''എന്റെ മൃതദേഹം സംസ്‌കരിക്കരുത്; മുഖ്യമന്ത്രിയെത്തി നമ്മുടെ ആവശ്യം അംഗീകരിക്കുന്നതുവരെ'': ഒരു കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പ്

മഹാരാഷ്ട്രയില്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരിലൊരാളാണ് ഇന്നലെ കുറിപ്പെഴുതി ആത്മഹത്യ ചെയ്തത്
''എന്റെ മൃതദേഹം സംസ്‌കരിക്കരുത്; മുഖ്യമന്ത്രിയെത്തി നമ്മുടെ ആവശ്യം അംഗീകരിക്കുന്നതുവരെ'': ഒരു കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പ്

സോലാപൂര്‍: ''ഞാനൊരു കര്‍ഷകനാണ്. ധനജി ചന്ദ്രകാന്ത് ജാദവ്. ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്. എന്റെ മൃതശരീരം, എന്റെ സുഹുത്തുക്കളെ നിങ്ങള്‍ നമ്മുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകണം. നിങ്ങളെന്റെ മൃതദേഹം സംസ്‌കരിക്കരുത്; മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എത്തി നമ്മുടെ ആവശ്യം അംഗീകരിക്കുംവരെ.''
പരേതന്റെ ശരീരവും കത്തും മഹാരാഷ്ട്രയില്‍ ഇപ്പോള്‍ സമരായുധമാണ്. സമരമേറെ നടത്തിയിട്ടും ഗൗനിക്കാത്ത സര്‍ക്കാരിനോട്‌ സ്വന്തം ജീവിതം ഹോമിച്ചുകൊണ്ട് വരും തലമുറയ്‌ക്കെങ്കിലും കാര്‍ഷികവൃത്തിയുമായി ജീവിതം കൊണ്ടുപോകുന്നതിനുവേണ്ടിയാണ് ധനജി ചന്ദ്രകാന്ത് ജാദവ് തന്റെ ശരീരത്തെ സമരായുധമാക്കിയത്.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് നിരവധി സമരപരിപാടികളാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നടത്തിയത്. പാലും പച്ചക്കറികളും റോഡിലൊഴുക്കിയും റോഡുകള്‍ ഉപരോധിച്ചുമായിരുന്നു സമരങ്ങള്‍.
സോലാപൂര്‍ ജില്ലയിലെ കര്‍ഷകനാണ് ധനജി ചന്ദ്രകാന്ത്. രണ്ടരയേക്കര്‍ കൃഷിസ്ഥലത്ത് കൃഷിചെയ്ത് ഉപജീവനം കണ്ടെത്തുന്ന ധനജിയുടെ പേരില്‍ 60,000 രൂപയുടെ കടം പല സ്വകാര്യ ബാങ്കുകളിലുമായുണ്ട്. ധനജിയുടെ മൃതദേഹവുമായി കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. സോളാപൂരിന്റെ ചുമതലയുള്ള മന്ത്രി വിജയ് ദേശമുഖ് സ്ഥലം സന്ദര്‍ശിച്ചുവെങ്കിലും മുഖ്യമന്ത്രി എത്തുന്നതുവരെ സമരം തുടരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സമരക്കാര്‍.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ പ്രതിപക്ഷവും ശിവസേനയും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതിനുള്ള നടപടികള്‍ ഉടനുണ്ടാവണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കര്‍ഷക സമരത്തെത്തുടര്‍ന്ന് പച്ചക്കറികള്‍ക്ക് വില കൂടിയിട്ടുണ്ട്. റോഡ് ഉപരോധിക്കുന്ന കര്‍ഷകരുടെ സമരത്തെ നിയന്ത്രിക്കാന്‍ പോലീസ് സന്നായം തോളാപൂരിലെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com