സര്‍വീസ് ചാര്‍ജ്ജ് കണ്ടു ഭയക്കരുത്; നിങ്ങളുടെ ഡീല്‍ ഒരു ഇന്റര്‍നാഷനല്‍ ബാങ്കുമായാണ്!!!

എസ്.ബി.ഐയിലേക്കു അസോഷ്യേറ്റഡ് ബാങ്കുകള്‍ ചേര്‍ത്തത് ഒരു തുടക്കം മാത്രമായിരുന്നു. എ.ടി.എം കാര്‍ഡ് മുതല്‍ ബാങ്ക് വാങ്ങുന്ന മൊട്ടു സൂചി വരെ ലാഭാകരമായിരിക്കണം എന്നതാണ് രാജ്യാന്തര മാനദണ്ഡം
ചിത്രം: മെല്‍ട്ടന്‍ ആന്റണി/എക്‌സ്പ്രസ്‌
ചിത്രം: മെല്‍ട്ടന്‍ ആന്റണി/എക്‌സ്പ്രസ്‌

►132 കോടി ജനങ്ങളുള്ള രാജ്യത്തെ പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും സംബന്ധിച്ച് അത് ഒരു ചെറിയ മോഹം മാത്രമാണ്. ലോകത്തെ ആദ്യ 50 ബാങ്കുകളില്‍ ഒന്ന് ഇന്ത്യയില്‍ നിന്നാവുക എന്ന ആഗ്രഹം. അതു സാധിക്കാനായി ലോക റാങ്കിങ്ങില്‍ 52-ാം സ്ഥാനത്തുള്ള എസ്.ബി.ഐയുടെ കൂടെ ആറ് അസോഷ്യേറ്റ് ബാങ്കുകളെ ചേര്‍ത്ത് 45–ാം റാങ്കില്‍ എത്തിക്കാന്‍ കേന്ദ്ര മന്ത്രിസഭ തിരുമാനിച്ചു. അന്നു തന്നെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധവും തുടങ്ങി. റാങ്കില്‍ മുകളിലെത്തുക എന്ന വൈകാരികമായ ഒരു കാരണം മാത്രമല്ല കേന്ദ്രസര്‍ക്കാരിനു മുന്നിലുള്ളത്. അതുപോലെ കേരളം ആസ്ഥാനമായ ഏക പൊതുമേഖലാ ബാങ്ക് നഷ്ടപ്പെട്ടു എന്ന അതിവൈകാരികത മാത്രമല്ല സംസ്ഥാനത്തിന്റെയും പ്രശ്‌നം. നിസാമിന്റെ ഭരണകാലത്തെ ഇപ്പോഴും താലോലിക്കുന്നവര്‍ക്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നാല്‍ തെലുങ്കാന ബാങ്ക് തന്നെയാണ്. അതിവൈകാരികതയുടെ 75  വര്‍ഷത്തെ ചരിത്രമുള്ള ആ സ്ഥാപനമാണ് അവിടെ ഇല്ലാതായത്. 
അങ്ങനെ വേറിട്ട ചരിത്രവും വ്യത്യസ്ത ആസ്തിയും സവിശേഷ ഇടപാടുകളും ഉള്ള ആറുബാങ്കുകളെ യോജിപ്പിച്ച് എസ്.ബി.ഐ. 37 ലക്ഷം കോടി രൂപയുടെ വലിയൊരു പ്രസ്ഥാനമാകുമ്പോള്‍ അഭിമാനിക്കണോ പ്രതിഷേധിക്കണോ എന്നാണു ചോദ്യം. ദേശീയ താല്പര്യമാണോ, പ്രാദേശിക വികാരമാണോ മുന്നില്‍ വരേണ്ടത്?  ലോക റാങ്കില്‍ ഏഴു പടി കയറിയതുകൊണ്ട് എന്തു നേട്ടമാണു രാജ്യത്തിന് ഉണ്ടാവുക? അസോഷ്യേറ്റ് ബാങ്കുകളുടെ പ്രാദേശിക അടിത്തറ ഇല്ലാതാക്കുന്നത് ആര്‍ക്കു വഴിയൊരുക്കാനാണ്? സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇല്ലാതായാല്‍ എന്തു നഷ്ടമാണു കേരളത്തിന് ഉണ്ടാവുക?  

വൈകാരികമായ ഈ ചോദ്യങ്ങള്‍ക്കപ്പുറം എസ്.ബി.ഐ. ലയനത്തിനു സാമ്പത്തികവും സാമൂഹികവുമായ ഒരു പ്രാധാന്യമുണ്ട്. അത് ഇന്ത്യ സ്വീകരിക്കാന്‍ പോകുന്ന പുതിയ ബാങ്കിങ്, ഇന്‍ഷൂറന്‍സ് ചട്ടങ്ങളുടെ വരവറിയിപ്പു കൂടിയായിരുന്നു എന്നന്നതാണ്. ആ വഴിയൊരുക്കലിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ ഒരു ജംഗമവസ്തു എന്നതുപോലെ ജപ്തിചെയ്ത് എസ്.ബി.ഐയിലേക്കു കൊണ്ടുപോകുമ്പോള്‍ ചരിത്രം പലതും ഓര്‍മ്മിപ്പിക്കും. 

