മധ്യപ്രദേശില്‍ രണ്ടു കര്‍ഷകര്‍കൂടി ജീവനൊടുക്കി; കഴിഞ്ഞയാഴ്ച മാത്രം ആത്മഹത്യ ചെയ്തത് പത്തുപേര്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 18th June 2017 01:01 PM |
Last Updated: 18th June 2017 01:05 PM | A+A A- |

ഭോപ്പാല്‍:കര്‍ഷക സമരം തുടരുന്ന മധ്യപ്രദേശില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. രണ്ടു കര്‍ഷകര്‍ കൂടി ഇന്നലെ ആത്മഹത്യ ചെയ്തു. ധാറിലും നരസിംഹപൂരിലുമാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മധ്യപ്രദേശില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം പത്തായി. രണ്ടുപേരും മരിച്ചത് കീടനാശിനി കഴിച്ചാണ്.ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിലാണ് ഇവര്‍ മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയാകുന്നതിനിടയിലും കര്‍ഷക സമരം തുടരുകയാണ്. ഇതിനിടയില്‍ കോണ്‍ഗ്രസ് ആരംഭിച്ച 72 മണിക്കൂര്‍ സത്യാഗ്രഹം ഇന്നലെ അവസാനപ്പിച്ചിരുന്നു. ഉത്പ്പന്നങ്ങള്‍ക്ക് മതിയായ വില നല്‍കുക,കര്‍ഷക ലോണുകള്‍ എഴുതിത്തള്ളുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് കര്‍ഷകര്‍ സമരം നടത്തിവരുന്നത്.
സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളും മുന്നോട്ടുവെച്ച പരിഹാര മാര്‍ഗങ്ങളും അംഗീകരിക്കാന്‍ സാധ്യമല്ല എന്നുചൂണ്ടിക്കാട്ടിയാണ് കര്‍ഷക സംഘടനകള്‍ ഇപ്പോഴും സമരം തുടരുന്നത്. കര്‍ഷകരുടെ കയ്യില്‍ നിന്നും സാധനങ്ങള്‍ ആവശ്യമായ വിലയ്ക്ക് വാങ്ങണം എന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഉത്തരവ് വന്നിട്ടും കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് മതിയായ വില നല്‍കുന്നില്ല. മാത്രവുമല്ല, സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നതുവരെ കര്‍ഷകരില്‍ നിന്ന സാധനങ്ങള്‍ വാങ്ങേണ്ടതില്ല എന്നാണ് കച്ചവടക്കാരുടെ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതും കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.