ഉപമുഖ്യമന്ത്രി സ്ഥാനം തേജസ്വി യാദവ് രാജിവെക്കില്ലെന്ന് ലാലു പ്രസാദ് യാദവ്

നിതീഷും താനും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഇല്ലെന്നും മാധ്യമങ്ങള്‍ മഹാസഖ്യം തകര്‍ക്കുന്നതിനായി ഇത്തരം വാര്‍ത്തകള്‍ നല്‍കുകയാണെന്നും ലാലു പ്രസാദ് യാദവ്
ഉപമുഖ്യമന്ത്രി സ്ഥാനം തേജസ്വി യാദവ് രാജിവെക്കില്ലെന്ന് ലാലു പ്രസാദ് യാദവ്

പാറ്റ്‌ന: തേജസ്വി യാദവ് ബീഹാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും മഹാസഖ്യം ശക്തമായി മുന്നോട്ട് പോകുമെന്നും ലാലു പറഞ്ഞു. ആര്‍ജെഡി എംഎല്‍എമാരുടെ യോഗത്തിനു ശേഷമായിരുന്നു ലാലുവിന്റെ പ്രതികരണം.

നിതീഷും താനും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഇല്ലെന്നും മാധ്യമങ്ങള്‍ മഹാസഖ്യം തകര്‍ക്കുന്നതിനായി ഇത്തരം വാര്‍ത്തകള്‍ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലാലുപ്രസാദ് യാദവ് റെയില്‍വ്വേ മന്ത്രിയായിരുന്ന കാലത്ത് നടന്ന ഇടപാടുകളില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് ജെഡിയുവും മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വിയാദവിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. വെളളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് രാജിവെക്കാനാണ് നിതീഷ് ആവശ്യപ്പെട്ടത്. 

അഴിമതി ആരോപണം നേരിടുന്നയാള്‍ മന്ത്രിസഭയിലെ രണ്ടാമനായി തുടരുന്നതില്‍ നിതീഷ് കുമാര്‍ എതിര്‍പ്പറിയിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
റെയില്‍വ്വേ ഹോട്ടല്‍, സ്വകാര്യ കമ്പനിക്ക് കൈമാറിയതില്‍ വന്‍ ക്രമക്കേട് നടന്നുവെന്നും ഇതില്‍ കോടികള്‍ വിലമതിക്കുന്ന സ്ഥലം ലാലുവിനും ഭാര്യ റാബ്‌റി ദേവിക്കും മക്കള്‍ക്കും ലഭിച്ചുവെന്നുമാണ് സിബിഐ കേസ്. സിബിഐയെ ഉപയോഗിച്ച് ബിജെപി തന്നോട് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നാണ് ലാലു ആരോപിക്കുന്നത്.

ആര്‍ജെഡി യോഗത്തിന് പിന്നാലെ ജനതാദള്‍ എംഎല്‍എമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ യോഗം ബീഹാറിലെ മഹാസഖ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com