പാലാ ബാങ്ക് മുതല്‍ 
നായര്‍ ബാങ്ക് വരെ

എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിന് എതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെല്ലാം വൈകാരികമായിരുന്നു. കേരളത്തിന്റെ ഒരേയൊരു ബാങ്ക്, തിരുവിതാംകൂര്‍ രാജാവ് സ്ഥാപിച്ച പ്രസ്ഥാനം, കര്‍ഷകരുടെ ഉപ്പ് തുടങ്ങിയവയാണു ചൂണ്ടിക്കാണിക്കാന്‍ ഉള്ളത്. തൊഴില്‍ പോകുന്നതും പ്രമോഷന്‍ സാധ്യത ഇല്ലാത്തതും ഉന്നയിച്ചാണു ജീവനക്കാര്‍ സമരം നടത്തിയത്. ഇതെല്ലാം ലോകത്തിന്റെ മുന്‍നിരയിലേക്കു വരാന്‍പോവുകയാണ് എസ്.ബി.ഐ. എന്ന ന്യായീകരണത്തിനു മുന്നില്‍ അല്പം പോലും നിലനില്‍ക്കാത്ത കാര്യങ്ങളായിരുന്നു. 'എസ്.ബി.ഐ-എസ്.ബി.ടി. ലയനമെന്നതു സാങ്കേതികമായ കാര്യം മാത്രമാണ്. ഇപ്പോള്‍ തന്നെ എസ്.ബി.ടിയുടെ ഉടമസ്ഥതയുടെ 80 ശതമാനവും എസ്.ബി.ഐക്കാണ്. പൊതു സാങ്കേതിക സംവിധാനങ്ങളാണ് ഇരുബാങ്കുകളും ഉപയോഗിക്കുന്നത്'- എസ്.ബി.ടിയുടെ പുതിയ മാനേജിങ് ഡയറക്ടറായി ജൂണില്‍ ചുമതലയേറ്റ സി.ആര്‍. ശശികുമാര്‍ ലയനത്തിനു മുന്‍പു വിശദീകരിച്ചു. 
ഇതേ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണു ഫെഡറല്‍ ബാങ്കിന്റെ മുന്‍ ചെയര്‍മാനായ കെ.പി. പത്മകുമാറും അന്നു നിലപാടു വിശദീകരിച്ചത്: ''ജീവനക്കാരുടെ പ്രമോഷന്റെ കാര്യത്തില്‍ ചില ആശങ്കകള്‍ക്കു സാധ്യതയുണ്ട് എന്നതു ശരിയാണ്. പക്ഷേ, ലോകത്തിലെ അന്‍പതു ബാങ്കുകളില്‍ ഒന്നായി ഇന്ത്യയില്‍ നിന്നൊരു ബാങ്ക് വന്നാല്‍ ഉണ്ടാകാവുന്ന നേട്ടം നിസ്‌സാരമല്ല. ബാങ്കിങ് ചെലവില്‍ വലിയ കുറവു വരുന്നതോടെ ആത്യന്തികമായി ഇടപാടുകാര്‍ക്കാണു നേട്ടം ഉണ്ടാവുക. ഒരേ ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ ഒരേ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ ബാങ്കുകള്‍ ലയിക്കുന്നതുകൊണ്ട് ഒരു നഷ്ടവും സംഭവിക്കില്ല. നിലവില്‍ എസ്.ബി.ടിയുടെ തലപ്പത്ത് എത്തുന്നവരെല്ലാം എസ്.ബി.ഐയില്‍ നിന്നുള്ളവരാണ്.'
സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനും സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും ഒന്നിച്ചു പങ്കെ ടുത്ത യോഗത്തില്‍ കഴിഞ്ഞ ജൂണ്‍ ആദ്യവാരം രൂപീകരിച്ച സേവ് എസ്.ബി.ടി ഫോറം പ്രധാനമായും തൊഴില്‍ സുരക്ഷയാണ് അജന്‍ഡയായി മുന്നോട്ടു വച്ചത്. പകുതിയില്‍ അധികം എസ്.ബി.ടി ശാഖകള്‍ പൂട്ടാനുള്ള സാധ്യത, ജീവനക്കാര്‍ക്ക് അന്യസംസ്ഥാനങ്ങളിലേക്കു പോകേണ്ടിവരുന്ന അവസ്ഥ തുടങ്ങിയവയായിരുന്നു ആ പ്രശ്‌നങ്ങള്‍. കേരളത്തിനു വൈകാരിക ബന്ധമുള്ള ബാങ്ക് പൂട്ടുന്നു എന്ന വാചകത്തിന്റെ ചുറ്റുമാണു രാഷ്ര്ടീയനേതാക്കള്‍ ഇപ്പോഴും കറങ്ങുന്നത്. യഥാര്‍ത്ഥത്തില്‍ ബാങ്കുകളുടേയും വ്യവസായങ്ങളുടേയും കാര്യത്തില്‍ പറഞ്ഞുനില്‍ക്കാന്‍ ഉപകരിക്കുന്നതല്ല വൈകാരികത. അവിടെ ബാലന്‍സ് ഷീറ്റിനു മാത്രമാണു വില. അത്തരമൊരു ബാലന്‍സ് ഷീറ്റ് എടുക്കുമ്പോള്‍ ഒരു നൂറ്റാണ്ടു പിന്നിലുള്ളതു മുതല്‍ എടുക്കേണ്ടിയും വരും. 
