ആധാരവും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല; വിജ്ഞാപനം വ്യാജമെന്ന് കേന്ദ്രം

ആഗസ്റ്റ് 14ന് അകം ഭൂരേഖകളുമായി ആധാര്‍കാര്‍ഡ് ബന്ധിപ്പിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയെന്നായിരുന്നു വാര്‍ത്തകള്‍
ആധാരവും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല; വിജ്ഞാപനം വ്യാജമെന്ന് കേന്ദ്രം

ഭൂമിയുടെ രേഖകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത തള്ളി കേന്ദ്ര സര്‍ക്കാര്‍. ആഗസ്റ്റ് 14ന് അകം ഭൂരേഖകളുമായി ആധാര്‍കാര്‍ഡ് ബന്ധിപ്പിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയെന്ന വാര്‍ത്തകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

ബിനാമി ഇടപാടുകള്‍ കണ്ടെത്തുന്നതിന് ഭൂമി സംബന്ധമായ രേഖകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സഹായകമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തലെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റെക്കോര്‍ഡ്‌സ് മോഡേനൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഭൂമിയുടെ രേഖകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഇത് ഭൂമി സംബന്ധമായ രേഖകളില്‍ സുതാര്യത കൊണ്ടുവരുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നതായും സൂചനയുണ്ടായിരുന്നു.

ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ഭൂമിയുടെ ഉടമ ആരെന്ന് അധികൃതര്‍ക്ക് അറിയാനാകും. ഇതോടെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ബിനാമി ഇടപാടാണോ നടന്നിരിക്കുന്നതെന്ന് കണ്ടെത്താം. ഭൂമി സംബന്ധമായ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതോടെ ബാങ്ക് ലോണ്‍, കാര്‍ഷിക വിളകളുടെ ഇന്‍ഷൂറന്‍സ് എന്നിവയ്ക്ക് ഗുണകരമാകുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. 

ഭൂമി, വീട് ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ 1950 മുതലുള്ള രേഖകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com