രമല്ല, ചണ്ഡിഗഢുമുണ്ട് കൂടെ

ചണ്ഡിഗഢ്: ഏപ്രില്‍ ഒന്നു മുതല്‍ മയ്യഴിയുടെ അതേ ഗതിയാവും ചണ്ഡിഗഢിനും. പേരിനു പോലും ഒരു മദ്യവില്‍പ്പനശാല ഉണ്ടാവില്ല ഇവിടെ. ഇതു പക്ഷേ ചണ്ഡിഗഢുകാര്‍ ആഗ്രഹിച്ചതല്ല, അതുകൊണ്ട് മദ്യശാലകളെ എങ്ങനെ നിലനിര്‍ത്താം എന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചിരിക്കുകയാണ് ഭരണകൂടം.

ദേശീയ, സംസ്ഥാനപാതകള്‍ക്കു സമീപം മദ്യശാലകള്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയാണ് മയ്യഴിക്കും ചണ്ഡിഗഢിനും ഒരുപോലെ തിരിച്ചടിയായിരിക്കുന്നത്. ചണ്ഡിഗഢിലെ എല്ലാ പ്രധാന റോഡുകളും ഈ വിധിയുടെ പരിധിയില്‍ വരുന്നവയാണ്. ഒരു ദേശീയ പാത മാത്രമേ ചണ്ഡിഗഢിലൂടെ കടന്നുപോവുന്നുള്ളൂ. എന്നാല്‍ മറ്റു പ്രധാന റോഡുകളെല്ലാം സംസ്ഥാനപാതകളാണ്. അതുകൊണ്ടുതന്നെ വിധി നടപ്പാക്കുമ്പോള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മദ്യശാലകളും അടച്ചിടേണ്ടിവരും.

ഇരുപതു കൊല്ലം മുമ്പാണ് കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഢിലെ ദേശീയ പാത ഒഴികെയുള്ള എല്ലാ റോഡുകളെയും സംസ്ഥാനപാതകളായി പ്രഖ്യാപിച്ചത്. മുനിസിപ്പില്‍ കോര്‍പ്പറേഷന് റോഡ് പരിപാലനത്തിനുള്ളള ഫണ്ടു കണ്ടെത്താനാവാത്ത സാഹചര്യത്തിലായിരുന്നു അത്. സംസ്ഥാനപാതകളായതോടെ പരിപാലനം കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയിലേക്കു മാറി. റോഡുകളുടെ അറ്റകുറ്റപ്പണിയെല്ലാം പിന്നീട് മുനിസിപ്പാലിറ്റിയിലേക്കു മാറ്റിയെങ്കിലും റോഡുകള്‍ സംസ്ഥാനപാതകളായിതന്നെ തുടര്‍ന്നു. ഇതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.

മദ്യശാലകള്‍ അടച്ചിടുന്ന സാഹചര്യം ഒഴിവാക്കുന്നതിനു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നത തല സമിതിയെ നിയോഗിച്ചിരിക്കുകയാണ് ചണ്ഡിഗഢ് ഭരണകൂടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com