150 മണിക്കൂര്‍, 50 തീരുമാനങ്ങള്‍; യുപിയില്‍ യോഗിയുടെ വണ്‍ മാന്‍ ഷോ

ആദ്യ മന്ത്രിസഭാ യോഗം പോലും ചേരുന്നതിന് മുന്‍പെയാണ് യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രിയായുള്ള വണ്‍ മാന്‍ ഷോ
150 മണിക്കൂര്‍, 50 തീരുമാനങ്ങള്‍; യുപിയില്‍ യോഗിയുടെ വണ്‍ മാന്‍ ഷോ

ലഖ്‌നൗ: അധികാരത്തിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭരണം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിലെത്തി 150 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 50 തീരുമാനങ്ങളാണ് യോഗി ആദിത്യനാഥ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ മന്ത്രിസഭാ യോഗം പോലും ചേരുന്നതിന് മുന്‍പെയാണ് യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രിയായുള്ള വണ്‍ മാന്‍ ഷോ.

എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ക്കെതിരെ ഉയരുന്നത്. ആന്റി റോമിയോ സ്‌ക്വാഡും, അറവുശാലകള്‍ അടച്ചുപൂട്ടുന്നതിനുള്ള പ്രഖ്യാപനവും വിവാദമായിരുന്നു. അതിനിടെ 20 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് യുപിയില സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് തയ്യാറല്ലാത്തവര്‍ ജോലിയില്‍ നിന്നും മാറി നില്‍ക്കുകയാണ് വേണ്ടതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. 

ഗോരഘ്പൂരില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു ആദിത്യനാഥിന്റെ നിര്‍ദേശം. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് സര്‍ക്കാര്‍ ധനസഹായം ഉറപ്പുവരുത്തും. യുവാക്കള്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോകാതിരിക്കുന്നതിനായി സംസ്ഥാനത്ത് കൂടുതല്‍ തൊഴിലസവരങ്ങള്‍ സൃഷ്ടിക്കുമെന്നും ആദിത്യനാഥ് വ്യക്തമാക്കി. 

രാഷ്ട്രീയക്കാരുടെ മറവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഗുണ്ടകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതായും, മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമികളെ പിടികൂടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. 

കവിയായിരുന്ന തുലസീദാസ് അക്ബറിനെ ഒരിക്കലും രാജാവായി കണ്ടിരുന്നില്ലെന്നും രാമനെ മാത്രമാണ് തുലസീദാസ് ദൈവമായി അംഗീകരിച്ചിരുന്നതെന്നുമുള്ള ആദിത്യനാഥിന്റെ പ്രസ്താവന വിവാദമായിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടിലുള്ള ജനങ്ങളിലേക്കെത്തിക്കാനും മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com