യെച്ചൂരിക്ക് പകരം പാര്‍ട്ടി നിര്‍ത്തിയ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി; ഗൂഢാലോചനയെന്ന് സിപിഎം

ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഞ്ച് സ്ഥാനാര്‍ഥികളും, കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ഥിയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി
യെച്ചൂരിക്ക് പകരം പാര്‍ട്ടി നിര്‍ത്തിയ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി; ഗൂഢാലോചനയെന്ന് സിപിഎം

കല്‍ക്കത്ത: സീതാറാം യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ആ സീറ്റില്‍ സിപിഎം നിര്‍ത്തിയ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായ ബികേഷ് ഭട്ടാചാര്യയുടെ നാമനിര്‍ദേശ പത്രികയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരിക്കുന്നത്. 

സമയപരിധി അവസാനിക്കുന്നതിന് മുന്‍പ് നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പമുള്ള സത്യവാങ്മൂലം നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ് നാമനിര്‍ദേശപത്രിക തള്ളിയിരിക്കുന്നത്. 

ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഞ്ച് സ്ഥാനാര്‍ഥികളും, കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ഥിയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ആറ് സീറ്റുകളിലേക്ക് ആഗസ്റ്റ് എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം ജൂലൈ 28 വൈകിട്ട് മൂന്ന് മണിവരെയായിരുന്നു. 

ഡെറിക് ഒബ്‌റിയാന്‍, സുഖേന്ദു സേഖര്‍ റോയ്, ഡോല സെന്‍, മാനസ് ഭുനിയ, സാന്റ ചെത്രി എന്നിവരെയാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് അയക്കുന്നത്. പ്രദിപ് ഭട്ടാചാര്യയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. സീതാറാം യെച്ചൂരിയെ മത്സരിപ്പിക്കുകയാണെങ്കില്‍ തങ്ങള്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യെച്ചൂരിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തുകയായിരുന്നു. 

എന്നാല്‍ നാമനിര്‍ദേശപത്രിക തള്ളിയതിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് സിപിഎം ആരോപിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ നിയമപരമായി പോരാടുമെന്ന് ബംഗാളിലെ സിപിഎം ഘടകം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com