ഗോമാതാവിനെ തള്ളിപ്പറഞ്ഞ ബിജെപി നേതാവ് ഒടുവില്‍ മാപ്പ് പറഞ്ഞു
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th June 2017 09:54 AM |
Last Updated: 06th June 2017 11:39 AM | A+A A- |

ബംഗലൂരു: താന്‍ പശുവിനെ ഗോമാതാവായി അംഗീകരിക്കുന്നില്ലെന്ന് പരസ്യമായി പറഞ്ഞ ബിജെപി വക്താവ് ക്ഷമ പറഞ്ഞ് തടിയൂരി. ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു പശുവുമായി ബന്ധപ്പെട്ട ബിജെപി നിലപാട് കര്‍ണാടകയിലെ ബിജെപി നേതാവായ വമന്‍ ആചാര്യ തള്ളിപ്പറഞ്ഞത്.
ഇന്ത്യ കര്‍ഷിക രാജ്യമായി മാറുന്നതിന് മുന്‍പ് ബ്രാഹ്മണര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ ബീഫ് ഉപയോഗിച്ചിരുന്നതായും വമന്‍ ആചാര്യ പറഞ്ഞിരുന്നു. ദക്ഷിണ കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒട്ടുമിക്ക എല്ലാ വിഭാഗങ്ങളും ബീഫ് ഇപ്പോഴും കഴിക്കുന്നുണ്ട്. ഹിന്ദുക്കളും പശുക്കളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ വമന്‍ ആചാര്യ പറഞ്ഞിരുന്നു.
എന്നാല്‍ കര്‍ഷക കുടുംബങ്ങളും പശുവും തമ്മില്‍ വലിയ ബന്ധമുണ്ട്. ഇതുകൂടാതെ കന്നുകാലി കശാപ്പ് സാമൂഹിക, സാമ്പത്തിക പശ്ചാത്തലത്തിലാണ് നോക്കി കാണേണ്ടതെന്നും വമന്‍ ആചാര്യ ചൂണ്ടിക്കാട്ടിയിരുന്നു.
വമന്‍ ആചാര്യയുടെ പ്രസ്താവന വിവാദമായതോടെ ബിജെപിക്കുള്ളില്‍ നിന്നും തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വമന്‍ ആചാര്യയുടെ പ്രസ്താവനയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി ബിജെപി കര്‍ണാടക ഘടകം പ്രസ്താവനയിറക്കുകയും ചെയ്തു.
പ്രതിഷേധം ശക്തമായതോടെയാണ് ആചാര്യ തന്റെ പ്രസ്തവാന പിന്‍വലിച്ചിരിക്കുന്നത്. തന്റെ വ്യക്തിപരമായ അഭിപ്രായമാണ് ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞതെന്നുമാണ് ആചാര്യയുടെ നിലപാട്.