മലയാളി ജവാന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു

മുതിര്‍ന്ന സൈനീകര്‍ക്കെതിരെ ആരോപണം ഉന്നയിച്ച മലയാളി ജവാന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു
മലയാളി ജവാന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു

മുതിര്‍ന്ന സൈനീകര്‍ക്കെതിരെ ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ ആരോപണം ഉന്നയിച്ച മലയാളി ജവാന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. നാസിക്കിലെ സൈനീക ക്യാമ്പിന് സമീപമാണ് റോയ് മാത്യുവിനെ വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. 

റോയ് മാത്യുവിന്റേത് ആത്മഹത്യയാണെന്നാണ് സൈന്യത്തിന്റെ വിശദീകരണം. എന്നാല്‍ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് റോയ് മാത്യുവിന്റെ കുടുംബം ആരോപിച്ചു. മുതിര്‍ന്ന സൈനീകരുടെ ഭാഗത്തു നിന്നും നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയുള്ള മരണം സംശയമുണര്‍ത്തുന്നതാണെന്ന് കുടുംബം പറയുന്നു. 

റോയ് മാത്യുവിന്റെ കുടുംബം നാസിക് ജില്ല അധികൃതരെ ബന്ധപ്പെട്ടെങ്കിലും റോയ് മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് സൈനീക കേന്ദ്രത്തില്‍ നിന്നും വിവരം ലഭിച്ചിട്ടില്ലെന്നാണ് അറിയാന്‍ സാധിച്ചത്.

റോയ് മാത്യുവിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് റോയിനെ കാണാതാകുന്നത്. കാണാതാകുന്നതിന് മുന്‍പ് ഇയാള്‍ ഭാര്യയെ ഫോണ്‍ വിളിക്കുകയും, ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ മുതിര്‍ന്ന സൈനീകര്‍ക്കെതിരെ പരാതി ഉന്നയിച്ചെന്ന് പറയുകയും ചെയ്തിരുന്നു. 

തന്റെ പേര് പുറത്തുവിടില്ലെന്ന് ഓണ്‍ലൈന്‍ മാധ്യമം ഉറപ്പു നല്‍കിയിരുന്നെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്റെ പേര് കണ്ടെത്തിയതായും റോയ് മാത്യു ഭാര്യയോട് പറഞ്ഞിരുന്നു. റോയ് മാത്യുവിനെ കൂടാതെ നാലു ജവാന്മാര്‍ കൂടി ഒളിക്യാമറയിലൂടെ മുതിര്‍ന്ന സൈനീക ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. മുഖം വ്യക്തമാക്കാതെയാണ് ഇവരുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടത്. ജവാന്മാരുടെ വെളിപ്പെടുത്തല്‍ ബട്ടന്‍ ക്യാമറയിലൂടെ റെക്കോര്‍ഡ് ചെയ്തതായാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com