അബ്ദുല്‍ കലാമിന്റെ പ്രതിമയ്ക്ക് കീഴില്‍ ഭഗവത്ഗീത; ഖുറാനും ബൈബിളും വയ്ക്കുന്നതിന് എതിരെ ഹിന്ദുത്വ നേതാക്കള്‍

ഭഗവത്ഗീതയ്‌ക്കൊപ്പം ഖുറാനും, ബൈബിളും വയ്ക്കുന്നതിനെ എതിര്‍ത്ത് പ്രാദേശിക ഹിന്ദുത്വ നേതാക്കള്‍ രംഗത്തെത്തി
അബ്ദുല്‍ കലാമിന്റെ പ്രതിമയ്ക്ക് കീഴില്‍ ഭഗവത്ഗീത; ഖുറാനും ബൈബിളും വയ്ക്കുന്നതിന് എതിരെ ഹിന്ദുത്വ നേതാക്കള്‍

രാമേശ്വരം: ജൂലൈ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു രാമേശ്വരത്ത് ഇന്ത്യയുടെ പ്രിയപ്പെട്ട രാഷ്ട്രപതിയായിരുന്ന എ.പി.ജെ.അബ്ദുല്‍ കലാമിന്റെ ഓര്‍മയ്ക്കായുള്ള സ്മാരകം രാജ്യത്തിന് സമര്‍പ്പിച്ചത്. ദിവസങ്ങള്‍ അധികം കഴിയുന്നതിന് മുന്‍പേ ഇതിനെ ചൊല്ലി വിവാദവും ഉടലെടുത്തു കഴിഞ്ഞു. 

ഇവിടെ വീണ വായിച്ച് ചിരിച്ചിരിക്കുന്ന കലാമിന്റെ പ്രതിമയ്ക്ക് താഴെ വെച്ചിരുന്ന ഭഗവത്ഗീതയാണ് വിവാദത്തിന് ഇടയാക്കിയത്. ഭഗവത്ഗീതയെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കുന്നതിനായി കലാമിന്റെ ബന്ധുക്കള്‍ ബൈബിളിന്റേയും, ഖുറാന്റേയും കോപ്പി ഇവിടെ വെച്ചെങ്കിലും പ്രശ്‌നം അവിടേയും നിന്നില്ല. 

ഭഗവത്ഗീതയ്‌ക്കൊപ്പം ഖുറാനും, ബൈബിളും വയ്ക്കുന്നതിനെ എതിര്‍ത്ത് പ്രാദേശിക ഹിന്ദുത്വ നേതാക്കള്‍ രംഗത്തെത്തി. ബൈബിളും, ഖുറാനും ഇവിടെ വയ്ക്കാന്‍ അനുവാദമില്ലെന്നാണ് ഇവരുടെ വാദം. ഹിന്ദു മക്കല്‍ കക്ഷി എന്ന പ്രാദേശിക പാര്‍ട്ടി ബൈബിളും, ഖുറാനും കലാമിന്റെ പ്രതിമയ്ക്ക് താഴെ വയ്ക്കുന്നതിന് എതിരെ പൊലീസില്‍ പരാതി നല്‍കി. 

എന്നാല്‍ കലാമിന്റെ പ്രതിമയ്ക്ക് താഴെ എന്തിനാണ് ഭഗവത്ഗീഥ കൊത്തിവെച്ചിരിക്കുന്നതെന്ന ചോദ്യമാണ് വൈകോയുടെ എംഡിഎംകെയും പിഎംകെ ഉള്‍പ്പെടെയുള്ള രാഷ്ട്രിയ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. 

ഭഗവത്ഗീതയെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് കലാമിന്റെ ബന്ധുക്കള്‍ പറയുന്നു. സ്മാരകം നിര്‍മിച്ച ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഭഗവത്ഗീത സ്ഥാപിച്ചത്  ദുരുദ്ധേശത്തോടെയല്ല എന്ന് കലാമിന്റെ കുടുംബാംഗങ്ങളായ ഷെയ്ക് ദാവൂദും, സലീമും പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com