പാകിസ്ഥാന് തിരിച്ചടി; കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്‌റ്റേ ചെയ്തു

കേസില്‍ അന്തിമ തീരുമാനത്തില്‍ എത്തുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്ന് രാജ്യാന്തര കോടതിയുടെ പതിനൊന്നംഗ ബെഞ്ച് പാകിസ്ഥാനോടു നിര്‍ദേശിച്ചു
പാകിസ്ഥാന് തിരിച്ചടി; കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്‌റ്റേ ചെയ്തു

ഹേഗ്: ചാരന്‍ എന്ന് ആരോപിച്ച് പാക് കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ ശിക്ഷ നടപ്പാക്കുന്നത് രാജ്യാന്തര നീതിന്യായ കോടതി സ്‌റ്റേ ചെയ്തു. കേസില്‍ അന്തിമ തീരുമാനത്തില്‍ എത്തുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്ന് രാജ്യാന്തര കോടതിയുടെ പതിനൊന്നംഗ ബെഞ്ച് പാകിസ്ഥാനോടു നിര്‍ദേശിച്ചു. നയതന്ത്ര തലത്തില്‍ പാകിസ്ഥാന് വന്‍ തിരിച്ചടിയാണ് രാജ്യാന്തര കോടതിയുടെ വിധി.

കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യയാണ് രാജ്യാന്തര കോടതിയെ സമീപിച്ചത്. വിയന്ന കരാറിന്റെയും രാജ്യാന്തര നിയമങ്ങളുടെയും ലംഘനമാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നായിരുന്നു ഇന്ത്യയുടെ വാദം. ചാരവൃത്തി കേസില്‍ ശിക്ഷ വിധിച്ച സംഭവത്തില്‍ ഇടപെടാന്‍ രാജ്യാന്തര കോടതിക്ക് ഇടപെടാന്‍ അധികാരമില്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം.

രാജ്യാന്തര കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന പാക് വാദം നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് റോണി എബ്രഹാം വിധിയില്‍ വ്യക്തമാക്കി. കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യന്‍ പൗരനാണെന്ന കാര്യത്തില്‍ ഇന്ത്യയും പാകിസ്ഥാനും സമ്മതിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ജാദവിനെ ബന്ധപ്പെടാന്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥരെ അനുവദിക്കേണ്ടതായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. 

വിയന്ന കരാര്‍ പ്രകാരം ഇന്ത്യ ഉയര്‍ത്തിയ വാദമുഖങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കോടതി വിയിരുത്തി. അന്തിമ വിധി വരുംവരെ ശിക്ഷ നടപ്പാക്കുന്നില്ലെന്ന് പാകിസ്ഥാന്‍ ഉറപ്പുവരുത്തണം. ഇതിനു സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

രാജ്യാന്തര രംഗത്ത് മികച്ച നയതന്ത്ര വിജയമായാണ് ഇന്ത്യ കോടതി വിധിയെ വിലയിരുത്തിയത്. കുല്‍ഭൂഷണിന്റെ അറസ്‌റ്റോടെ ഇന്ത്യപാക് ബന്ധം വഷളായിരുന്നു. പാക് പൗരന്‍മാര്‍ക്ക് മെഡിക്കല്‍ വിസ പോലും നല്‍കേണ്ടതില്ല തുടങ്ങിയ കടുത്ത തീരുമാനങ്ങള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. 

കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് ജാദവിനെ ഇന്ത്യന്‍ ചാരന്‍ എന്നാരോപിച്ച പാകിസ്താന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇന്ത്യന്‍ നാവികസേനാ ഓഫീസറായിരുന്നു ജാദവ്. 2016 മാര്‍ച്ച് 3നാണ് കുല്‍ഭൂഷണ്‍ ജാദവിനെ പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com