ഗ്രാമങ്ങള്‍ക്കു തീ പിടിക്കുന്നു, കര്‍ഷക പ്രക്ഷോഭം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്

മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും കര്‍ഷകര്‍ക്കു പിന്നാലെ രാജസ്ഥാനിലും ഗുജറാത്തിലും ഹരിയാനയും പഞ്ചാബിലും കര്‍ഷക സമരങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നുണ്ട്
ഗ്രാമങ്ങള്‍ക്കു തീ പിടിക്കുന്നു, കര്‍ഷക പ്രക്ഷോഭം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്

ഇങ്ങനെ പോയാല്‍ ജനങ്ങള്‍ കലാപവുമായി തെരുവില്‍ ഇറങ്ങില്ലേ എന്നു സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിനോടു ചോദിച്ചത് നോട്ടു നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു. ക്രയവിക്രയത്തിനായി പണം കിട്ടാതായാല്‍ ജനങ്ങള്‍ അവശ്യവസ്തുക്കള്‍ക്കായി പോരടിക്കേണ്ടി വരുമെന്നും അതു കലാപത്തിലെത്തുമെന്നുമാണ് കോടതി ചൂണ്ടിക്കാണിച്ചത്. നോട്ടു നിരോധനം പക്ഷേ, രാജ്യത്ത് കലാപത്തിനു വഴിവച്ചില്ല. എട്ടു മാസങ്ങള്‍ക്കിപ്പുറം പ്രകടമായ ഗുണഫലോ, അങ്ങനെയൊന്നുണ്ടോയെന്ന വിലയിരുത്തലോ ഇല്ലാതെ രാജ്യം നോട്ടുനിരോധനത്തെ പിന്നിട്ടുകഴിഞ്ഞു. എന്നാല്‍ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി പ്രകടിപ്പിച്ച ആശങ്ക മറ്റൊരു രൂപത്തില്‍ തലനീട്ടുകയാണ്, രാജ്യത്തിന്റെ പല ഭാഗങ്ങളിലും. 

ഇടവേളയ്ക്കു ശേഷം കര്‍ഷക പ്രക്ഷോഭങ്ങള്‍ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്, ഈ ദിവസങ്ങളില്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ രാജ്യതലസ്ഥാനത്തെ നാണിപ്പിച്ച ഉടുക്കാസമരം നടത്തി മടങ്ങിയതിനു പിന്നാലെ മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും കര്‍ഷകരാണ് തെരുവിലിറങ്ങിയത്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് ഉയര്‍ന്ന താങ്ങുവില പ്രഖ്യാപിക്കുക എന്നിവയാണ് പ്രധാനമായും കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍. മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും കര്‍ഷകര്‍ക്കു പിന്നാലെ രാജസ്ഥാനിലും ഗുജറാത്തിലും ഹരിയാനയും പഞ്ചാബിലും കര്‍ഷക സമരങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നുണ്ട്. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ചെറിയൊരു ഇടവേളയ്ക്കു ശേഷം സമരം പുനരാരംഭിച്ചുകഴിഞ്ഞു. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോടു പറഞ്ഞതു തന്നെയാണ് മറ്റു സംസ്ഥാനങ്ങളിലെയും പ്രക്ഷോഭകര്‍ ഭരണകൂടങ്ങളോടു പറയുന്നത്, ഞങ്ങള്‍ക്ക് ഇനിയും വാഗ്ദാനങ്ങള്‍ തരേണ്ടതില്ല, നടപടികള്‍ മാത്രം മതി.

2022 ഓടെ കര്‍ഷകരുടെ ആദായം ഇരട്ടിയാക്കുമെന്നായിരുന്നു നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ഈ ലക്ഷ്യത്തിലെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുണ്ടെന്നും കൃഷിക്കുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിച്ചത് അതിന്റെ പല സൂചകങ്ങളില്‍ ഒന്നാണെന്നുമാണ് ബിജെപി വക്താക്കള്‍ പറയുന്നത്. കാര്‍ഷികോത്പാദനം റെക്കോഡ് നേട്ടത്തിലേക്കു നീങ്ങുന്നത് ഇതു ഫലം കാണുന്നുവെന്നതിന്റെ തെളിവാണെന്നും അവര്‍ എടുത്തുകാട്ടുന്നു. എന്നാല്‍ കാര്‍ഷിക ഉത്പാദനം കൂടിയതുകൊണ്ടു മാത്രം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല എന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുളച്ചുപൊട്ടുന്ന കര്‍ഷക സമരങ്ങള്‍. കഴിഞ്ഞ തവണ സാധാരണ നിലയില്‍ മഴ കിട്ടിയതോടെ കാര്‍ഷിക രംഗം ഉണര്‍വിലാണെന്നും വിള മെച്ചപ്പെട്ട രീതിയിലാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിള ഉയര്‍ന്നതിന് ഒപ്പം വില താഴെപ്പോയത് കര്‍ഷകരെ സംബന്ധിച്ച് ഇരുട്ടടിയാവുകയായിരുന്നു. ഇന്ത്യന്‍ കാര്‍ഷിക രംഗത്ത് കാലങ്ങളായി തുടരുന്ന ദുരന്തം ആവര്‍ത്തിക്കുകയാണ് ഇത്തവണയും സംഭവിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധനം ഇത്തവണത്തെ കാര്‍ഷിക ദുരന്തത്തിന്റെ ആക്കം കൂട്ടിയതായും ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കാലാവസ്ഥ അനുകൂലമായതിനാല്‍, നോട്ടുനിരോധനം മൂലമുള്ള സാമ്പത്തിക ഞെരുക്കം വകവയ്ക്കാതെ തന്നെ കര്‍ഷകര്‍ വിളവിറക്കി. നവംബറില്‍ നടപ്പാക്കിയ നോട്ടു നിരോധനത്തിന് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പ്രകടമായ പണഞെരുക്കം ഇല്ലാതായെങ്കിലും വിപണിയില്‍ ഇതിന്റെ പ്രതിഫലനം ഇല്ലാതായിട്ടില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ആവശ്യത്തിനു പണം ലഭിക്കാത്ത അവസ്ഥ കച്ചവടക്കാര്‍ക്ക് ഇപ്പോഴുമുണ്ട്. അവര്‍ വിപണിയില്‍നിന്നു വിട്ടുനില്‍ക്കുന്നതാണ് ഇത്തവണ കാര്‍ഷിക വിളകളുടെ വിലയിടിയാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

