മുംബൈ സ്‌ഫോടന കേസ്; അബു സലിം ഉള്‍പ്പെടെ ആറു പേര്‍ കുറ്റക്കാരെന്ന്‌ കോടതി

മറ്റ് പ്രതികളെ ദാവൂദ് ഇബ്രഹാമിന്റെ അടുത്തേക്കെത്തിച്ചത് മുസ്തഫ ദോസയെന്ന് കോടതി
മുംബൈ സ്‌ഫോടന കേസ്; അബു സലിം ഉള്‍പ്പെടെ ആറു പേര്‍ കുറ്റക്കാരെന്ന്‌ കോടതി

ന്യൂഡല്‍ഹി: 1993ല്‍ നടന്ന മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട 
കേസില്‍ മുസ്തഫ ദോസ, അബു സലിം ഉള്‍പ്പെടെ ആറു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രത്യേക ടാഡ കോടതിയാണ് ഇവര്‍ക്കു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെല്ലാം നിലനില്‍ക്കുന്നതാണെന്ന് വിധിച്ചിരിക്കുന്നത്. 

ഒളിച്ചുകഴിഞ്ഞിരുന്ന സഹോദരന്‍ മൊഹമ്മദ് ദോസയ്‌ക്കൊപ്പം ദുബായിലെ വീട്ടില്‍ വെച്ച് മുസ്തഫ ദോസ സ്‌ഫോടനത്തിന്റെ ഗൂഢാലോചന നടത്തിയതായി വ്യക്തമായതായി കോടതി പറഞ്ഞു. ഇവിടെ ഗൂഢാലോചന നടത്തിയതിന് ശേഷമാണ് സ്‌ഫോടനം നടത്തുന്നതിനുള്ള ആുധങ്ങള്‍ ഇവര്‍ മുംബൈയിലേക്ക് എത്തിച്ചത്. ദാവൂദ് ഇബ്രാഹിമിനെ കാണാന്‍ മറ്റ് പ്രതികള്‍ക്ക് അവസരം ഒരുക്കിയതും മുസ്തഫ ദോസയായിരുന്നു എന്നും കോടതി കണ്ടെത്തി. 

സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് തുടക്കമിട്ടത് പ്രതികളില്‍ ഒരാളായ താഹിര്‍ മെര്‍ച്ചന്റാണെന്നും കോടതി കണ്ടെത്തി. ആയുധങ്ങള്‍ എത്തിച്ചതിനും, ആയുധ പരിശീലനം നല്‍കിയതിനും പിന്നില്‍ താഹിറാണ്.

മുസ്തഫ ദോസയെ കൂടാതെ ആറ് പേര്‍ കൂടിയാണ് 257 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന കേസില്‍ പ്രതികളായിട്ടുള്ളത്. 1993 മാര്‍ച്ച് 12നായിരുന്നു 12 തവണ മുംബൈയില്‍ സ്‌ഫോടനമുണ്ടായത്. 713 പേര്‍ക്കാണ് അന്ന് ആക്രമണത്തില്‍ പരിക്കേറ്റത്. 27 കോടി രൂപയുടെ നാശനഷ്ടങ്ങളും മുംബൈയിലുണ്ടായി. 

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആര്‍ഡിഎക്‌സ് ഏറ്റവും കൂടുതല്‍ അളവില്‍ ഉപയോഗിച്ചത് മുംബൈ സ്‌ഫോടനത്തിലായിരുന്നു. 2012ല്‍ ആരംഭിച്ച വിചാരണയിലാണ് കോടതി ഇപ്പോള്‍ വിധി പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com