എസ്.ബി.ടി. എന്നാല്‍ ശരിക്കും ഒരു ബാങ്കല്ല-ഒരു ഡസനോളം ബാങ്കുകളാണ്. സംസ്ഥാനത്തിന്റെ ബാങ്കിങ് ചരിത്രത്തോളം തന്നെ പഴക്കമുള്ളത്. ആ ചരിത്രമാകട്ടെ, കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതുമാണ്. ഏഴാം കഌസ്‌സിലെ പാഠപുസ്തകത്തില്‍ പറയുന്നതുപോലെ തിരുവിതാംകൂര്‍ രാജാവ് ട്രാവന്‍കൂര്‍ ബാങ്കിന് അനുമതി നല്‍കി എന്ന ഒറ്റ വാചകത്തില്‍ ആരംഭിക്കുന്നതല്ല ആ ചരിത്രം. സി.പി. രാമസ്വാമി അയ്യര്‍ എന്ന ദിവാന്റെ ഭരണകൗശലത്തില്‍ മാത്രം ഒതുക്കാനും കഴിയില്ല. തിരുവിതാംകൂറിന്റെ ദേശീയ ബാങ്കായി രൂപീകരിച്ച ട്രാവന്‍കൂര്‍ ബാങ്കിലേക്ക് ഇപ്പോള്‍ എസ്.ബി.ഐയിലേക്ക്, അസോഷ്യേറ്റ് ബാങ്കുകളെ സംയോജിപ്പിച്ചതുപോലെ തന്നെയാണ്, നിരവധി ബാങ്കുകള്‍ ചേര്‍ക്കപ്പെട്ടത്.  
ഇന്‍ഡോ മര്‍ക്കന്റൈല്‍ ബാങ്ക്,  കല്‍ദായ സിറിയന്‍ ബാങ്ക്, ട്രാവന്‍കൂര്‍ ഫോര്‍വേഡ് ബാങ്ക്, കോട്ടയം ഓറിയന്റ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെല്ലാം ഇപ്പോള്‍ നടക്കുന്നതുപോലുള്ള നടപടികളുടെ ഭാഗമായി ചേര്‍ത്തവയാണ്. അതിലേക്കു പിന്നീടു ചേര്‍ക്കപ്പെട്ട ബാങ്കുകളാണ് വസുദേവവിലാസം ബാങ്ക്, കൊച്ചിന്‍ നായര്‍ ബാങ്ക്, ചമ്പക്കുളം കാത്തലിക് ബാങ്ക്, ലാറ്റിന്‍ ക്രിസ്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ആലുവ എന്നിവ. 
ഇങ്ങനെ പതിനൊന്നു ബാങ്കുകള്‍ ചേര്‍ന്നതാണ് എന്നു കണക്കാക്കിയാല്‍ എസ്.ബി.ടിയുടെ ചരിത്രം ആരംഭിക്കുന്നത് അത് അവകാശപ്പെടുന്നതുപോലെ 1946-ല്‍ അല്ല. 1918-ല്‍ തുടങ്ങിയ കല്‍ദായ സിറിയന്‍ ബാങ്കിന്റെ കാലത്തുതന്നെ അതു തുടങ്ങുന്നുണ്ട്. ആ ബാങ്കുകളുടെ ആസ്തി കേരളത്തിലെ ഗ്രാമവാസികളുടെ അധ്വാനത്തിന്റെ കൂടി ഫലമാണ്.  ബാങ്ക് ഓഫ് ആലുവയിലും ചമ്പക്കുളം ബാങ്കിലുമെല്ലാം കാര്‍ഷിക വരുമാനം നിക്ഷേപിച്ചവരില്‍നിന്ന് വളര്‍ത്തിയെടുത്ത സംവിധാനം. ഈ ഒരു ഡസനോളം വരുന്ന ബാങ്കുകളും തനിയെ ഉണ്ടായതല്ല. അന്നത്തെ പ്രാദേശികമായ ധനഇടപാടു സ്ഥാപനങ്ങള്‍ യോജിപ്പിച്ചു ബാങ്കാക്കി മാറ്റിയതാണ് എല്ലാം. 
ഇതുതന്നെയാണ് ഇപ്പോള്‍ യോജിപ്പിക്കപ്പെട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിന്റെ അവസ്ഥയും. 'കഴിഞ്ഞവര്‍ഷം 1,061 കോടി രൂപ ലാഭമുണ്ടാക്കിയ ബാങ്കാണ്. സംസ്ഥാനത്തിനു വലിയ ലാഭവിഹിതം ലഭിക്കുന്ന ഈ ബാങ്ക് ഇല്ലാതാക്കുക എന്നതു വലിയ ഗൂഢാലോചനയുടെ ഭാഗമാണ്.' -സി.പി.ഐ. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ധിയുടെ വാക്കുകള്‍. എസ്.ബി.എച്ചിനെ അങ്ങനെ ആരും അവിടെ വിളിക്കാറില്ല. തെലുങ്കാന ബാങ്ക് എന്നാണു വിളിപ്പേര്. കര്‍ഷകരുടെ ജീവിതവുമായി അത്രയേറെ ഇഴുകിച്ചേര്‍ന്ന സംവിധാനം. എസ്.ബി.ടിക്കും എസ്.ബി.എച്ചിനും പുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നിവയാണു യോജിപ്പിച്ചത്. ഓരോ ബാങ്കിനും വൈകാരികമായ ഓരോ ചരിത്രം ലയനവിരുദ്ധമായി പറയാനുണ്ടാകും. പക്ഷേ, ഇതിനൊക്കെ മുകളിലാണ് ലയിപ്പിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍. അതില്‍ ബാങ്കിങ് ചെലവു ചുരുക്കുക, നിഷ്‌ക്രിയാസ്തി ഇല്ലാതാക്കുക, ആധുനികവല്‍ക്കരിക്കുക, ലോകത്തിന്റെ മുന്‍നിരയില്‍ എത്തിക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കപ്പുറം ചിലതുകൂടിയുണ്ട്. അതു പക്ഷേ, പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാകുന്നുമില്ല.  

