മധ്യപ്രദേശില്‍ രണ്ട് കര്‍ഷകര്‍ക്കൂടി ആത്മഹത്യ ചെയ്തു; ശിവരാജ് സിങ് ചൗഹന്‍ നാളെ മന്ദസൗര്‍ സന്ദര്‍ശിക്കും

മധ്യപ്രദേശില്‍ രണ്ട് കര്‍ഷകര്‍കൂടി ആത്മഹത്യ ചെയ്തു - മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നാളെ മന്ദസൗര്‍ സന്ദര്‍ശിക്കും - കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യചെയത് കര്‍ഷകരുടെ എണ്ണം 11,000  
മധ്യപ്രദേശില്‍ രണ്ട് കര്‍ഷകര്‍ക്കൂടി ആത്മഹത്യ ചെയ്തു; ശിവരാജ് സിങ് ചൗഹന്‍ നാളെ മന്ദസൗര്‍ സന്ദര്‍ശിക്കും

ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷകസമരം തുടരുന്നതിനിടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മന്ദസൗര്‍ സന്ദര്‍ശിക്കും. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് കര്‍ഷകര്‍ കൂടി ആത്മഹത്യചെയ്തു. ആറ് കര്‍ഷകര്‍ വെടിവെപ്പില്‍ കൊലചെയ്യപ്പെട്ടതിന് പിന്നാലെ ഇതാദ്യമായാണ് മുഖ്യമന്ത്രി മന്ദസൗര്‍ സന്ദര്‍ശിക്കുന്നത്. 

62കാരനായ മഖന്‍ ലാലും 58 വയസുകാരായ ദുലിഛന്ദുമാണ് ആത്മഹത്യ ചെയത് കര്‍ഷകര്‍. ഇതിലൊരാള്‍ മുഖ്യമന്ത്രിയുടെ നാട്ടുകാരനുമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കര്‍ഷകസമരത്തിന്റെ തുടര്‍ച്ചയായാണ് ഈ ആത്മഹത്യകളുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് കര്‍ഷകര്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണത്തിനായി വിരമിച്ച ജസ്റ്റിസ് ജെകെ ജെയിനെ നിയോഗിച്ചിട്ടുണ്ട്. കര്‍ഷകസമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനായി മുഖ്യമന്ത്രി നിരാഹാരമിരുന്നെങ്കിലും കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളുടെ നിര്‍ദേശാനുസരണം സമരം അവസാനിപ്പിച്ചിരുന്നു.

കര്‍ഷകരുടെ വായ്പ എഴുതി തള്ളുക, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മതിയായ വിലനല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ ഒന്നിനാണ് കര്‍ഷകര്‍ സമരം ആരംഭിച്ചത്. കഴിഞ്ഞ 9 വര്‍ഷത്തിനിടെ മധ്യപ്രദേശില്‍ 11,000 കര്‍ഷകര്‍ ആത്മഹത്യചെയ്തുവെന്നാണ് എന്‍സിആര്‍ബിയുടെ കണക്കുകള്‍.

അതിനിടെ മന്ദ്‌സൗര്‍ സന്ദര്‍ശിക്കാനെത്തിയ ഹര്‍ദിക് പട്ടേലിനെയും കോണ്‍ഗ്രസ് എംപിയായ ജ്യോതിരാജ് സിന്ധ്യയെും മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ കാണുന്നതിനായി എത്തിയ ഹര്‍ദികിനെ മന്‍ദ്‌സോര്‍ ജില്ലയിലേക്ക് പ്രവേശിക്കാന്‍ പോലും പൊലീസ് അനുവദിച്ചില്ല. 

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒപ്പം എത്തിയ എംപി ജ്യോതിരാദിത്യ സിന്ദ്യയെ മന്‍ദ്‌സോറിനടുത്ത് രത്‌ലാമില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.  സിന്ദ്യയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. മധ്യപ്രദേശില്‍ ഇപ്പോഴും കര്‍ഷക പ്രക്ഷോഭം തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com