ഹരിത ട്രൈബ്യൂണലിന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞു

ഹരിത ട്രൈബ്യൂണലിന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞു

ന്യൂഡല്‍ഹി: ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ട്രൈബ്യൂണലിന്റെ ചെയര്‍മാന്‍ ആകാം എന്നത് ഉള്‍പ്പെടെ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലെ റവന്യു വകുപ്പ് ചട്ടങ്ങള്‍ പുറത്തിറക്കി.

സുപ്രിം കോടതിയിലെയോ ഹൈക്കോടതികളിലെയോ റിട്ട. ജഡ്ജിയെയാണ് നിലവില്‍ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാനായി നിയമിക്കുന്നത്. സര്‍ക്കാരിന്റെ വനം, പരിസ്ഥിതി സമിതികളില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ഈ പദവി വഹിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ചട്ടത്തില്‍ പറയുന്നത്. ട്രൈബ്യൂണല്‍ ചെയര്‍മാന്റെയും അംങ്ങളുടെയും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചിട്ടുണ്ട്.

ഹരിത ട്രൈബ്യൂണലിന്റെ സ്വതന്ത്രാധികാരങ്ങള്‍ എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി നേരത്തെ സൂചനകള്‍ വന്നിരുന്നു. 2010ലെ ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ നിയമപ്രകാരം ചെയര്‍മാനു പുറമേ ജുഡീഷ്യല്‍ അംഗങ്ങളും വിദഗ്ധാംഗങ്ങളുമാണ് ട്രൈബ്യൂണലില്‍ ഉള്ളത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസും നിയമന സമിതിയും ചേര്‍ന്നാണ് ഇവരെ നിയമിക്കുക. ധനമന്ത്രാലയം പുറത്തിറക്കിയ പുതിയ ചട്ടങ്ങള്‍ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന നാല് അംഗങ്ങളും ചീഫ് ജസ്റ്റിസും ചേര്‍ന്ന നിയമന സമിതിയാണ് ചെയര്‍മാനെയും അംഗങ്ങളയും നിയമിക്കുക. അംഗങ്ങളെ നീക്കം ചെയ്യുന്നതിനും ഈ സമിതിക്ക് അധികാരമുണ്ടാവും. ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശപ്രകാരം സര്‍ക്കാരിന് അന്വേഷണം നടത്തിയ അംഗങ്ങളെ നീക്കം ചെയ്യാമെന്നാണ് 2010ലെ നിയമത്തില്‍ പറയുന്നത്. പുതിയ ചട്ടങ്ങള്‍ പ്രകാരം ട്രൈബ്യൂണല്‍ അംഗങ്ങളെ നീക്കം ചെയ്യുന്നതില്‍ ചീഫ് ജസ്റ്റിസിന് പ്രത്യേക പങ്കുണ്ടാവില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com