കോണ്‍ഗ്രസ് പ്രതിഷേധം;മധൂര്‍ ഭണ്ഡാര്‍ക്കറിന് സുരക്ഷ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം കഴിഞ്ഞ ദിവസം നാഗ്പൂരില്‍ നടത്താനിരുന്ന അദ്ദേഹത്തിന്റെ പ്രസ് കോണ്‍ഫറന്‍സ് മാറ്റിവെച്ചിരുന്നു
കോണ്‍ഗ്രസ് പ്രതിഷേധം;മധൂര്‍ ഭണ്ഡാര്‍ക്കറിന് സുരക്ഷ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍

നാഗ്പൂര്‍: കോണ്‍ഗ്രസുകാരുടെ പ്രതിഷേധം കാരണം പ്രശസ്ത സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍ക്കറിന് സുരക്ഷ ഒരുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. പുറത്തിറങ്ങാനിരിക്കുന്ന മധൂര്‍ ഭണ്ഡാര്‍ക്കറുടെ ഇന്ദു സര്‍ക്കാര്‍ എന്ന ചിത്രത്തിനെതിരെയാണ് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം. അടിയന്തരാവസ്ഥ പ്രമേയമാകുന്ന ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയേയും മകന്‍ സഞ്ജയ് ഗാന്ധിയേയും വിമര്‍ശിക്കുന്നുണ്ട്. ഇതാണ് കോണ്‍ഗ്രസുകാരെ ചൊടിപ്പിച്ചിരിക്കുന്നത്. 

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം കഴിഞ്ഞ ദിവസം നാഗ്പൂരില്‍ നടത്താനിരുന്ന അദ്ദേഹത്തിന്റെ പ്രസ് കോണ്‍ഫറന്‍സ് മാറ്റിവെച്ചിരുന്നു. അദ്ദേഹത്തെ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല. ഇത് കണക്കിലെടുത്താണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അദ്ദേഹത്തിന് സുരക്ഷ ഉദ്യോഗസ്ഥരെ നല്‍കിയിരിക്കുന്നത്. 

ചിത്രത്തില്‍ ഇന്ദിര ഗാന്ധിയേയും കോണ്‍ഗ്രസിനേയും അപമാനിക്കുന്നുവെന്നും ചരിത്രം വളച്ചൊടിക്കുന്നുവെന്നും ആരോപിച്ച് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം രംഗത്ത് വന്നിരുന്നു. 

റിലീസിന് മുമ്പ് തന്റെ ചിത്രം ആര്‍ക്കുമുന്നിലും കാണിക്കാന്‍ താത്പര്യമില്ലെന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. എനിക്ക് ഈ സിനിമ വിവാദമാക്കാന്‍ താല്‍പര്യമില്ല. ഇന്ദു സര്‍ക്കാര്‍ സംസാരിക്കുന്നത് രാഷ്ട്രീയമല്ല. സിനിമ റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് ഞാന്‍. ആദ്യം സെന്‍സര്‍ ബോര്‍ഡ് തീരുമാനിക്കട്ടേ,അദ്ദഹം പറഞ്ഞു.

ഇന്ദു സര്‍ക്കാര്‍ പൂര്‍ണമായും സ്‌പോണ്‍സേര്‍ഡ് ചിത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കുറ്റപ്പെടുത്തിയിരുന്നു. ചിത്രത്തിനെതിരെ സഞ്ജയ് ഗാന്ധിയുടെ മകളാണ് എന്നവകാശപ്പെട്ട് ഒരു യുവതിയും രംഗത്ത് വന്നിരുന്നു. ജൂലൈ 28നാണ് ഇന്ദു സര്‍ക്കാര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com