വഴിയൊരുക്കാന്‍ തുടങ്ങിയ
ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ

പഴയ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായി അധ്യക്ഷനായി 2016 ഏപ്രില്‍ ഒന്നിനു നിലവില്‍ വന്ന ബാങ്ക്‌സ് ബോര്‍ഡ്് ബ്യൂറോ ആണ് ഇപ്പോഴത്തെ മാറ്റങ്ങളുടെ പ്രകടമായ ആദ്യ ലക്ഷണം. പൊതുമേഖലാ ബാങ്കുകളുടെ തലവന്മാരെ നിയമിക്കുന്നതിനുള്ള ഒരു സമിതി എന്നതിനപ്പുറത്തു വിപുലമായ അധികാരങ്ങളാണ് ഇതിനുള്ളത്. വിനോദ് റായിക്ക് കഴിഞ്ഞ വര്‍ഷം പത്മഭൂഷണ്‍ നല്‍കിയശേഷം പുതിയ പദവികൂടി നല്‍കിയതു വലിയ വിവാദമായിരുന്നു. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിരമിച്ചുകഴിഞ്ഞാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ പുതിയ പദവി വഹിക്കാന്‍ പാടില്ല എന്ന ചട്ടം മറികടന്നായിരുന്നു നിയമനം. താല്‍ക്കാലിക ജോലി എന്ന് എഴുതിച്ചേര്‍ത്തായിരുന്നു നടപടി. 
ഈ സമിതിക്ക് പൊതുമേഖലാ ബാങ്കുകളുടെ തലവന്മാരെ നിയമിക്കുന്നതിനപ്പുറത്ത് ചില ദൗത്യങ്ങളുണ്ടെന്ന് അതിന്റെ രൂപീകരണ സമയത്തു തന്നെ വ്യക്തമായിരുന്നു. ബാങ്ക് ബാലന്‍സ് ഷീറ്റുകള്‍ പരിശോധിക്കുകയും നിഷ്‌ക്രിയാസ്തികള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതിനു പുറമെ മേഖലയുടെ ഏകീകരണവും ലക്ഷ്യമാണ്. എന്നുപറഞ്ഞാല്‍ നിലവിലുള്ള പൊതുമേഖലാ ബാങ്കുകള്‍ ഒന്നിപ്പിക്കുക. ഇതിന്റെ ദൗത്യത്തിന്റെ ആദ്യപടിയാണ് ഇപ്പോള്‍ നടക്കുന്ന സ്‌റ്റേറ്റ് ബാങ്ക് ലയനം. ഇതിനു ശേഷം 27 പൊതുമേഖലാ ബാങ്കുകളെ ആറു ബാങ്കുകളാക്കുക എന്ന നിര്‍ദ്ദേശം വരെ സര്‍ക്കാരിനു മുന്നിലുണ്ട്. മൊത്തം ആസ്തിയില്‍ വലിയ വളര്‍ച്ച സംഭവിക്കുന്ന ഈ വലിയ ബാങ്കുകള്‍കൊണ്ട് ബാങ്കിങ് ചെലവു ചുരുക്കാമെന്നും നഷ്ടം നികത്താമെന്നുമാണ് അനുകൂലമായുള്ള വാദം. പുതിയ സാങ്കേതിക സംവിധാനത്തില്‍ വരുന്നതോടെ ബാങ്കുകള്‍ ആധുനികവല്‍ക്കരിക്കപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍, ഈ ബാങ്കുകള്‍ യോജിപ്പിക്കുന്നതിലൂടെ സംഭവിക്കുന്നതു മറ്റൊന്നു കൂടിയാണ്. എസ്.ബി.ടിയുടെ കാര്യം എടുക്കുക. നിലവില്‍ 1,177 ശാഖകള്‍ ആണ് ഉള്ളത്. ഇതില്‍ 800 എണ്ണവും കേരളത്തില്‍. പതിമൂവായിരത്തില്‍ അധികം വരുന്ന ജീവനക്കാരില്‍ 75 ശതമാനവും ഇവിടെത്തന്നെ. ബാങ്ക് ലയന സമയത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചതുതന്നെ ഒരേ സ്ഥലത്തുള്ള രണ്ടു ശാഖകള്‍ ഭാവിയില്‍ ഉണ്ടാകില്ല എന്നാണ്.  
നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടുക എന്നത് ഏതായാലും ഉണ്ടാകില്ല. പക്ഷേ, എസ്.ബി.ടിയും എസ്.ബി.ഐയും പിന്നെ ഇപ്പോള്‍ യോജിപ്പിക്കുന്ന ബാങ്കുകളും നല്‍കിയിരുന്ന ആയിരക്കണക്കിനു തൊഴില്‍ ഭാവിയില്‍ ഉണ്ടാകില്ല. വൈകാരികമാണു പ്രതികരണമെന്നും ജോലി പോകുന്നതു മാത്രമാണു തൊഴിലാളികളുടെ പ്രശ്‌നം എന്നുമുള്ള ആരോപണങ്ങളോട് എസ്.ബി.ടി. എംപ്‌ളോയീസ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. കൃഷ്ണ ലയനസമയത്ത് ഇങ്ങനെ പ്രതികരിച്ചു: 'വലിയ ബാങ്കുകളാണു നിലനില്പിന് ആവശ്യം എന്നു പറയുന്ന കേന്ദ്രസര്‍ക്കാര്‍ സ്വകാര്യമേഖലയില്‍ 21 ചെറുകിട ബാങ്കുകള്‍ക്കാണ് ഇപ്പോള്‍ അനുമതി നല്‍കിയത്. പുതിയതായി രണ്ടു സ്വകാര്യബാങ്കുകള്‍ക്കാണ് ലൈസന്‍സ് നല്‍കിയത്. ഇവിടെ സന്ദേശം കൃത്യമാണ്. പൊതുമേഖലയെ ദുര്‍ബലമാക്കി സ്വകാര്യമേഖലയെ പരിപോഷിപ്പിക്കുക. ശാഖകള്‍ പൂട്ടില്ല എന്ന് എന്ത് അര്‍ത്ഥത്തിലാണു വാദിക്കുന്നത്. ഓവര്‍ലാപ്പിങ്-ഒരുശാഖയുടെ പരിധിയില്‍ മറ്റൊന്നു പ്രവര്‍ത്തിക്കുന്ന രീതി-ഉണ്ടാകില്ലെന്ന് പുതിയ ഉത്തരവില്‍ പറയുന്നുണ്ട്. നിലവില്‍ ഒരേ സ്ഥലത്തു തന്നെ പല ശാഖകള്‍ തുറന്നിട്ടും എസ്.ബി.ടിക്കു തിരക്കു നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അതുപോലെ അഞ്ചുവര്‍ഷത്തേക്കു പുതിയ നിയമനം ഉണ്ടാകില്ല എന്നും പറയുന്നു. ഇതില്‍നിന്നെല്ലാം കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം പകല്‍പോലെ വ്യക്തമാണ്.'
 എസ്.ബി.ടിയുടേയും എസ്.ബി.ഐയുടേയും ഇടപാടുകാരുടെ അടിത്തറ എപ്പോഴും വ്യത്യസ്തമായിരുന്നു. അതുകൊണ്ടുകൂടിയാണ് ഇരു ബാങ്കുകള്‍ക്കും ഓരേ സ്ഥലത്തു വെവ്വേറെ ശാഖകള്‍ വന്നത്. ഈ ശാഖകളിലെ വേറിട്ട അക്കൗണ്ടുകളെല്ലാം സ്വാഭാവികമായും ഒന്നാകും. എങ്കിലും ഇവരെ മുഴുവന്‍ പുതിയ എസ്.ബി.ഐ ആണോ ഉള്‍ക്കൊള്ളാന്‍ പോകുന്നത് എന്നതാണു വലിയ ചോദ്യം. 

