യുജിസിയും എഐസിടിഇയും പിരിച്ചു വിടും; ഉന്നത വിദ്യാഭ്യാസത്തിന് പുതിയ ഏജന്‍സിയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

യുജിസിയും എഐസിടിഇയും പിരിച്ചു വിടും; ഉന്നത വിദ്യാഭ്യാസത്തിന് പുതിയ ഏജന്‍സിയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

ന്യൂഡെല്‍ഹി: യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി), ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിടിഇ) എന്നിവ പിരിച്ചുവിട്ട് ഉന്നത വിദ്യാഭ്യാസത്തിന് ഏക റെഗുലേറ്റര്‍ നടപ്പാക്കി വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ പരിഷ്‌കരണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

ഹയര്‍ എഡ്യുക്കേഷന്‍ എംപവര്‍മെന്റ് റെഗുലേഷന്‍ ഏജന്‍സി (ഹീര) എന്ന പേരില്‍ ഉന്നത വിദ്യാഭ്യാസ റഗുലേറ്ററി സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ ഏറെക്കാലമായി നിര്‍ദേശിച്ചിരുന്ന സംവിധാനത്തിലേക്ക് മാറുന്നതിന് ഇതുവരെ സര്‍ക്കാര്‍ മടിക്കുകയായിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്തെ യശ്പാല്‍ കമ്മിറ്റി, ദേശീയ വിജ്ഞാന കമ്മീഷന്‍, മോദി സര്‍ക്കാര്‍ സ്ഥാപിച്ച ഹാരി ഗൗതം കമ്മിറ്റി തുടങ്ങിയവയും ഇതേ കാര്യങ്ങള്‍ ശുപാര്‍ശ ചെയ്തിരുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വിദ്യാഭ്യാസ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ബില്ലിന് അന്തിമ രൂപം നല്‍കി നിയമമാകാന്‍ സമയമെടുക്കുമെന്നുള്ളതിനാല്‍ ഇടക്കാലത്തേക്ക് നിലവിലെ യുജിസി, എഐസിടിഇ നിയമങ്ങളില്‍ ചില ഭേദഗതികള്‍ കൊണ്ടുവരുന്ന കാര്യവും പരിഗണനയിലുണ്ട്.

ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമമുണ്ടാക്കുന്നതിന് നിതി അയോഗും കേന്ദ്ര മാനവവിഭശേഷി മന്ത്രാലയവവും പ്രവര്‍ത്തിച്ചു വരികയാണ്. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെകെ ശര്‍മ എന്നിവരുള്‍പ്പെട്ട കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട വിശദമായ ബ്ലൂപ്രിന്റ് തയാറാക്കും.

പുതിയ റെഗുലേറ്ററി വരുന്നതോടെ ഉദ്യോഗസ്ഥരുടെ അധികാരപരിധി സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൈവരിക്കുന്നതിന് സഹായകമാകുമെന്നാണ് വിലയിരുത്തലുകള്‍. ഉന്നത വിദ്യാഭ്യാസ രംഗത്ത് ആധികാരികതയുള്ള യുജിസിയും എഐസിടിഇയും പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന അഭിപ്രായ വിത്യാസങ്ങളും പുതിയ റെഗുലേറ്റര്‍ വരുന്നതോടെ ഇല്ലാതാകുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com