ഗോലിയാത്തിനെ വീഴ്ത്തി, ഗോലിയാത്തിനൊപ്പം വീണു

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതാണ് എസ്പിക്കു വിനയായതെന്ന വിലയിരുത്തലുകള്‍ ഇതിനകം തന്നെ വിവിധ കോണുകളില്‍നിന്നും വന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ ആക്ഷേപത്തിനു ശക്തികൂടാനാണ് സാധ്യത.
ഗോലിയാത്തിനെ വീഴ്ത്തി, ഗോലിയാത്തിനൊപ്പം വീണു

ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദ് എന്നായിരുന്നു 2012ലെ നിയമസഭാ തെരഞ്ഞെടുപ്പു ജയിച്ചപ്പോള്‍ അഖിലേഷ് യാദവ് വിശേഷിപ്പിക്കപ്പെട്ടത്. അന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അഖിലേഷും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായാണ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പു വിലയിരുത്തപ്പെട്ടത്. അഞ്ചു വര്‍ഷത്തിനിപ്പുറം അന്നു താന്‍ വീഴ്ത്തിയ ഗോലിയാത്തിനൊപ്പം പരാജയത്തിന്റെ പടുകുഴിയിലേക്കു വീണിരിക്കുകയാണ് അഖിലേഷ്.

ബിജെപി ചിത്രത്തില്‍ എവിടെയും ഇല്ലാതിരുന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ നിന്നു പോരടിക്കുകയായിരുന്നു സമാജ്് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും. എസ്പിയുടെ തന്ത്രങ്ങള്‍ മെനഞ്ഞതും പ്രചാരണത്തെ നയിച്ചതും അന്നു കനൗജ് എംപിയായിരുന്ന അഖിലേഷ് യാദവ് ആയിരുന്നു. പിതാവ് മുലായം സിങ് യാദവിനെ പിന്‍സീറ്റിലേക്കു തള്ളി അഖിലേഷ് നടത്തിയ മുന്നേറ്റം അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പാരമ്പര്യ രീതികളില്‍നിന്നു മാറി എസ്പി പുതിയ പ്രചാരണ ശൈലിയിലേക്കും യുവാക്കളെ കൈയിലെടുക്കുന്ന തന്ത്രങ്ങളിലേക്കും മാറിയത് ഈ തെരഞ്ഞെടുപ്പോടെയായിരുന്നു. മറുവശത്ത് രാഹുല്‍ ഗാന്ധിയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെ നയിച്ചത്. ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി എസ്പി അധികാരത്തില്‍ തിരിച്ചെത്തിയത് അഖിലേഷിന്റെ വിജയമായി ആഘോഷിക്കപ്പെട്ടു. എംപി സ്ഥാനം ഉപേക്ഷിച്ച് അഖിലേഷ് യുപിയുടെ പ്രായം കുറഞ്ഞ മുഖ്യമന്ത്രിയുമായി. 

ഇത്തവണ പക്ഷേ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. മോദി തരംഗം ആ്ഞ്ഞുവീശിയ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം യുപിയുടെ രാഷ്ട്രീയ കാലാവസ്ഥ പാടേ മാറിയിരുന്നു. ഇതു മനസിലാക്കിയാണ് അഖിലേഷ് കോണ്‍ഗ്രസുമായി സഖ്യത്തിലെത്തിയത്. മുലായം സിങ് കടുത്ത എതിര്‍പ്പുയര്‍ത്തിയിട്ടും സഖ്യനീക്കവുമായി മുന്നോട്ടുപോവുകയായിരുന്നു അഖിലേഷ്. കഴിഞ്ഞ തവണ നേര്‍ക്കുനേര്‍ നിന്നു പോരടിച്ച അഖിലേഷും രാഹുലും ഇക്കുറി ഒരേ വാഹനത്തില്‍ നടത്തിയ റോഡ് ഷോ യുപിയിലെ പ്രചാരണരംഗത്ത് വലിയ ചലനമാണ് സൃഷ്ടിച്ചത്്. കോണ്‍ഗ്രസിനെ കൂടെക്കൂട്ടിയ എസ്പി തന്ത്രം ഫലം കണ്ടേക്കുമെന്ന വിലയിരുത്തലുകള്‍ക്കും അതു വഴിവച്ചു. എന്നാല്‍ രാഹുലിനെ വീഴ്ത്തിയതിന് പ്രശംസിക്കപ്പെട്ട അഖിലേഷ് രാഹുലിനൊപ്പം വീഴുന്ന കാഴ്ചയാണ് ഫലം പുറത്തുവന്നപ്പോള്‍ ദൃശ്യമാവുന്നത്. 

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതാണ് എസ്പിക്കു വിനയായതെന്ന വിലയിരുത്തലുകള്‍ ഇതിനകം തന്നെ വിവിധ കോണുകളില്‍നിന്നും വന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ ആക്ഷേപത്തിനു ശക്തികൂടാനാണ് സാധ്യത. മുലായം സിങ്ങുമായും ശിവ്പാല്‍ യാദവുമായും ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. തികച്ചും വ്യക്തികേന്ദ്രീകൃതമായ പ്രവര്‍ത്തനമാണ് പ്രാചരണത്തില്‍ ഉടനീളം അഖിലേഷ് നടത്തിയത്. അഖിലേഷിന്റെ, ഹാര്‍വാഡില്‍നിന്നുള്ള പ്രചാരണ മാനേജര്‍മാര്‍ അത്തരമൊരു ക്യാംപയ്‌നാണ് ആസൂത്രണം ചെയ്തതും. കാം ബോല്‍ത്താ ഹെ (പ്രവൃത്തി സംസാരിക്കട്ടെ) എന്നതായിരുന്നു അഖിലേഷ് ക്യാംപിന്റെ മുഖ്യ പ്രചാരണ മുദ്രാവാക്യം. സര്‍ക്കാര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളെ വോട്ടാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പ്രചാരണം തയാറാക്കിയതും. ഇതൊന്നും ഏല്‍ക്കാത്ത സാഹചര്യത്തില്‍ വലിയ വെല്ലുവിളിയാവും പാര്‍്ട്ടിയില്‍നിന്ന് അഖിലേഷ് യാദവിന് നേരിടേണ്ടിവരിക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com