കേരളത്തില്‍ പണം
വിതച്ച ബാങ്ക്

എസ്.ബി.ടിയുടെ മൊത്തം ആസ്തി 2012-ല്‍ 3,866 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 6,021 കോടി രൂപ. നിക്ഷേപം ഇതേ കാലത്ത് 71,469 കോടി രൂപയില്‍നിന്ന് 1.01 ലക്ഷം കോടി രൂപയായി. കഴിഞ്ഞവര്‍ഷത്തെ ലാഭം 337 കോടി രൂപ. മുന്‍വര്‍ഷത്തേക്കാള്‍ രണ്ടു കോടി രൂപയുടെ മാത്രം വര്‍ദ്ധന. പലിശ വരുമാനം കൂടിയപ്പോഴും നിക്ഷേപത്തില്‍ കുറവുണ്ടായി. പലിശ നല്‍കുന്നതു മുന്‍വര്‍ഷങ്ങളേക്കാള്‍ കുറഞ്ഞു. അതുപക്ഷേ, ബാങ്കിങ് രംഗത്ത് ആഗോളമായുള്ള മാന്ദ്യത്തിന്റെ ഭാഗമായിരുന്നുവെന്ന് കെ.എസ്. കൃഷ്ണ പറയുന്നു. സ്വകാര്യ മേഖലയിലെ ഐ.സി.ഐ.സി.ഐ. ഉള്‍പ്പെടെയുള്ള ബാങ്കുകളിലെല്ലാം സമാനമായ സ്ഥിതിയാണ് ഉണ്ടായത്. ​

എസ്.ബി.ടി വിതരണം ചെയ്ത പണത്തില്‍ 90 ശതമാനവും കേരളത്തില്‍ ആയിരുന്നു. തൊഴിലാളികളില്‍ 90 ശതമാനവും മലയാളികളും ആയിരുന്നു. വായ്പയായും ശമ്പളമായും നല്‍കിയത് ഇവിടുത്തെ ആസ്തി നിര്‍മ്മാണത്തിനും വ്യവസായ വികസനത്തിനും കാര്‍ഷിക വളര്‍ച്ചയ്ക്കും ഉപയോഗിക്കപ്പെട്ട പണം. വിദ്യാഭ്യാസ വായ്പയായി ഏറ്റവും കൂടുതല്‍ പണം നല്‍കിയ ബാങ്കുകളില്‍ ഒന്നുമാണ് എസ്.ബി.ടി. ആ ഒരു സംവിധാനമാണ് ബാങ്ക് ലയനത്തോടെ സംശയത്തില്‍ ആകുന്നത്. 

ദേശീയ കാഴ്ചപ്പാടില്‍ നയിക്കപ്പെടുന്ന ഒരു ബാങ്കില്‍നിന്നു പ്രാദേശികമായ പിന്തുണ ജനങ്ങള്‍ക്ക് എത്രമാത്രം ലഭിക്കും എന്നാണു സംശയം. എസ്.ബി.ഐക്കു വളരാന്‍ ഇടപാടുകള്‍ തുടര്‍ന്നും വേണം എന്നതിനാല്‍ നിലവിലുള്ള ഇടപാടുകള്‍ക്കു തടസ്‌സമുണ്ടാകില്ല എന്നു ലയനത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.
ഇന്ത്യയിലെ ബാങ്കിങ് സംവിധാനത്തിലെ വായ്പയുടെ 70 ശതമാനവും കൈകാര്യം ചെയ്യുന്നതു ദേശസാല്‍കൃത ബാങ്കുകളാണ്. ഇവ തന്നെയാണ് 7.8 ലക്ഷം കോടി രൂപയുടെ കിട്ടാക്കടത്തില്‍ നല്ലൊരു പങ്കും പേറുന്നത്. ഈ കിട്ടാക്കടം വിജയ് മല്യയെപ്പോലുള്ളവരുടേതു മാത്രമല്ല. തുകയുടെ 70 ശതമാനം ഏതാനും ഡസന്‍ മാത്രം വരുന്ന കോര്‍പ്പറേറ്റുകളുടേതാണ് എന്നു കണക്കാക്കിയാലും ശേഷിക്കുന്ന 30 ശതമാനം ലക്ഷക്കണക്കിന് ആളുകളുടേതാണ്. കൃഷി നടത്താനും കുട്ടികളെ പഠിപ്പിക്കാനും വീടുവയ്ക്കാനും വായ്പ എടുത്തവരുടേത്. ഒരു ലക്ഷവും രണ്ടു ലക്ഷവും വീതം മാത്രം വരുന്ന വായ്പകള്‍. ഈ പണം ലഭിച്ചില്ലെങ്കില്‍ ജീവിതം തന്നെ വഴിമുട്ടിപ്പോകുന്നവര്‍. അവര്‍ക്ക് അത് അടയ്ക്കാന്‍ കഴിയാതെ പോയതിന്റെ കാരണങ്ങളും സാമൂഹികമായതാണ്. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും മുന്‍പാണ് ഇപ്പോഴത്തെ ബാങ്ക് സംയോജനങ്ങള്‍ നടക്കുന്നത്. അവിടെയാണ് ഭയപ്പാട് ആരംഭിക്കുന്നത്. 

