മണിപ്പൂരിലെ സൈന്യത്തിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

2018 ജനുവരിക്ക് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
മണിപ്പൂരിലെ സൈന്യത്തിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സായുധ സേന പ്രത്യേക അധികാര നിയമമായ അഫ്‌സ്പയ്ക്ക് മറവില്‍ മണിപ്പൂരില്‍ നിരപാരിധകളെ കൊല്ലുന്ന സൈന്യത്തിന്റെ നടപടികളെക്കുറിച്ചുള്ള പരാതിയിന്‍മേല്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ജ.മദന്‍.ബി താക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. 2018 ജനുവരിക്ക് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരാതികള്‍ അന്വേഷിക്കാന്‍ വേണ്ടി ഒരു പ്രത്യേക സംഘത്തെ നിയമിക്കാനും കോടതി നിര്‍ദ്ദേശിച്ചു. 

മണിപ്പൂരില്‍ മാത്രം സുരക്ഷാ സൈന്യം അഫ്‌സ്പയുടെ മറവില്‍ 1528 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. 2000 മുതല്‍ 2012 വരെയുള്ള കണക്കുകളാണിത്. സൈനിക നടപടികളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാറില്ലെന്ന് ഏപ്രില്‍ 20ന് സൈന്യം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സൈനിക നടപടികളില്‍ കൊല്ലപ്പെടുന്ന കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം പുനഃപരിശോധിക്കണം എന്ന് കേന്ദ്രവും മണിപ്പൂര്‍ സര്‍ക്കാരും ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. 

എല്ലാ സൈനിക നടപടിയിലും സൈന്യത്തെ സംശയിക്കാന്‍ കഴിയില്ല, എന്നാല്‍ മണിപ്പൂരില്‍ നടക്കുന്ന ഭൂരിപക്ഷം കൂട്ടക്കൊലകളും സൈനിക നടപടികളുടെ ഭാഗമായി നടക്കുന്നവയാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി.വ്യാജ ഏറ്റുമുട്ടല്‍ ചമച്ച് സൈന്യം കൊലപ്പെടുത്ത കേസുകളില്‍ നടപടി സ്വീകരിക്കാന്‍ ശ്രമിക്കാത്ത മണിപ്പൂര്‍ സര്‍ക്കാരിനേയും കോടതി വിമര്‍ശിച്ചു. 

വിഘടനവാദികളും പ്രാദേശികവാദികളും സൈന്യത്തിനെതിരെ നുണ പ്രചരിപ്പിക്കുയാണെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം.അഫ്‌സ്പയുടെ മറവില്‍ െൈസന്യം നടത്തിവരുന്ന കൊലപാതങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ വര്‍ങ്ങളായി മണിപ്പൂരി ജനത സമരത്തിലാണ്.അഫ്‌സപ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായി നിരാഹര സമരം നടത്തിവന്ന ഇറോം ഷര്‍മിള കഴിഞ്ഞ വര്‍ഷം നിരാഹാരം അവസാനിപ്പിച്ചിരുന്നു. 

സൈന്യത്തിന്റെ നടപടികള്‍ക്കെതിരെ മണിപ്പൂരിലെ സ്ത്രീകള്‍ വിവസ്ത്രരായി സമരം ചെയ്യുകപോലുമുണ്ടായി. എന്നിട്ടും പരാതികളെ കുറിച്ച് പഠിക്കാനോ നടപടികള്‍ സ്വീകരിക്കാനോ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com