കേന്ദ്രത്തിന് എന്‍ഡി ടിവിയെ വിടാന്‍ ഉദ്ദേശ്യമില്ല;  429 കോടി  ഉടന്‍ അടക്കണമെന്ന് ആദായനികുതി വകുപ്പ്

എന്‍ഡി ടിവി കേന്ദ്രസര്‍ക്കാരിനതിരേയും സംഘപരിവാറിനെതിരേയും ശക്തമായ വാര്‍ത്തകള്‍ നല്‍കുകയും സംഘപരിവാര്‍ ആക്രമണങ്ങളില്‍ പ്രതിഷേധ നിലപാട് സ്വീകരിക്കുകയും ചെയ്തുവരുന്ന ചാനലാണ്
കേന്ദ്രത്തിന് എന്‍ഡി ടിവിയെ വിടാന്‍ ഉദ്ദേശ്യമില്ല;  429 കോടി  ഉടന്‍ അടക്കണമെന്ന് ആദായനികുതി വകുപ്പ്

ന്യുഡല്‍ഹി: എന്‍ഡി ടിവിക്കെതിര കടുത്ത നടപടികളുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാധ്യമസ്ഥാപനത്തെ തേടിയെത്തിയത് മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടികള്‍. ആദായ നികുതി വകുപ്പ്, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് എന്‍ഡി ടിവി നടപടി നേരിടുന്നത്.

429 കോടി രൂപ ഉടന്‍ അടയ്ക്കണമെന്നാണ് ആദായ നികുതിവകുപ്പിന്റെ കല്‍പ്പന. അമേരിക്കയില്‍ നിന്നും ചാനലില്‍ 150 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കപ്പെട്ടുവെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. എന്നാല്‍ സാമ്പത്തിക ഇടപാട് തീര്‍ത്തും നിയമാനുസൃമാണെന്നും ഔദ്യോഗികമായി വിജ്ഞാപനം ചെയ്തതുമാണെന്നും ചാനല്‍ വ്യക്തമാക്കി. ഗൂഢനീക്കമാണ് നടക്കുന്നതെന്നും മോഡി സര്‍ക്കാരിന്റെ വേട്ടയാടല്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണെന്നും ചാനല്‍ പറഞ്ഞു.

429 കോടി രൂപ സാവകാശം പോലും നല്‍കാതെ 'ഇപ്പോള്‍ തന്നെ' അടയ്ക്കണമെന്ന് അറിയിച്ചുകൊണ്ടുള്ള ആദായ നികുതി വകുപ്പിന്റെ കത്ത് ഞെട്ടലുണ്ടാക്കിയെന്നും ചാനല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ചാനല്‍ തങ്ങളുടെ 70 ജീവനക്കാരെ പിരിച്ചുവിടുന്നതായി അറിയയിച്ചിരുന്നു. മൊബൈല്‍ ജേര്‍ണലിസത്തിന്റെ ഭാഗമായാണ് ഈ പിരിച്ചുവിടല്‍ എന്നാണ് ചാനല്‍ ഇതിന് വിശദീകരണം നല്‍കിയത്. ക്യാമറകളും അനുബന്ധ ഉപകരണങ്ങളും ആന്ധ്രയിലെ ഒരു പ്രാദേശിക ചാനലിന് വില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലുകള്‍ കാരണം കേസുകളില്‍പ്പെട്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതുകൊണ്ടാണ് ഇത്തരമൊരു നടപടി എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതുമുതല്‍ എന്‍ഡി ടിവി കേന്ദ്രസര്‍ക്കാരിനതിരേയും സംഘപരിവാറിനെതിരേയും ശക്തമായ വാര്‍ത്തകള്‍ നല്‍കുകയും സംഘപരിവാര്‍ ആക്രമണങ്ങളില്‍ പ്രതിഷേധ നിലപാട് സ്വീകരിക്കുകയും ചെയ്തുവരുന്ന ചാനലാണ്. ഇതാണ് നരേന്ദ്ര മോദി സര്‍ക്കാരിനെ ചൊടിപ്പിച്ചത് എന്നാണ് മോദി വിമര്‍ശകര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com