പ്രതിപക്ഷ ഐക്യ നീക്കം പാളി; രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സുഷമയെ പിന്തുണച്ച് തൃണമൂല്‍

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കുമെന്ന് മുഖ്യപ്രതിപക്ഷ കക്ഷികളില്‍ ഒന്നായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു
പ്രതിപക്ഷ ഐക്യ നീക്കം പാളി; രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സുഷമയെ പിന്തുണച്ച് തൃണമൂല്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സമവായത്തിലൂടെ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള പ്രതിപക്ഷ നീക്കം പൊളിയുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കുമെന്ന് മുഖ്യപ്രതിപക്ഷ കക്ഷികളില്‍ ഒന്നായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പാര്‍ട്ടി തീരുമാനം കേന്ദ്ര മന്ത്രി അരുണ്‍ ജയറ്റ്‌ലിയെ അറിയിച്ചതായി തൃണമൂല്‍ വൃത്തങ്ങള്‍ അറിയിച്ചു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതു സംബന്ധിച്ച് കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ശ്രമം നടന്നുവരികയാണ്. ഇതിനിടെ സമവായ ചര്‍ച്ചകള്‍ക്ക് സര്‍ക്കാരും നീക്കം തുടങ്ങിയിട്ടുണ്ടെങ്കിലും എവിടെയും എത്തിയിട്ടില്ല. സ്ഥാനാര്‍ഥി ആരെന്നു പ്രഖ്യാപിക്കാതെയുള്ള ചര്‍ച്ചയാണ് ബിജെപി നേതാക്കള്‍ ആദ്യഘട്ടത്തില്‍ നടത്തിയത്. സ്ഥാനാര്‍ഥിയുടെപേരു നിര്‍ദേശിച്ച ശേഷം ചര്‍ച്ചയാവാമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനോടു പ്രതികരിച്ചിട്ടുള്ളത്. അതേസമയം ഗോപാല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ പേരുകളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആശയവിനിമയം തുടരുന്നുണ്ട്. ഇതിനിടെയാണ് സുഷമയ്ക്കു പിന്തുണയുമായി തൃണമൂല്‍കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നത്.

തൃണമൂല്‍ സുഷമയെ പിന്തുണയ്ക്കുന്ന പക്ഷം സമവായ സ്ഥാനാര്‍ഥി എന്ന ഇടതു, കോണ്‍ഗ്രസ് നീക്കം പാളാനാണു സാധ്യത. ശിവസേന ഉള്‍പ്പെടെയുള്ള എന്‍ഡിഎ കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തൃണമൂല്‍ പിന്തുണയുണ്ടെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥിയെ ജയിപ്പിച്ചെടുക്കുക ബിജെപിയെ സംബന്ധിച്ച് ശ്രമകരമാവില്ല. അതേസമയം സുഷമയെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തില്‍ ബിജെപി നേതൃത്വം ഇതുവരെ മനസു തുറന്നിട്ടില്ല.

ചൊവ്വാഴ്ച രാവിലെ നടക്കുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലേക്കു പോവുകയാണ്. ബുധനാഴ്ച നടക്കുന്ന യോഗ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാനാണിത്. പ്രധാനമന്ത്രിയുടെ യാത്രയ്ക്കു മുമ്പായി തന്നെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ പ്രധാനമന്ത്രി തന്നെയായിരിക്കും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com