ഇറാഖില്‍ കാണാതായ ഇന്ത്യക്കാര്‍ മരിച്ചുവെന്ന് പറയാനാകില്ല: സുഷമ സ്വരാജ്

ഇന്ത്യന്‍ പൗരന്‍മാരെ കണ്ടെത്തുക എന്നത് സര്‍ക്കാരിന്റെ ദൗത്യമാണെന്നും സുഷമ സ്വരാജ് ലോക്‌സഭയില്‍ വ്യക്തമാക്കി. 
ഇറാഖില്‍ കാണാതായ ഇന്ത്യക്കാര്‍ മരിച്ചുവെന്ന് പറയാനാകില്ല: സുഷമ സ്വരാജ്

ന്യൂഡെല്‍ഹി: ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിവരമില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വ്യക്തമായ തെളിവില്ലാതെ അങ്ങനെ ചെയ്യുന്നത് കുറ്റകരമാണെന്നും തെറ്റുചെയ്യാന്‍ തനിക്കാവില്ലെന്നും അവര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഇറാഖിലെ ആറു കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം ഇവര്‍ കൊല്ലപ്പെട്ടതായി അറിവില്ല. ഇന്ത്യന്‍ പൗരന്‍മാരെ കണ്ടെത്തുക എന്നത് സര്‍ക്കാരിന്റെ ദൗത്യമാണെന്നും സുഷമ സ്വരാജ് ലോക്‌സഭയില്‍ വ്യക്തമാക്കി. 

ഇതുവരെ നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങളൊ, ചോരപ്പാടുകളൊ, ഇന്ത്യക്കാര്‍ മരിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകളോ, ഐഎസ് പുറത്തുവിട്ട ദൃശ്യങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സുഷമ സ്വരാജ് പറഞ്ഞു. കാണാതായവരുടെ പട്ടികയില്‍നിന്ന് അവരെ 'മരിച്ചുവെന്ന് കരുതുന്നവര്‍' എന്ന പട്ടികയിലേക്ക് മാറ്റാന്‍ പോലും കഴിയില്ല. കാണാതായവര്‍ മരിച്ചിട്ടില്ലെന്ന് അറിയിച്ച് മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കയാണെന്ന് ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 

ജനങ്ങള്‍ കരുതുന്നത് അവര്‍ കൊല്ലപ്പെട്ടുവെന്നും താന്‍ കള്ളം പറയുകയാണെന്നുമാണ്. കാണാതായവരുടെ കുടുംബങ്ങളോട് അവര്‍ കൊല്ലപ്പെട്ടിരിക്കാം എന്നു പറയുകയും ചെയ്യുന്നു. എന്നാല്‍, അവരെ ജീവനോടെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ പറഞ്ഞതിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഇറാഖിലെ മൊസൂള്‍ നഗരത്തില്‍നിന്ന് 2014 ലാണ് ഇന്ത്യന്‍ തൊഴിലാളികളെ കാണാതായത്. ഇതില്‍ കൂടുതല്‍ പേരും പഞ്ചാബില്‍ നിന്നുള്ളവരാണ്. ഇവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചുവോ എന്നതിനെപ്പറ്റി 100 ശതമാനം ഉറപ്പ് പറയാനാകില്ലെന്ന് ഇറാഖ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്ത്യക്കാര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com