ഇതെന്ത് നിയമമാണ്? വാഹനമിടിച്ച് മനുഷ്യനെ കൊന്നാല്‍ രണ്ട് വര്‍ഷം, പശുവിനെ കൊന്നാല്‍ 14 വര്‍ഷം തടവ്

കോടതിയുടെ വിധിന്യായം പ്രധാനമന്ത്രിക്ക് അയക്കാനും ജഡ്ജി നിര്‍ദേശിച്ചിട്ടുണ്ട്
ഇതെന്ത് നിയമമാണ്? വാഹനമിടിച്ച് മനുഷ്യനെ കൊന്നാല്‍ രണ്ട് വര്‍ഷം, പശുവിനെ കൊന്നാല്‍ 14 വര്‍ഷം തടവ്

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മനുഷ്യന്‍ കൊല്ലപ്പെട്ടാല്‍ ലഭിക്കാവുന്ന ശിക്ഷ രണ്ട് വര്‍ഷം. പശുവിനെ ആണ് കൊലപ്പെടുത്തുന്നതെങ്കില്‍ ലഭിക്കുന്നത് 14 വര്‍ഷം തടവ് ശിക്ഷ. മനുഷ്യരുടെ ജീവനെടുക്കുന്നതിനേക്കാള്‍ കടുത്ത ശിക്ഷയാണ് പശുവിന്റെ ജീവനെടുത്താല്‍ ലഭിക്കുകയെന്ന് വിലയിരുത്തിയിരിക്കുകയാണ് ഡല്‍ഹിയിലെ ഒരു ന്യായാധിപന്‍. 

വാഹനാപകടവുമായി ബന്ധപ്പെട്ട കുറ്റത്തിന് ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യാവസായിയുടെ മകന് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചായിരുന്നു അഡീഷണല്‍ സെഷന്‍സ് ജഡ്ജായ സഞ്ജീവ് കുമാറിന്റെ പ്രതികരണം. 

പശുവിനെ കൊലപ്പെടുത്തിയാല്‍ അഞ്ച്, ഏഴ്, 14 വര്‍ഷം വരെയാണ് തടവ് ശിക്ഷ ലഭിക്കുക. എന്നാല്‍ അമിത വേഗതയില്‍, അശ്രദ്ധയോടെ വാഹനം ഓടിക്കുന്നതിലൂടെ ഒരു മനുഷ്യന്റെ ജീവനെടുത്താല്‍ രണ്ട് വര്‍ഷത്തെ ശിക്ഷ മാത്രമാണ് ലഭിക്കുന്നതെന്ന് വിധി പ്രസ്താവിക്കവെ ജഡ്ജി പറഞ്ഞു.

കോടതിയുടെ വിധിന്യായം പ്രധാനമന്ത്രിക്ക് അയക്കാനും ജഡ്ജി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡിലെ 304-എയില്‍ വരുന്ന കുറ്റങ്ങള്‍ക്കും ശിക്ഷ കടുപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിലേക്ക് എത്തുന്നതിന് വേണ്ടിയാണ് ഇത്. 

ഉത്സവ് ഭാസിന്‍ എന്നയാള്‍ ആഡംബര കാറില്‍ സഞ്ചരിക്കവെ ബൈക്കിലെത്തിയവരുമായുണ്ടായ വാക് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും, പരിക്കേറ്റവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com