കശാപ്പു നിരോധനം: മേഘാലയയില്‍ ഒരു ജില്ലാ പ്രസിഡന്റു കൂടി ബിജെപി വിട്ടു

പൗരന്മാരുടെ ഭക്ഷ്യശീലങ്ങളില്‍ ഇടപെടാന്‍ ഭരണകൂടത്തിന് അധികാരമില്ലെന്നു മാരക്
കശാപ്പു നിരോധനം: മേഘാലയയില്‍ ഒരു ജില്ലാ പ്രസിഡന്റു കൂടി ബിജെപി വിട്ടു


ഷില്ലോങ്: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പു നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് മേഘാലയയില്‍ ഒരു ബിജെപി നേതാവു കൂടു പാര്‍ട്ടി വിട്ടു. നോര്‍ത്ത് ഗാരോ ഹില്‍സ് ജില്ലാ പ്രസിഡന്റ് ബച്ചു മാരക് ആണ് ബിജെപിയില്‍ നിന്നു രാജിവച്ചത്. മേഘാലയയിലെ ജനങ്ങള്‍ക്കു മേല്‍ മതരാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ബച്ചു മാരക് രാജി പ്രഖ്യാപിച്ചത്. നേരത്തെ വെസ്റ്റ് മാരോ ഹില്‍സ് ജില്ലാ പ്രസിഡന്റ് ബെര്‍നാഡ് മാരക് പാര്‍ട്ടി വിടുന്നതായി അറിയിച്ചിരുന്നു.

തദ്ദേശീയ ജനങ്ങളുടെ താത്പര്യങ്ങളും സംസ്‌കാരവും പരിഗണിക്കാത്ത പ്രവര്‍ത്തനമാണ് ബിജെപിയുടേത് എന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കള്‍ പാര്‍ട്ടി വിട്ടത്. ബീഫ് നിരോധനം മേഘാലയയിലെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബച്ചു മാരക് വ്യക്തമാക്കി. ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കാനാവില്ല. ബീഫ് ഇവിടത്തെ ജനങ്ങളുടെ പരമ്പരാഗത ഭക്ഷണ രീതികളില്‍ പെട്ടതാണ്. പൗരന്മാരുടെ ഭക്ഷ്യശീലങ്ങളില്‍ ഇടപെടാന്‍ ഭരണകൂടത്തിന് അധികാരമില്ലെന്നും മാരക് പറഞ്ഞു. അതിനു ശ്രമിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുകയായിരിരിക്കും ഫലമെന്ന് മാര്ക മുന്നറിയിപ്പു നല്‍കി. 

കശാപ്പു നിയന്ത്രണം പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് കഴിഞ്ഞയാഴ്ച മേഘാലയയിലെ ഏതാനും ബിജെപി നേതാക്കള്‍ താക്കീതു നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ചട്ടങ്ങളില്‍ സംസ്ഥാനത്തെ നേതാക്കള്‍ തൃപ്തരല്ലെന്ന് ബിജെപി വൈസ് പ്രസിഡന്റ് ജോണ്‍ അന്റോണിയോസ് ലിങ്‌ദോ പറഞ്ഞു. ഇത്തരം നിയന്ത്രണങ്ങളുമായി മുന്നോട്ടുപോവുന്നത് പ്രയാസകരമാണെന്നും ലിങ്‌ദോ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com