യോഗാ ബോധവത്കരണത്തിന് കമ്മീഷനെ വെച്ച ഛത്തീസ്ഗഡില്‍ ജീവിക്കാന്‍ കൂലിപ്പണിയെടുത്ത് യോഗയിലെ സ്വര്‍ണ്ണമെഡല്‍ വിജയി

ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചാണ് ദാമിനി കഴിഞ്ഞ മേയ് 6മുതല്‍ 9വരെ കാഠ്മണ്ഢുവില്‍ നടന്ന സൗത്ത്-ഏഷ്യ യോഗാ സ്‌പോര്‍ട്ട്‌സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തത്
യോഗാ ബോധവത്കരണത്തിന് കമ്മീഷനെ വെച്ച ഛത്തീസ്ഗഡില്‍ ജീവിക്കാന്‍ കൂലിപ്പണിയെടുത്ത് യോഗയിലെ സ്വര്‍ണ്ണമെഡല്‍ വിജയി

റായ്പൂര്‍: ലോക യോഗാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗയുടെ മഹത്വത്തെക്കുറിച്ച് ലക്‌നൗവില്‍ പ്രസംഗിക്കുമ്പോള്‍ അധികം ദൂരെയല്ലാത്ത റായ്പൂരില്‍ യോഗയില്‍ മൂന്ന് ഗോള്‍ഡ് മെഡല്‍ നേടിയ ദാമിനി സാഹു ജീവിക്കാനായി തലച്ചുമടെടുക്കുകയായിരുന്നു.

യോഗ ബോധവത്കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ യോഗാ കമ്മീഷനെ നിയോഗിച്ച ഛത്തീസ്ഗഡിലാണ് യോഗയില്‍ മൂന്ന് സ്വര്‍ണ്ണ മെഡലുകളും മൂന്ന് വെള്ളി മെഡലുകളും നേടിയ ദാമിനിക്ക് ജീവിക്കാനായി കൂലിപ്പണിയെടുക്കേണ്ടി വരുന്നത്. കൂലിപ്പണി മോശം തൊഴിലാണെന്നല്ല പറഞ്ഞു വരുന്നത്, യോഗയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സര്‍ക്കാര്‍ അതില്‍ മെഡലുകള്‍ വാരിക്കൂട്ടിയ പ്രതിഭയോട് കാണിക്കുന്ന അവഗണനയാണ് പറയുന്നത്. 

ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചാണ് ദാമിനി കഴിഞ്ഞ മേയ് 6മുതല്‍ 9വരെ കാഠ്മണ്ഢുവില്‍ നടന്ന സൗത്ത്-ഏഷ്യ യോഗാ സ്‌പോര്‍ട്ട്‌സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. 

'എനിക്ക് നേപ്പാളിലേക്ക് പോകാന്‍ പണം ഇല്ലായിരുന്നു,മേയ് മൂന്നിന് ഞാന്‍ സഹായിക്കണം എന്ന് മന്ത്രി അജയ് ചന്ദ്രകാറിനോട് അപേക്ഷിച്ചിരുന്നു,എന്നാല്‍ അവിടെനിന്നും സഹായം ഒന്നും ലഭിച്ചില്ല.'ദാമിനി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു. പലിശയ്ക്ക് ലോണെടുത്താണ് ദാമിനി നേപ്പാളില്‍ പോയി ഇന്ത്യക്കായി ഗോള്‍ഡ് മെഡല്‍ നേടിയത്. എന്നാല്‍ ദാമിനിയുടെ വാക്കുകളോട് പ്രതികരിക്കാന്‍ ഛത്തീസ്ഗഡ് ആരോഗ്യമന്ത്രിയായ അജയ് ചന്ദകാര്‍ തയ്യാറായില്ല.

തൊഴില്‍ ക്കാര്‍ഡ് ലഭിക്കാനായി മാസങ്ങളായി ബുദ്ധിമുട്ടുകയാണെന്ന് ദാമിനി പറയുന്നു. ദിവസവും പത്തുമണിക്കൂര്‍ ജോലി ചെയ്താലും തനിക്ക് കൂലിയായി ലഭിക്കുന്നത് വെറും 150രൂപയാണെന്നും ദാമിനി കൂട്ടിച്ചേര്‍ക്കുന്നു. അമ്മയും ദാമിനിക്കൊപ്പം കൂലിപ്പണിയെടുക്കുന്നു. വലതുകൈയ്ക്ക് സ്വാധാനമില്ലാത്ത ദാമിനിയുടെ അച്ഛന് ബലൂണ്‍ കച്ചവടമാണ് തൊഴില്‍. ഏഴാംവയസ്സില്‍ യോഗ പഠിച്ചു തുടങ്ങിയതാണ് ഈ പത്തൊമ്പത് വയസ്സുകാരി.ഇപ്പോള്‍ ബികോം ആദ്യ വര്‍ഷ വിദ്യാര്‍ഡത്ഥിനിയാണ് ദാമിനി. സ്‌കൂളാണ് തന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നതെന്നും ജോലിക്കിടയില്‍ സമയം കിട്ടുന്ന വൈകുന്നേരങ്ങളിലാണ് ഇപ്പോള്‍ യോഗ പ്രാക്ടീസ് ചെയ്യുന്നതെന്നും ദാമിനി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com