എസ്.ബി.ഐ എന്തുകൊണ്ടു വലിയ ബാങ്കാകുന്നു എന്ന ചോദ്യത്തിനു സമീപകാലത്തുനിന്ന് ഒരുത്തരമുണ്ട്. അതു പ്രധാനമന്ത്രിയുടെ ഓസ്‌ട്രേലിയ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ്. അവിടെ ഗൗതം അദാനി ഒരു ലക്ഷം കോടി മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന കല്‍ക്കരി ഖനിക്ക് അനുമതി ലഭിക്കണമെങ്കില്‍ പണത്തിന്റെ ഉറവിടം കാണിക്കണം. അദാനി ഗ്രൂപ്പിന്റെ കണക്കു പരിശോധിച്ച വിദേശ ബാങ്കുകള്‍ ഒന്നും വായ്പയ്ക്കു  തയ്യാറായില്ല. പ്രധാനമന്ത്രി എസ്.ബി.ഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയെ ഓസ്‌ട്രേലിയയിലേക്കു വിളിച്ചുവരുത്തി.

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് അദാനി ഗ്രൂപ്പിനു വായ്പ നല്‍കുന്നതിനായി എസ്.ബി.ഐ ചെയര്‍പഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയെ വിളിച്ചു വരുത്തിയപ്പോഴുള്ള ചിത്രം 

​പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഒരു ബാങ്ക് മേധാവി സ്വകാര്യ വായ്പയ്ക്കായി വിദേശത്തു പോയ ആദ്യ സന്ദര്‍ഭം. എണ്ണായിരം കോടിയുടെ വായ്പയാണു വേണ്ടത്. അവിടെ വച്ചുതന്നെ ഒറ്റദിവസം കൊണ്ടു കരാര്‍ ഒപ്പിടുകയും അദാനി ഗ്രൂപ്പിനു കല്‍ക്കരി ഖനിയിലുള്ള അവകാശം ലഭിക്കുകയും ചെയ്തു. പിന്നീടായിരുന്നു പ്രശ്‌നം. എസ്.ബി.ഐയുടെ ഇപ്പോഴുള്ള ആസ്തി വച്ച് ഒരു സ്ഥാപനത്തിനു പരമാവധി നല്‍കാന്‍ കഴിയുന്നത് 6,000 കോടി രൂപ മാത്രമാണ്. കണ്‍സോര്‍ഷ്യം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ മറ്റു ബാങ്ക് ഡയറക്ടര്‍മാരുടെ എതിര്‍പ്പില്‍ തട്ടിപ്പോയി. ഇതോടെയാണു കൂടുതല്‍ വായ്പ നല്‍കുന്ന സംവിധാനമായി എസ്.ബി.ഐയെ മാറ്റുന്നതിനുള്ള ആലോചന തുടങ്ങിയത്. 12,000 കോടി രൂപ വരെ ഒരു വ്യക്തിക്കു  നല്‍കാവുന്ന നിലയിലേക്കു ലയനത്തോടെ എസ്.ബി.ഐ എത്തിച്ചേരും. നാട്ടിലെ പതിനായിരം കര്‍ഷകര്‍ക്കു വായ്പകൊടുക്കുന്നതിലും എളുപ്പത്തില്‍ ബിസിനസ് നടക്കുമെന്നതാണു നേട്ടം. വിദേശവായ്പകളും നല്‍കാന്‍ സാഹചര്യം ഒരുങ്ങും. 

