കശ്മീരില്‍ സാന്നിധ്യമുറപ്പിച്ച് അല്‍ഖ്വയ്ദ; മേഖലാ തലവനെ പ്രഖ്യാപിച്ചു

ആദ്യമായാണ് ഒരു ആഗോള ഭീകരസംഘടന കശ്മീരില്‍ സാന്നിധ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്
കശ്മീരില്‍ സാന്നിധ്യമുറപ്പിച്ച് അല്‍ഖ്വയ്ദ; മേഖലാ തലവനെ പ്രഖ്യാപിച്ചു

കശ്മീര്‍: ആഗോള ഭീകര സംഘടന അല്‍ഖ്വയ്ദ കശ്മീരില്‍ സാന്നിധ്യം പ്രഖ്യാപിച്ചു. സംഘടനയുടെ കശ്മീര്‍ മേഖല തലവനായി മുന്‍ ഹിസ്ബുള്‍ മുജാഹിദിന്‍ പ്രവര്‍ത്തകന്‍ സക്കീര്‍ മൂസയെ പ്രഖ്യാപിച്ചു. ആദ്യമായാണ് ഒരു ആഗോള ഭീകരസംഘടന കശ്മീരില്‍ സാന്നിധ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കശ്മീരില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവില്ലാതെ തുടരുകയാണ്. ഹിസ്ബുള്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ മരണമാണ് കശ്മീരിനെ കൂടുതല്‍ പ്രക്ഷുബ്ധമാക്കിയതും പുറത്തുനിന്നുള്ള ഭീകരസംഘടനകള്‍ കാലുറപ്പിക്കാന്‍ കാരണമായതും. 

അല്‍ഖ്വായ്ദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇസ്ലമിക് മീഡിയാ ഫ്രണ്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. 

അന്‍സര്‍ ഗവ്‌സാത് ഉല്‍ ഹിന്ദ് എന്നാണ് കശ്മീരിലെ അല്‍ഖ്വായ്ദ വിഭാഗം അറിയപ്പെടുക. ബുര്‍ഹന്‍ വാനിയുടെ കൊലപാതകത്തിന്  ശേഷമുള്ള അടുത്ത നടപടിയായാണ് കശ്മീരില്‍ വിഭാഗം രൂപീകരിക്കുന്നത്. ബുര്‍ഹന്‍ വാനിയുടെ അടുത്ത അനുയായികളില്‍ ഒരാളായാണ് സക്കീര്‍ മൂസ അറിയപ്പെടുന്നത്. ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ചേര്‍ന്നായിരുന്നു സക്കീറിന്റെ പ്രവര്‍ത്തനം.

ഭീകരസംഘടനയുടെ പുതിയ വിഭാഗത്തിന്റെ രൂപവത്കരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജമ്മു കശ്മീര്‍ ഡിജിപി എസ്പി വൈദ് അറിയിച്ചു.അല്‍ഖ്വയ്ദയുടെ സാന്നിധ്യം ഇതുവരെ കശ്മീര്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 

സംഭവത്തെക്കുറിച്ച് പ്രതികരിച്ച ഹിസ്ബുള്‍ നേതാവ് സയേദ് സലാഹുദ്ദീന്‍,അന്താരാഷ്ട്ര ഭീകരസംഘടനകളുടെ സാന്നിധ്യമോ ആവശ്യമോ കശ്മീരിനില്ലെന്ന് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com