ഗോ രക്ഷകര്‍ കാണുന്നില്ലേ? ഇവിടെ പട്ടിണി കിടന്ന് മരിച്ചത് 30 പശുക്കള്‍

ബീഫ് കൈവശം ഉണ്ടെന്ന് ആരോപിച്ച് അതിക്രമം നടത്താനുള്ള ആവേശം പക്ഷെ പശുക്കളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇല്ല...
ഗോ രക്ഷകര്‍ കാണുന്നില്ലേ? ഇവിടെ പട്ടിണി കിടന്ന് മരിച്ചത് 30 പശുക്കള്‍

ഹൈദരാബാദ്: ഗോ സംരക്ഷണത്തിന്റെ പേരില്‍ ആളുകളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുത് ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് തക്രിതിയായി നടക്കുന്നുണ്ട്‌. എന്നാല്‍ ബീഫ് കൈവശം ഉണ്ടെന്ന് ആരോപിച്ച് അതിക്രമം നടത്താനുള്ള ആവേശം പക്ഷെ പശുക്കളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇല്ലെന്നാണ് ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള വാര്‍ത്തയിലൂടെ വ്യക്തമാകുന്നത്. 

30 പശുക്കളാണ് ആന്ധ്രാപ്രദേശിലെ ഒരു ഗോശാലയില്‍ ഭക്ഷണം കിട്ടാതെ പട്ടിണി കിടന്ന് മരിച്ചത്. ഈസ്റ്റ് ഡോദാവരി ജില്ലയിലെ കാക്കിനാടയില്‍ മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്ന എസ്പിസിഎയുടെ ഗോശാലയിലാണ് മൃഗങ്ങള്‍ പട്ടിണി കിടന്ന് ചത്തത്. 

ചാണകം നിറഞ്ഞ് വൃത്തിശൂന്യമായ കെട്ടിടത്തിനുള്ളില്‍ നിന്നും ചത്ത പശുക്കളെ മാറ്റാനും അധികൃതര്‍ തയ്യാറായില്ല. പശുക്കള്‍ ഉള്‍പ്പെടെ 400ല്‍ അധികം മൃഗങ്ങളാണ് ഇവിടെയുള്ളത്. 22 പശുക്കളെ ഇവിടെ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അനിമല്‍ ഹസ്ബന്ററി ഉദ്യോഗസ്ഥര്‍ പറയുന്നു. 

പശുക്കള്‍ക്ക് വെള്ളവും, ഭക്ഷണവും നല്‍കിയിരുന്നില്ല. ജീവനുള്ള പശുക്കളെ അധികവും അവശനിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. അറവ് ശാലകളില്‍ നിന്നും പിടിച്ചെടുത്ത പശുക്കളും മറ്റ് കന്നുകാലികളുമാണ് ഇവിടെയുണ്ടായിരുന്നത്.  വിവരമറിഞ്ഞെത്തിയ ജില്ലാ അധികൃതരും മൃഗസംരക്ഷകരും ഗോശാല വൃത്തിയാക്കുകയും കന്നുകാലികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com