കശ്മീര്‍ പ്രശ്‌നത്തില്‍ ചൈനയുടെ ഇടനില ആവശ്യമില്ലെന്ന് ഇന്ത്യ

പാകിസ്താനുമായി കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിന് ഇന്ത്യ തയ്യാറാണ് -  എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മൂന്നാം കക്ഷിയുടെ ഇടനില ആവശ്യമില്ല -  ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണ്
കശ്മീര്‍ പ്രശ്‌നത്തില്‍ ചൈനയുടെ ഇടനില ആവശ്യമില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന ചൈനയുടെ വാഗ്ദാനം വീണ്ടും നിരസിച്ച് ഇന്ത്യ. കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് നയതന്ത്ര മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണെന്നും അത് ഉപയോഗപ്പെടുത്താന്‍ തയ്യാറാണെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലേ പറഞ്ഞു.

പാകിസ്താനുമായി കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിന് ഇന്ത്യ തയ്യാറാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മൂന്നാം കക്ഷിയുടെ ഇടനില ആവശ്യമില്ല. ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണ്. കശ്മീരിലെ പ്രശ്‌നത്തിന്റെ അടിസ്ഥാനം അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണ്. രാജ്യങ്ങളുടെയും ലോകത്തിന്റെ തന്നെയും സമാധാനവും സ്ഥിരതയും നശിപ്പിക്കാനുള്ള ഒരു പ്രത്യേക രാജ്യത്തിന്റെ ശ്രമമാണ് ഇതിന് പിന്നിലുള്ളതെന്നും ഗോപാല്‍ ബാഗ്ലേ വ്യക്തമാക്കി.

സിക്കിമില്‍ അടക്കം ചൈനയുടെ ഇടപെടലുകള്‍ സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷ കക്ഷികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജമ്മു കശ്മീരില്‍ ഏഴ് അമര്‍നാഥ് തീര്‍ഥാടകര്‍ കൊല്ലപ്പെട്ട സംഭവവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഈ വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ പിന്‍തുണ നേടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ച.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംബന്ധമായ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കുന്നതിന് ഇരു രാജ്യങ്ങള്‍ക്കും ശേഷിയുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, ഡോക്ലാമില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഭൂട്ടാന്‍, ഇന്ത്യ, ചൈന എന്നിവയുടെ അതിര്‍ത്തിയിലുള്ള ഡോക്ലാമില്‍ ചൈനീസ് സൈന്യം റോഡ് പണിതതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഡോക്ലാം സ്വന്തം ഭൂമിയാണെന്നാണ് ചൈനയുടെ അവകാശവാദം. ഇവിടെ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മില്‍. ഇതിനെ തുടര്‍ന്ന് ഏതാനും ആഴ്ചകളായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com