രാഹുല്‍ ഗാന്ധിയെ പഴി പറയും മുമ്പ് ഈ കണക്കുകള്‍ കൂടി നോക്കുക

ബിജെപിയും മറ്റുള്ളവരും പറയുന്നത് പോലെ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ പരാജയമായിരുന്നോ ഉത്തര്‍പ്രദേശിലും ബാക്കിയുള്ള നാല് സംസ്ഥാനങ്ങളിലും കണ്ടത്
രാഹുല്‍ ഗാന്ധിയെ പഴി പറയും മുമ്പ് ഈ കണക്കുകള്‍ കൂടി നോക്കുക

ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസ് പതനം പൂര്‍ത്തിയായി എന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ശക്തമാണ്. പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും അണികള്‍ക്കിടയില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ മാറ്റത്തിന് വേണ്ടിയും സമ്പൂര്‍ണ്ണ ഉടച്ചു വാര്‍ക്കലുകള്‍ക്കും വേണ്ടി മുറവിളി ശക്തമായി കൊണ്ടിരിക്കുന്നു. എന്നാല്‍ ബിജെപിയും മറ്റുള്ളവരും പറയുന്നത് പോലെ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ പരാജയമായിരുന്നോ ഉത്തര്‍പ്രദേശിലും ബാക്കിയുള്ള നാല് സംസ്ഥാനങ്ങളിലും കണ്ടത്? അല്ല എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

2014ലെ കനത്ത തോല്‍വിയെ വെച്ചു നോക്കുമ്പോള്‍ പിന്നീടു നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്‌ട്രൈക് റേറ്റ് മെച്ചപ്പെടുത്തുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മത്സരിച്ച സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായി നോക്കിയാല്‍ വിജയിച്ച സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. വോട്ട് വിഹിതത്തിലും കാര്യമായ വര്‍ധനയുണ്ടായി.  

ലോക്‌സഭ ഇലക്ഷന് ശേഷം കേരളം ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പു നടന്നത്. മഹാരാഷ്ട്രാ, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഡല്‍ഹി, ബംഗാള്‍,തമിഴ്‌നാട്,കേരളം,അസം,ഉത്തര്‍പ്രദേശ്,പഞ്ചാബ് എന്നിവയാണ് ഈ പത്തു സംസ്ഥാനങ്ങള്‍. ലോക്‌സഭയില്‍ ആകെയുളള സീറ്റിന്റെ അറുപതു ശതമാനം വരും ഈ പത്തു സംസ്ഥാനങ്ങളില്‍നിന്നുള്ള സീറ്റിന്റെ എണ്ണം. അതായത് 534ല്‍ 317. ഈ ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് അകത്തു വരുന്ന നിയമസഭാ സീറ്റുകളുടെ കണക്കെടുത്തു പരിശോധിച്ചാല്‍ 1544 സീറ്റിലാണ് കോണ്‍ഗ്രസ് 2014ല്‍ മത്സരിച്ചത്. ജയിച്ചത് 194ല്‍ മാത്രം. അതായത് പതിമൂന്നു ശതമാനം.

ഇതേ സംസ്ഥാനങ്ങളില്‍ പിന്നീടു നടന്ന തെരഞ്ഞെടുപ്പുകളിലായി കോണ്‍ഗ്രസ് മത്സരിച്ചത് 1032 സീറ്റില്‍. വിജയിച്ചത് 258ല്‍. വിജയശതമാനം ഇരുപത്തിയഞ്ച്. അതായത് ഇരട്ടിയോളം വര്‍ധനയാണ് കോണ്‍ഗ്രസിന്റെ വിജയ നിരക്കില്‍ ഉണ്ടായത്.  

2014ലും 2017നും ഇടയിലുള്ള തെരഞ്ഞെടുപ്പുകളിലായി കോണ്‍ഗ്രസിന്റെ വോട്ടു വിഹിതത്തിലുണ്ടായ വര്‍ധന പത്തു ശതമാനമാണെന്നാണ് കണക്കുകള്‍. ഈ പത്തു സംസ്ഥാനങ്ങളില്‍ എട്ടെണ്ണത്തില്‍  2014ലെ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ ജയിക്കാനും കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. ഇതില്‍ പുതുതായി ഉണ്ടാക്കിയ സഖ്യങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എങ്കിലും രാഹുല്‍ ഗാന്ധിയെ തീര്‍ത്തും തള്ളിപ്പറയുന്നവര്‍ ഈ കണക്കുകള്‍ക്കു കൂടി മറുപടി പറയേണ്ടി വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com