മെച്ചപ്പെട്ട വിളവു ലഭിച്ചാല്‍ സംഭരിക്കുന്നതിനോ സംസ്‌കരിക്കുന്നതിനോ ഉള്ള സംവിധാനങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക രംഗത്ത് ഇപ്പോഴുമില്ല. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്ന മോദി സര്‍ക്കാരും ഭരണത്തില്‍ മൂന്നു വര്‍ഷം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നുമുണ്ടാക്കിയില്ല. സംഭരണ, സംസ്‌കരണ സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ട് സവാളയും ഉരുളക്കിഴങ്ങും ഉള്‍പ്പെടെയുള്ള അധിക ജലാംശമുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ മെച്ചപ്പെട്ട വിളവു ലഭിക്കുമ്പോള്‍ മുപ്പതു ശതമാനം വരെയാണ് നശിച്ചുപോവുന്നത്. 

ജനസംഖ്യയില്‍ അന്‍പതു ശതമാനത്തിലേറെ ആശ്രയിക്കുന്ന ജീവനോപാധി ആയിട്ടും ഇന്ത്യയിലെ കാര്‍ഷിക രംഗം ഇപ്പോഴും പ്രകൃതിയുടെ കനിവിനെ പിന്‍പറ്റിയാണ് മുന്നോട്ടുപോവുന്നത്. മഴ ചതിച്ചാല്‍ വിള പിഴയ്ക്കും എന്നതാണ് അവസ്ഥ. പ്രകൃതിയുടെ കനിവില്‍ കിട്ടിയ മെച്ചപ്പെട്ട വിളവു പോലും ഉപകരിക്കപ്പെടുന്നില്ലെന്ന രോഷത്തിലും ആശങ്കയിലുമൊക്കെയാണ് രാജ്യത്ത് പലയിടത്തും കര്‍ഷക പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും നടന്ന സമരങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ പ്രേരണയുണ്ടെന്നാണ് ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപിയുടെ ആക്ഷേപം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഇക്കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണവും വിരല്‍ ചൂണ്ടുന്നത് ആ വഴിക്കാണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മധ്യപ്രദേശില്‍ വെടിവയ്പു നടന്ന മാന്‍സോറില്‍ നടത്തിയ സന്ദര്‍ശനം ഈ ആക്ഷേപത്തിന് എരിവു പകരുകയും ചെയ്തു. എന്നാല്‍ ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ മാത്രമായി കര്‍ഷക സമരങ്ങള്‍ ഒതുങ്ങില്ലെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന സൂചനകള്‍.

മഹാരാഷ്ട്രയ്ക്കും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലെയും ഗുജറാത്തിലെയും കര്‍ഷകരാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. പരുത്തിയുടെയും നിലക്കടലയുടെയും വിലയിടിവാണ് ഇവരെ സമരത്തിനു പ്രേരിപ്പിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ മുന്നോട്ടുവച്ച, ഉത്പാദന ചെലവിനേക്കാള്‍ അന്‍പതു ശതമാനം അധിക തുക താങ്ങുവിലയായി പ്രഖ്യാപിക്കണമെന്ന സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയ്ക്കും മധ്യപ്രദേശിനും പിന്നാലെ കോണ്‍ഗ്രസ് ഭരണത്തിലുള്ള പഞ്ചാബിലെ കര്‍ഷകര്‍ അന്ത്യശാസനം മുന്നോട്ടുവച്ചിരിക്കുകയാണ് സര്‍ക്കാരിനു മുന്നില്‍. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്ന തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കണമെന്നാണ് പഞ്ചാബിലെ കര്‍ഷകര്‍ അമരിന്ദര്‍ സിങ്‌സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. 

ഉദാരവത്കരണത്തിന്റെ കാലം മുതലിങ്ങോട്ട് ദുരന്തം ഉഴുതുമറിച്ച മേഖലയാണ് ഇന്ത്യന്‍ കാര്‍ഷിക രംഗം. അവിടെ നിന്ന് മുന്‍പ് ഉണ്ടായിട്ടില്ലാത്ത പ്രതിഷേധ ശബ്ദങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഏകരൂപം കൈവന്നാല്‍ രാഷ്ട്രീയത്തെ ഉഴുതുമറിക്കാനുള്ള കരുത്തുണ്ടാവും, അതിന്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com