അയോധ്യയില്‍ ചര്‍ച്ചകള്‍ നിറയുന്നു, ഭീതിയും 

അയോധ്യ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ കത്തിക്കരിഞ്ഞ ശവശരീരങ്ങള്‍ക്കിടയില്‍ നിന്നും ജീവിതം വീണ്ടും പടുത്തിയര്‍ത്തിയ ഒരു ജനത ഭയത്തിലാണ്. 
അയോധ്യയില്‍ ചര്‍ച്ചകള്‍ നിറയുന്നു, ഭീതിയും 

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാവ് എല്‍കെ അഡ്വാനിക്കും മറ്റ് ബിജെപി,വിശ്വഹിന്ദു പരിഷത് നേതാക്കള്‍ക്കും എതിരെ ഗൂഡാലോചന കുറ്റം ഇപ്പോഴും നിലനില്‍ക്കുന്നു എന്നുള്ള സുപ്രീം കോടതിയുടെ പരാമര്‍ശം വീണ്ടും ആയോധ്യയിലെ തര്‍ക്ക ഭൂമിയെ പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. 

സുപ്രീം കോടതി പരാമര്‍ശം വന്നതിന് ശേഷം അയോധ്യയില്‍ സുരക്ഷാ സേന കൂടുല്‍ സേനയെ വിന്യസിച്ചു. രാമ ജന്‍മഭൂമിയേയും ബാബറി മസ്ജിനേയും പറ്റി വരുന്ന ഒരു ചെറിയ വാര്‍ത്തപോലും അയോധ്യയിലെ ജനങ്ങളെ അസ്വസ്ഥരാക്കുകയും രക്തരൂക്ഷിതമായ കലാപ നാളുകളിലെ ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടു പോകുകയും ചെയ്യും. 

"എപ്പോള്‍ കോടതിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പരാമര്‍ശം വരുന്നോ, അപ്പോള്‍ ഇവിടുത്തുകാര്‍ അസ്വസ്ഥരാകും. കരുതിക്കൂട്ടി ഉണ്ടാക്കിയ ആ ലഹള ഞാന്‍ നേരിട്ടു കണ്ടതാണ്. ഇപ്പോഴും അതിന്റെ  മുറിവുകള്‍ മാഞ്ഞുപോയിട്ടില്ല" പ്രസിദ്ധമായ ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തിന് മുന്നില്‍ കച്ചവടം നടത്തുന്ന രാംബാബു ഗുപ്തയുടേതാണ് മുകളില്‍ പറഞ്ഞ വാക്കുകള്‍. കലാപം നടക്കുമ്പോള്‍ രാംബാബുവിന് 22 വയസായിരുന്നു പ്രായം. 
"ചര്‍ച്ചകളും ഉടമ്പടികളും കൊണ്ടു മാത്രമേ കാര്യമുള്ളു. കോടതിക്ക് ഇതില്‍ മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ല". രാംബാബു പറയുന്നു.

സുപ്രീം കോടതി പരാമര്‍ശം ടിവി ചാനലുകളില്‍ ഫഌഷായി കാട്ടിത്തുടങ്ങിയത് മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു.

അക്രമത്തിന് കാരണക്കാരായ എല്ലാവരേയും ശിക്ഷിച്ചാല്‍ ഇനിയാരും അക്രമത്തിന് മുതിരില്ല എന്നാണ് പ്രശ്‌ന ഭൂമിയുടെ അടുത്തു താമസിക്കുന്ന സുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ പറയുന്നത്. "ഇതൊരു ഹിന്ദു-മുസ്ലീം പ്രശ്‌നമല്ല. ഒരു വിഭാഗം പരിശുദ്ധമാണെന്ന് വിശ്വസിക്കുന്ന ഒരിടം നശിപ്പിക്കാന്‍ മറ്റൊരു കൂട്ടര്‍ക്ക് എന്താണധികാരം? ഞങ്ങളുടെ വിഭാഗത്തിലെ ഭൂരിഭാഗം പേരും പറയുന്നത് ഒരു കൂട്ടരുടെ മതവിശ്വാസ സ്ഥലം നശിപ്പിച്ചു കളയരുത് എന്നാണ്." അദ്ദേഹം പറയുന്നു. 

"ഞങ്ങള്‍ക്ക് ജോലി വേണം, ഞങ്ങള്‍ക്ക് പൊതു സമൂഹത്തില്‍ നിലയും വിലയും വേണം.ഞങ്ങള്‍ക്ക് മനസ്സിലാകാത്തത് എന്തിനാണ് ഒരുകൂട്ടര്‍ ഇപ്പോഴും അതിനെ പറ്റി ചിന്തിക്കുന്നത് എന്നതാണ്." ലഹള നടന്ന് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ജനിച്ച അഭയ് ചോദിക്കുന്നു. 1992ന് ശേഷം ജനിച്ച യുവാക്കള്‍ സംസാരിക്കുന്നത് വിദ്യാഭ്യാസത്തെ കുറിച്ചും ജോലിയേയും പറ്റിയാണ് എന്നത് പ്രതീക്ഷയുണര്‍ത്തുന്ന കാര്യമാണ്. നല്ല ജോലി കിട്ടാത്തത് കൊണ്ട് ലക്‌നൗവിലേക്കോ ഡല്‍ഹിയിലേക്കോ അവര്‍ക്ക് പോകേണ്ടി വരുന്നു. 

അയോധ്യ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ കത്തിക്കരിഞ്ഞ ശവശരീരങ്ങള്‍ക്കിടയില്‍ നിന്നും ജീവിതം വീണ്ടും പടുത്തിയര്‍ത്തിയ ഒരു ജനത ഭയത്തിലാണ്. രാഷ്ട്രീയക്കാര്‍ക്ക് അയോധ്യ വിഷയം എപ്പോഴും പ്രസക്തമായി നിര്‍ത്തേണ്ടത് ആവശ്യമാണ്. എന്നാല്‍ അയോധ്യയിലെ ജനങ്ങള്‍ക്ക് ഓരോ വാര്‍ത്തയും മരണത്തെപ്പറ്റിയോര്‍ക്കാനുള്ളതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com