പോപ് സംഗീതതാരം ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തി; ആവേശത്തോടെ സംഗീതാരാധകര്‍

പോപ് സംഗീത ലോകത്ത് തരംഗമായി മാറിയ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തി.
മുംബൈയിലെത്തിയ ജസ്റ്റിന്‍ ബീബറും സംഘവും
മുംബൈയിലെത്തിയ ജസ്റ്റിന്‍ ബീബറും സംഘവും

മുംബൈ: പോപ് സംഗീത ലോകത്ത് തരംഗമായി മാറിയ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തി. മുംബൈയിലെ കലീന വിമാനത്താവളത്തില്‍ താരമിറങ്ങിയപ്പോള്‍ സംരക്ഷണയ്ക്കായെത്തിയത് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാന്റെ ബോര്‍ഡിഗാര്‍ഡായ ഷേര. വിമാനത്താവളത്തില്‍ നിന്നും നേരെ താരവും സംഘവും ഷേരയ്‌ക്കൊപ്പം ആഡംബര ഹോട്ടലിലേക്ക് പോയി. 

വേള്‍ഡ് ടൂറിന്റെ ഭാഗമായി ദുബായില്‍ അവതരിപ്പിച്ച സംഗീത പരിപാടിക്കു ശേഷം സ്വകാര്യ ജറ്റ് വിമാനത്തില്‍ പുലര്‍ച്ചെ 1.30 നാണ് അദ്ദേഹം മുംബൈയിലിറങ്ങിയത്. ജസ്റ്റിന്‍ ബീബറിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ആയിരക്കണക്കിന് ആരാധകരാണ് ബീബറെ കാണാന്‍ വിമാനത്താവളത്തില്‍ തടിച്ചു കൂടിയത്.

അറുപതിനായിരം പേരെ ഉള്‍ക്കൊള്ളുന്ന മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയത്തിലാണ് ബീബറിന്റെ സംഗീത പരിപാടി നടക്കുക. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന പരിപാടി കാണാന്‍ നിര്‍ധനരായ നൂറ് കുട്ടികള്‍ക്കും അവസരം നല്‍കിയിട്ടുണ്ട്. ബീബറിന്റെ ആരാധകര്‍ ഇന്ത്യയില്‍ നിന്നുമാത്രമല്ല. വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പരിപാടി നടക്കുന്ന വേദിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പാടാക്കിയിട്ടുള്ളത്. നഗരം കണ്ട എക്കാലത്തേയും വലിയ സംഗീത പരിപാടിയെ വരവേല്‍ക്കാന്‍ ഡ്രോണ്‍ അടക്കമുള്ള സംവിധാനവുമായി മുംബൈ പോലീസും വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 

1500ലേറെ പോലീസുകാരെയാണ് പരിപാടിക്കായി നിയോഗിച്ചിരിക്കുന്നത്. അമ്പതിനായിരത്തിലധികം പേര്‍ സംഗീത പരിപാടി ആസ്വദിക്കാന്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. ആരാധകര്‍ വന്‍ ആഘോഷത്തിലാണെങ്കിലും ബീബര്‍ ആര്‍ക്കും ഓട്ടോഗ്രാഫ് നല്‍കില്ല. താരവുമായി ഇടപഴകാനും ആര്‍ക്കും അവസരമുണ്ടാകില്ല. സെല്‍ഫോണും അനുവദിക്കില്ല

സംഗീത പരിപാടിയെ കൂടാതെ ഡല്‍ഹി, ജയ്പൂര്‍, ആഗ്ര എന്നീ നഗരങ്ങളും മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, കാലാഘോഡ തുടങ്ങിയ സ്ഥലങ്ങളും ബീബര്‍ സന്ദര്‍ശിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com