തെലുങ്കാനയിലെ കര്‍ഷകര്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദില്‍ നിന്നെടുത്ത വായ്പയാണ് അരിയായി മാറി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് എത്തുന്നത്. അതുപോലെ കേരളത്തിലെ സാമൂഹിക മേഖലയില്‍ എസ്.ബി.ടി നല്‍കിയ സംഭാവനയാണ് അതിന്റെ ബാലന്‍സ് ഷീറ്റ്. നിരവധി പൊതുമേഖലാ ബാങ്കുകള്‍ എന്ന സംവിധാനം ഇങ്ങനെ പ്രാദേശികമായ ഇടപെടലുകള്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ടതാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അതേ ഇന്ദിരാഗാന്ധി ആരംഭിച്ചത്. 1969 ജൂലൈ 19-ന് 14 ബാങ്കുകളെ ദേശസാല്‍ക്കരിച്ചു തുടങ്ങിയ  പ്രക്രിയയില്‍നിന്നുള്ള മടക്കമാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണു യൂണിയന്‍ നേതാക്കളും ഇടതു സംഘടനകളും ആരോപിക്കുന്നത്. അന്നു രാജ്യത്തെ നിക്ഷേപത്തിന്റെ 85 ശതമാനവും കൈകാര്യം ചെയ്തിരുന്ന ബാങ്കുകളെയാണ് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ദേശസാല്‍ക്കരിച്ചത്. അതിനുശേഷമാണ് ഇന്ത്യയില്‍ യഥാര്‍ത്ഥത്തിലുള്ള വ്യവസായവല്‍ക്കരണവും കാര്‍ഷിക നവോത്ഥാനവും നടക്കുന്നത്. 
ഒഴിവു വരുന്ന ഇടങ്ങളിലേക്ക് വരാന്‍ പോകുന്നത് ആരൊക്കെയാണെന്നു പുതിയ വിദേശ നിക്ഷേപ ചട്ടങ്ങളില്‍നിന്നു വായിച്ചെടുക്കാം. ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളിലെ 100 ശതമാനം ഓഹരികളും വാങ്ങാന്‍ വിദേശ ബാങ്കുകള്‍ക്ക് അനുമതി നല്‍കി ഉത്തരവു വന്നുകഴിഞ്ഞു. കൂടാതെ വിദേശ ബാങ്കുകള്‍ക്ക് ഇന്ത്യയില്‍ ശാഖകള്‍ തുറക്കാനും അനുമതിയായി. 

നിലവില്‍ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ 74 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി ഇപ്പോവും 20 ശതമാനം മാത്രമാണ്. പക്ഷേ, ആ കുറവു നികത്തുന്നതാണ് പൊതുമേഖലാ ബാങ്കുകള്‍ തന്നെ കളമൊഴിഞ്ഞ് ഇടമൊരുക്കുന്ന നടപടി. ബാക്കിയെല്ലാം വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോയാണു തീരുമാനിക്കുക. ധനമന്ത്രിക്കും പ്രധാനമന്ത്രിക്കും നേരിട്ട് ഇടപെടാന്‍ കഴിയുന്ന സംവിധാനം. ഈ സംവിധാനങ്ങളൊക്കെ ലാഭകരമായി നടത്തിയാല്‍ മാത്രമേ ഇന്റര്‍നാഷനല്‍ ബാങ്ക് എന്ന പേര് ലഭിക്കൂ. അങ്ങനെയാണെങ്കില്‍ മാത്രമേ രാജ്യാന്തര വായ്പകള്‍ നല്‍കാന്‍ കഴിയൂ. നിങ്ങള്‍ക്കു തരുന്ന ഒരു എ.ടി.എം കാര്‍ഡിന് അതിന്റെ മുടക്കുമുതല്‍ ബാങ്ക് വാങ്ങുന്നത് എങ്ങനെ നീതിരഹിതമാകും? നിങ്ങള്‍ കയറുന്ന ഒരു എ.ടി.എം ബൂത്ത് നടത്തിക്കൊണ്ടുപോകുന്നതിനു നിങ്ങളില്‍ നിന്നു പണം വാങ്ങുന്നത് എങ്ങിനെ കഴുത്തറുപ്പാകും? നിങ്ങള്‍ക്കു കാശെടുത്തു തരുന്ന കാഷ്യര്‍ക്ക് ശമ്പളം കൊടുക്കാന്‍ നിങ്ങളില്‍ നിന്ന് പണം വാങ്ങുന്നത് എങ്ങനെ കൊള്ളയാകും? ഈ ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് രാജ്യാന്തര ബാങ്കിങ് മാനദണ്ഡങ്ങള്‍ അനുസരിച്ചു പ്രതിഷേധിക്കാന്‍ പാടില്ല. എന്തെങ്കിലും ഉത്തരം കയ്യിലുള്ളവര്‍ക്ക് പരമാവധി ട്വീറ്റ് ചെയ്യാം, പോസ്റ്റ് ചെയ്യാം, ഷെയര്‍ ചെയ്യാം. എന്നിട്ട് എ.ടി.എം ഉപയോഗിക്കുന്നതിനു പണവും നല്‍കാം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com