താജ്മഹല്‍ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് യുപി സര്‍ക്കാര്‍

ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളായ അയോധ്യ, വാരാണസി, മധുര, ചിത്രകൂട് തുടങ്ങിയവയുടെ വികസനത്തിനായി യുപി സര്‍ക്കാര്‍ വന്‍തുകയാണ് ബജറ്റില്‍ നീക്കിവെച്ചത്‌ - താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല
താജ്മഹല്‍ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് യുപി സര്‍ക്കാര്‍

ലഖ്‌നൗ: ലോകപൈതൃകങ്ങളിലൊന്നായി യുനസ്‌കോ അംഗീകരിച്ച താജ്മഹല്‍ ലോകസംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് യുപി സര്‍ക്കര്‍. ഇതിന്റെ ഭാഗമായി താജ്മഹലിന്റെ പ്രത്യേകസംരക്ഷണത്തിനായി യുപി സര്‍ക്കാര്‍ ബജറ്റില്‍ പ്രത്യേക തുക നീക്കിവെച്ചതുമില്ല. ഷാജഹാന്‍ പണികഴിപ്പിച്ച താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാട്.

മറ്റ് സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്ക് ബജറ്റില്‍ നിരവധി തുക മാറ്റിവെച്ചപ്പോള്‍ അവയിലൊരിടത്തും താജ്മഹലിന്റെ പേര് പരാമര്‍ശിക്കാതിരുന്നത് പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശനത്തിനിടയാക്കി. അതേസമയം ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളായ അയോധ്യ, വാരാണസി, മധുര, ചിത്രകൂട് തുടങ്ങിയവയുടെ വികസനത്തിന് ധാരാളം തുക ബജറ്റില്‍ നീക്കിവെച്ചിട്ടുമുണ്ട്. കൂടാതെ രാമായണ സര്‍ക്യൂട്ട്, ബുദ്ധിസ്റ്റ് സര്‍ക്യൂട്ട്, കൃഷ്ണ സര്‍ക്യൂട്ട് എന്നിവയ്ക്കായി സ്വദേശ് ദര്‍ശന യോജന പദ്ധതിയിലുള്‍പ്പെടുത്തി 1240 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി പ്രസാദയോജന എന്നപേരില്‍ 800 കോടിയാണ് വകയിരുത്തിയത്. സര്‍ക്കാര്‍ വര്‍ഗീയമായാണ് ബജറ്റ് തയ്യാറാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ടൂറിസത്തിലൂടെ സംസ്ഥാനത്തിന് വന്‍ വരുമാനം ലഭിക്കുന്ന താജ്മഹലിനെ അവഗണിച്ചത് ശരിയായില്ലെന്നാണ് ആരോപണം. ചൊവ്വാഴ്ചയാണ് ആദിത്യനാഥ് സര്‍ക്കാറിന്റെ ആദ്യബജറ്റ് അവതരണം നടന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com